ഷാജു ടി
ആൾക്കൂട്ടത്തിലെ ഒരാൾ മാത്രമായി മാറാൻ ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരാൾ. ജനക്കൂട്ടത്തിന് വേണ്ടിയോ അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വേണ്ടിയോ അല്ല ഈ ചിത്രകാരൻ കാൻവാസുകളെ സമീപിക്കാറ്. ചിത്രകാരൻ ഷാജു.ടി വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ്. സർഗാത്മക ചിന്തകളാൽ സമ്പന്നമായ ഈ സഹൃദയ മനസ്സിൽ നിന്നും പിറവിയെടുക്കുന്ന സൃഷ്ടികളോരോന്നും ആസ്വാദകന്റെ ദൃശ്യബോധത്തെ നവീകരിക്കുക എന്ന ദൗത്യം കൂടി ഏറ്റെടുക്കുകയാണ്. ചിത്രകാരന്മാരുടെ സമൂഹത്തോടുള്ള കടമയും മറ്റൊന്നല്ല. ഈ കലാകാരന്റെ കാൻവാസുകളെ സസൂക്ഷ്മം വിലയിരുത്തുന്ന ഏതൊരാൾക്കും ബോധ്യപ്പെടുന്ന കാര്യം, അത് കാലാനുസൃതം സ്വയം പരിവർത്തനങ്ങൾക്ക് വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ്.
40 വർഷത്തെ കലായാത്ര
കഴിഞ്ഞ 40 വർഷത്തെ കലായാത്രയിൽ രൂപപ്പെട്ട ഈ നിറച്ചാർത്തുകൾക്ക് ഘടനാപരമായും പ്രമേയ പരമായും വന്നിട്ടുള്ള മാറ്റങ്ങൾ ഇന്ത്യൻ ചിത്രകലാ ചരിത്രത്തിന്റെ മാറ്റത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്. കേവലം പ്രകൃതിദൃശ്യങ്ങളോ മുന്നിൽ കാണുന്ന യാഥാർഥ്യത്തെ അതേപടി പകർത്തി എഴുതുന്ന പകർപ്പെടുപ്പുകാരനോ അല്ല ചിത്രകാരൻ ഇവിടെ. കാമറക്കണ്ണുകളിലൂടെയല്ല ചിത്രകാരൻ പ്രകൃതിയെ നോക്കിക്കാണുന്നത്. ‘യഥാർഥ’ കലാസൃഷ്ടികൾ വിരിയുന്ന ജീവിതത്തിലൂടെയാണ്. ഇരുണ്ട നിറമാർന്ന വർണങ്ങൾകൊണ്ട് ഈ ചിത്രകാരൻ ഒരുക്കിയ ചിത്രങ്ങൾക്കൊന്നിനും ശീർഷകങ്ങളില്ല. സൃഷ്ടിയെ ഏതുരീതിയിൽ വേണമെങ്കിലും വിലയിരുത്താനുള്ള അവകാശവും സ്വാതന്ത്ര്യവും ആസ്വാദകർക്ക് വിട്ടുകൊടുക്കുകയാണ് ഇവിടെ. സർറിയലിസത്തിന്റെയും ഇംപ്രഷനിസത്തിന്റെയും അംശങ്ങൾ ചില ചിത്രങ്ങളിൽ കാണാമെങ്കിലും അനുകരണത്തിന്റെയോ വിധേയപ്പെടലിന്റെയോ അവസ്ഥയിലേക്ക് അവയൊന്നും മാറുന്നില്ല.
വീണ്ടും ആ ഗാലറിയിൽ
1997ലായിരുന്നു ഷാജുവിന്റെ ആദ്യ സോളോ ചിത്രപ്രദർശനം കോഴിക്കോട് ആർട്ട് ഗാലറിയിൽ. തീക്ഷ്ണവർണങ്ങളുടെ പൊലിമയിൽ അസ്തിത്വത്തിന്റെ പൊരുൾ തേടിയെത്തിയ ഈ പ്രദർശനത്തിനുശേഷം അതേ ഗാലറിയിലെത്തിയപ്പോൾ പറഞ്ഞുതീർക്കാൻ പറ്റാത്ത അനുഭൂതിയായിരുന്നെന്ന് ഷാജു പറയുന്നു.
രവിവർമ ചിത്രങ്ങൾ
‘‘ചിത്രകല പഠനവിധേയമാക്കുന്ന ഒരാൾക്ക് ആദ്യ പ്രചോദന ഘടകം ഇന്നും രവിവർമ ചിത്രങ്ങൾ തന്നെയാണ്. ആ കാലഘട്ടത്തിൽ ഫോട്ടോഗ്രഫിയൊന്നും വികസിച്ചിരുന്നില്ല. ഇന്ന് കാണുന്ന സാങ്കേതിക വിദ്യയുടെ നൂറിലൊരംശം പോലും അന്നുണ്ടായിരുന്നില്ല. അക്കാലത്തെ മഹാനായ ചിത്രകാരൻ തന്നെയായിരുന്നു രവിവർമ. പക്ഷേ, ഇന്നിപ്പോൾ അതേ രീതിയിൽ ചിത്രം വരക്കേണ്ടതിന്റെ ആവശ്യകതയില്ല. പാരമ്പര്യത്തിന്റെ പഴകി ദ്രവിച്ച ശൈലികളെ ആധുനികതയുടെ ശൈലീവികാസങ്ങളുമായി പൊരുത്തപ്പെടുത്തി സർഗപ്രതിഭയുടെ മുദ്രപതിപ്പിച്ചു പുനഃസൃഷ്ടിക്കുകയാണ് ആധുനിക ചിത്രകാരന്മാർ’’-ഷാജു പറയുന്നു.
