നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരുവനന്തപുരം ഒരുങ്ങുന്നു; നിയമസഭാ ഹാളും നിയമസഭാ മ്യൂസിയവും സന്ദര്‍ശിക്കാം

തിരുവനന്തപുരം: രാജ്യാന്തരശ്രദ്ധയാകര്‍ഷിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് ഒരുങ്ങുന്നു. 2026 ജനുവരി‍ 7 മുതല്‍ 13 വരെ നിയമസഭാ വളപ്പില്‍ നടക്കുന്ന പുസ്തകോത്സവത്തില്‍ പ്രവേശനം സൗജന്യമാണ്. ഈ ദിവസങ്ങളില്‍ കേരള നിയമസഭാ ഹാളും നിയമസഭാ മ്യൂസിയവും സന്ദര്‍ശിക്കാനും അവസരമുണ്ടായിരിക്കും. ഇരുന്നൂറിലധികം പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകോത്സവത്തില്‍, 250ലേറെ സ്റ്റാളുകളാണ് ഇത്തവണയും നിയമസഭാവളപ്പില്‍ തയ്യാറാകുന്നത്.

തസ്ലിമ നസ്രിന്‍, റാണ അയൂബ്, ചൂളാനന്ദ സമരനായകെ, പ്രഫുല്‍ ഷിലേദാര്‍, സൈറ ഷാ ഹലീം, ബാനു മുഷ്താഖ് തുടങ്ങി ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയരായ നിരവധി എഴുത്തുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും ഒപ്പം, മലയാളത്തിന്റെ പ്രിയപ്പെട്ട ധാരാളം എഴുത്തുകാരും പുസ്തകോത്സവത്തില്‍ പങ്കെടുക്കും. പുസ്തകപ്രകാശനങ്ങള്‍, പുസ്തകചര്‍ച്ചകള്‍, സംവാദങ്ങള്‍, എഴുത്തുകാരുമായുള്ള അഭിമുഖസംഭാഷണങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിങ്ങനെ ആറ് വേദികളിലായി, നിരവധി പരിപാടികള്‍ പുസ്തകോത്സവത്തെ സമ്പന്നമാക്കും. സ്റ്റുഡന്റ്സ് കോര്‍ണറില്‍ നിരവധി പ്രമുഖര്‍ കുട്ടികളുമായി സംവദിക്കും.

പ്രസാധകര്‍ സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനങ്ങളും ചര്‍ച്ചകളും നിയമസഭയിലെ മൂന്ന് വേദികളിലായി നടക്കും. നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന മാതൃകാ നിയമസഭ എന്ന പരിപാടി മാത്രം സെക്രട്ടേറിയറ്റ് മന്ദിരത്തിലെ പഴയ നിയമസഭാ ഹാളില്‍ നടക്കും.

ജനുവരി 8 മുതല്‍ 12 വരെയുള്ള തീയതികളിലായി വടക്കന്‍ കേരളത്തിന്റെ തനതുകലാരൂപമായ തെയ്യം അവതരിപ്പിക്കപ്പെടുമെന്നത് ഇത്തവണത്തെ പുസ്തകോത്സവത്തെ സവിശേഷ അനുഭവമാകും. പുസ്തകോത്സവരാവുകളെ വര്‍ണ്ണാഭമാക്കുന്ന മെഗാഷോകള്‍, കേരളത്തിന്റെ രുചിവൈവിധ്യമറിയാന്‍ ഭക്ഷ്യമേള, ഇഷ്ടപ്പെട്ട എഴുത്തുകാരുടെ കൈയ്യൊപ്പ് വാങ്ങാന്‍ അവസരം തുടങ്ങിയവ പുസ്തകോത്സവത്തെ തലസ്ഥാനനഗരിയുടെ ആഘോഷമാക്കി മാറ്റുന്നു. അറിവിന്റെ ജനാധിപത്യം ആഘോഷിക്കുന്ന ഏഴ് ദിനരാത്രങ്ങള്‍ക്കായി കേരള നിയമസഭ ഒരുങ്ങുകയാണ്.

Tags:    
News Summary - Thiruvananthapuram is gearing up for the Assembly International Book Festival; you can visit the Assembly Hall and the Assembly Museum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.