എം.ലീലാവതി

‘98-ാം വയസിൽ നാലുമാസം കൊണ്ട് എഴുതിയ പുസ്തകം’ -പ്രഫ. എം. ലീലാവതിയുടെ 'ഭാരതാലോകത്തിന്' പിന്നിലെ കഥ

98-ാം വയസ്സിലും സജീവമായി എഴുത്തിൽ തുടരുകയാണ് ഡോ. എം. ലീലാവതി. ടീച്ചറുടെ പുതിയ പുസ്തകമായ ‘ഭാരതാലോക’ത്തെ കുറിച്ച് എഴുത്തുകാരനായ സുധീർ എൻ.ഇ. എഴുതിയ കുറിപ്പാണ് ഇപ്പോൾ സാഹിത്യലോകത്ത് ശ്രദ്ധ നേടുന്നത്. ഒരു സൗഹൃദസംഭാഷണത്തിനിടയിൽ ഉയർന്ന നിർദേശത്തെ തുടർന്ന് കേവലം നാലുമാസം കൊണ്ട് ടീച്ചർ എഴുതിത്തീർത്ത പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി സതീശൻ നാളെ രാവിലെ പ്രകാശനം നിർവഹിക്കും. ഈ പ്രായത്തിലും വയോധികയായ എഴുത്തുകാരിയുടെ അക്ഷരവീര്യത്തെയും പുസ്തകം രൂപപ്പെട്ടതിന് പിന്നിലെ വിസ്മയിപ്പിക്കുന്ന വിവരങ്ങളും വിവരിച്ചാണ് സുധീർ എൻ.ഇ. പോസ്റ്റിട്ടത്.

കുറിപ്പിന്‍റെ പൂർണരൂപം

ലീലാവതി ടീച്ചറുടെ വീട്ടിലെ പതിവു സന്ദർശകനാണ് ഞാൻ. ജീവിതം തുറന്നിട്ട ഒരു സൗഭാഗ്യം. ചെല്ലുമ്പോഴൊക്കെ ടീച്ചർ എന്തെങ്കിലും എഴുതിക്കൊണ്ടിരിക്കുകയാവും. മിക്കപ്പോഴും അത് അവതാരികകൾ ആയിരിക്കും. ആരെല്ലാമോ വന്ന് അവരുടെ രചനകൾ ടീച്ചറെ ഏല്പിക്കും. ആരോടും മറുത്തു പറയുവാൻ ടീച്ചർക്കാവില്ല. അതിനാൽ നോക്കട്ടെ എന്നും പറഞ്ഞ് ഓരോന്നും വാങ്ങി വെക്കും. പിന്നെയത് വായിച്ച് അവതാരിക എഴുതിവെക്കും. ആരേയും നിരാശപ്പെടുത്തുകയില്ല. ഇതിൽ മിക്കവയും നല്ല രചനകളൊന്നുമാവില്ല. ആഗ്രഹം കൊണ്ട് ടീച്ചറെത്തേടി വരുന്നവരാണ്. ടീച്ചറാകട്ടെ എല്ലാറ്റിലും എന്തെങ്കിലും നന്മകണ്ടെത്തി നല്ലതുമാത്രം പറയും. “അങ്ങനെയൊരു ദുഷ്കീർത്തി എനിക്കു പണ്ടേയുണ്ടല്ലോ “ എന്ന് ടീച്ചർ ചിരിച്ചു കൊണ്ട് സമ്മതിക്കും. ടീച്ചറുടെ സമയം ഇങ്ങനെ കള്ളയേണ്ടതല്ല എന്ന് ഞാൻ കാണുമ്പോഴൊക്കെ പറയും. മറ്റെന്ത് ചെയ്യാൻ? എനിക്ക് മരണം വരെ എഴുതിയും വായിച്ചും കഴിയണമെന്നാണ് ആഗ്രഹം എന്നാണ് ടീച്ചറുടെ പതിവ് മറുപടി.

കഴിഞ്ഞ നവംബറിലോ മറ്റോ ആണ്. സംസാരിച്ചിരിക്കുന്നതിനിടയിൽ മഹാഭാരതം ഞങ്ങളുടെ സംഭാഷണത്തിൽ കടന്നു വന്നു. കുട്ടികൃഷ്ണമാരാരുടെ ഭാരത വായനയെ ടീച്ചർ നിശിതമായി വിമർശിച്ചു. മഹാഭാരതത്തെക്കുറിച്ച് ടീച്ചർക്കൊരു പഠനം തയാറാക്കിക്കൂടേ എന്ന് ഞാനന്ന് ചോദിച്ചു. ഈ പ്രായത്തിൽ ഇനി അതിനൊന്നും വയ്യ എന്നായിരുന്നു മറുപടി.