ശീർഷകങ്ങളില്ലാത്ത സൃഷ്ടികൾ
‘കഴിഞ്ഞ 40ലേറെ വർഷങ്ങളായി ചിത്രം വരക്കുകയും പ്രദർശനങ്ങൾ നടത്തുകയും ചെയ്യുന്നു. അതൊക്കെ ‘Untitled’ എന്ന പേരിലാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ശീർഷകങ്ങൾ ആസ്വാദകന്റെ ദൃശ്യബോധത്തെ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. വരച്ചിരിക്കുന്നതിനെക്കുറിച്ച് ചിത്രകാരൻ വിവരിക്കേണ്ട കാര്യമില്ല. ചിത്രകാരന്റെ ഭാഷ തന്നെ അതല്ല. അത് കാഴ്ചക്കുള്ളതാണ്.
സൃഷ്ടിക്കുക എന്ന പരമ്പരാഗതമായ കലാധർമ സങ്കൽപം പ്രസക്തമല്ലാതായിത്തീർന്ന ഘട്ടത്തിലാണ് ചിത്രകലയിലെ പുതിയ പ്രവണതകൾ പല പേരുകളിലും അറിയപ്പെടാൻ തുടങ്ങിയത്. അത് കലയിലെ സൈദ്ധാന്തികമായ ഒരു വീക്ഷണവിശേഷമാണ്. ചിത്ര-ശിൽപ കലയിലെ ഈ വ്യതിയാനം ആദ്യമായി പ്രകടമാകുന്നത് പാശ്ചാത്യ കലയിലാണ്.’
പ്രദർശനങ്ങൾ
എണ്ണമറ്റ പ്രദർശനങ്ങൾ ഇന്ത്യൻ മഹാനഗരങ്ങളിലും വിദേശത്തുമായി നടത്തിയിട്ടുണ്ട് ഷാജു. മുംബൈ ജഹാംഗീർ ആർട്ട് ഗാലറിയിൽ നടത്തിയ എം. മുകുന്ദന്റെ ‘ആദിത്യനും രാധയും മറ്റു ചിലരും’ എന്ന നോവലിന് നൽകിയ ദൃശ്യാവിഷ്കാരം ഏറെ ശ്രദ്ധേയമായി. കഴിഞ്ഞവർഷം അബൂദബിയിൽ ഒരുക്കിയ പ്രദർശനവും വ്യത്യസ്തമായിരുന്നു. അത് പ്രത്യേക രീതിയിൽ ചിത്രപ്രതലത്തെ രൂപപ്പെടുത്തിയെടുത്തശേഷം ചെയ്ത വർക്കുകൾ ആയിരുന്നു. ആ സമയം യു.എ.ഇയിൽ ഒരു കമ്പനിയിൽ ആർട്ട് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു.
അവിടെ ലഭിക്കുന്ന ഇമിറ്റേറ്റിങ് ഗോൾഡ് എന്നറിയപ്പെടുന്ന പേപ്പർ കാൻവാസിൽ പതിപ്പിച്ചെടുത്ത് വാർണിഷിന്റെ ഒരു സംരക്ഷണ കവചം ഒരുക്കിയ ശേഷം രൂപങ്ങളെ സ്കെച്ച് ചെയ്ത് പൂർത്തിയാക്കുന്ന രീതിയായിരുന്നു അത്. ഗാലറിയിലെ സ്പോട്ട് ലൈറ്റ് ഈ പ്രതലത്തിൽ തട്ടി പ്രതിഫലിച്ചുണ്ടാകുന്നതായിരുന്നു ഈ സ്വർണവർണത്തിളക്കം. ന്യൂഡൽഹിയിലെ റഷ്യൻ കൾചർ സെന്റർ, യുക്രെയ്ൻ എംബസി, നെതർലൻഡ്സ്, ഡെന്മാർക്ക്, സ്വീഡൻ എന്നീ രാജ്യങ്ങളിലെ കലാസ്വാദകരുടെ സ്വീകര മുറികളിലെ ചുവരുകളിലും ഈ ചിത്രകാരന്റെ പെയിന്റിങ്ങുകളുണ്ട്. കൊല്ലം ജില്ലയിൽ നിലമേലിനടുത്ത് ചാറയത്താണ് ഷാജു ടി.യുടെ ജനനം. ഇപ്പോൾ തന്റെ കലാപ്രവർത്തനങ്ങളുമായി വർക്കലക്കടുത്ത് ചാവർകോട് ആണ് താമസം. ഗോവയിലെ സുനപരന്ദ ആർട്ട് ഗാലറിയിൽ പ്രദർശനം ഒരുക്കാനുള്ള തിരക്കിലാണ് ഇപ്പോൾ ഷാജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.