ഏകേദേശം ഒരു മാസം കഴിഞ്ഞു കാണും. ഒരു ദിവസം ഞാൻ ചെന്നപ്പോൾ ടീച്ചർ ഒരു കെട്ട് പേപ്പറുകൾ എടുത്ത് എന്റെ നേരേ നീട്ടി. വായിച്ചു നോക്ക്, ഇഷ്ടായാൽ എഴുത്ത് തുടരാം എന്ന് പറഞ്ഞു. ഞാൻ നോക്കുമ്പോൾ വരയിട്ട പേപ്പറിൽ മനോഹരമായ ആ കയ്യക്ഷരത്തിൽ ടീച്ചർ മഹാഭാരതത്തെക്കുറിച്ച് എഴുതിയിരിക്കുന്നു! ഏകദേശം നൂറോളം പേജുകൾ എഴുതിയിട്ടുണ്ട്. എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. മുമ്പ് കോവിഡ് കാലത്തും എന്നെയിങ്ങനെ വിസ്മയിപ്പിച്ചിട്ടുണ്ട്, ടീച്ചർ. വേണ്ടപ്പെട്ട ചിലരുടെ മരണത്തിൽ ദു:ഖിതയായി, എനിക്കും മരിച്ചാൽ മതി എന്ന് വിഷാദത്തിൽ പറഞ്ഞ ഒരു ദിവസം ടീച്ചറോട് ഞാൻ ഗീതക്ക് വ്യാഖ്യാനം എഴുതിത്തരാൻ ആവശ്യപ്പെട്ടു. അഞ്ചു മാസം കൊണ്ട് ടീച്ചർ അതെഴുതി എന്നെയേല്പിച്ചു. അത് പുസ്തകമായി അന്ന് പ്രസിദ്ധീകരിച്ചു.

ഇപ്പഴിതാ വർഷങ്ങൾക്കു ശേഷം സമാനമായ വിസ്മയിപ്പിക്കൽ. ഇപ്പോൾ പ്രായം 98 ആണ്. ഞാനന്തം വിട്ട് ആ പേജുകൾ ഓടിച്ചു വായിച്ചു. ഇതെത്രയും വേഗം എഴുതി പൂർത്തിയാക്കണമെന്ന് പറഞ്ഞു. മൂന്നു മാസം കൂടി എടുത്തുകാണും. പുസ്തകം മുഴുവൻ എഴുതി എന്നെയേല്പിച്ചു. മാസങ്ങൾക്കിപ്പുറം പ്രൂഫും വായിച്ച് തിരുത്തി തന്നു. അങ്ങനെയാണ് ‘ഭാരതാലോകം’ എന്ന പുസ്തകം ഉണ്ടായത്. മഹാഭാരതം യുദ്ധത്തിനെതിരായ സന്ദേശം തരുന്ന പുസ്തകമാണ് എന്നാണ് ടീച്ചർ ഈ പഠനത്തിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. മാരാർ ഉൾപ്പടെയുള്ള ഭാരതപഠിതാക്കളോടുള്ള ടീച്ചറുടെ വിമർശനവും ഇതിലുണ്ട്.

തൊണ്ണൂറ്റിയെട്ടാം വയസ്സിൽ നാലുമാസം കൊണ്ട് ടീച്ചർ എഴുതിയ ആ പുസ്തകം നാളെ രാവിലെ കേരളത്തിന്റെ മുഖ്യമന്ത്രി പ്രകാശനം ചെയ്യുകയാണ്. ടീച്ചറുടെ വീട്ടിലെ ചെറിയ ചടങ്ങിൽ. ഇങ്ങനെയൊരാവശ്യം മുന്നോട്ടുവെച്ചപ്പോൾ, അത് തനിക്കൊരു അഭിമാനമാണ്, എങ്ങനെയും സമയം കണ്ടെത്തി ഞാൻ വരും എന്നാണ് ശ്രീ. വി.ഡി. സതീശൻ പറഞ്ഞത്. കലുഷിതമായ കാലത്തും ചില നല്ല അനുഭവങ്ങൾ. മനസ്സ് നിറയുന്നു.

Tags:    
News Summary - Story Behind Dr. M. Leelavathi’s Bharathalokam book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.