നെറ്റിപ്പട്ടം ചാർത്തിയ ആനച്ചന്തമായി ലോകത്തെ സാംസ്കാരിക ഭൂപടത്തിൽ മലയാളത്തിന്റെ വിസ്മയമായി തലയുയർത്തി നിൽക്കുന്ന തൃശൂർപൂരം. കലക്കലും കലക്കിയതിൽനിന്ന് മുതലെടുക്കുകയും ചെയ്ത രാഷ്ട്രീയ വിവാദങ്ങളുടെ കലർപ്പ് മാറ്റിവെച്ചാൽ വർണമായിക താളവിസ്മയങ്ങളുടെ ഉത്സവഛായ തൃശൂരിന്റെ പൂരക്കാഴ്ച എന്നും പകർന്നുതന്നിട്ടുണ്ട്.
പൂരമെന്ന് കേൾക്കുമ്പോൾ ഇലഞ്ഞിത്തറമേളക്കൊഴുപ്പിൽ നിറഞ്ഞ അന്തരീക്ഷവും മിഴിവുള്ള കാഴ്ചകളുടെ ആലവട്ടവും വെഞ്ചാമരവും ആനപ്പുറത്തെ കുടമാറ്റവും വെടിക്കെട്ടുമെല്ലാം മലയാളി മനസ്സിൽ ആഘോഷത്തിരയിളക്കും. മലയാളിയുടെ ഉത്സവഭാവുകത്വങ്ങളെ നിറംപിടിപ്പിക്കുന്നതും ഒരുപക്ഷേ ഈ ദൃശ്യ-ശ്രാവ്യ പൂരംതന്നെയാവും.
തൃശൂർ പൂരത്തെ കുറിച്ച് കണ്ടും വായിച്ചും ആസ്വദിച്ച നമ്മളിൽ എത്രപേർ അതിനുപിന്നിൽ അധ്വാനിക്കുന്നവരെ കുറിച്ച് ആലോചിച്ചിരിക്കും? ഇവിടെയാണ് മാധ്യമപ്രവർത്തകനും എഴുത്തുകാരകനുമായ ഒരാൾ തന്റെ അന്വേഷണോത്സുകതയും സർഗസവിശേഷതയും സമന്വയിപ്പിച്ച് മികവുറ്റ ഒരു കലാസൃഷ്ടി നിർമിച്ചിരിക്കുന്നത്.
പുറത്തെ ആഘോഷക്കാഴ്ചകളുടെ വെള്ളിവെളിച്ചത്തിൽ നിഷ്പ്രഭമാവുന്ന, യഥാർഥത്തിൽ ആ ആഘോഷത്തിന് ഊടും പാവും മനസ്സും കരുതലും കാവലും നൽകി കൂട്ടിരിക്കുന്ന സന്നദ്ധരായ നിരവധി മനുഷ്യരെ, സംവിധാനങ്ങളെ, അവരുടെ സമർപ്പണ ജീവിതത്തെ ഒപ്പിയെടുക്കുകയാണ് സക്കീർ ഹുസൈൻ തന്റെ ‘ദ ഹ്യൂമൺ കാർണിവൽ’ (ആൾ പൂരം) ഡോക്യുമെന്ററിയിലൂടെ.
ആക്ഷനും കട്ടുമില്ലാതെ, റീടേക്കുകളില്ലാതെ തത്സമയ സംഭവങ്ങളുടെ നേർക്കുനേരെയുള്ള ചിത്രീകരണ വൈഭവം ഈ ഡോക്യുമെന്ററിയിൽ ഉടനീളം കാണാം. മാസങ്ങൾക്കുമുന്നെയുള്ള പൂരത്തിനായുള്ള ഒരുക്കങ്ങളുടെയും സജീകരണങ്ങളുടെയും തുടക്കം മുതൽ അവസാന പകൽപൂരത്തിന്റെ കൊടിയിറക്കം വരെ വിവിധ ക്രമവഴികളിലൂടെ ഓടിനടന്ന് സാഹസികമായി ചിത്രീകരിച്ച് സന്നിവേശിപ്പിച്ച െഫ്രയിമുകൾ കാഴ്ചവിരുന്നൊരുക്കുന്നു. പൂരത്തിന്റെ ഓരോ ഘടകവും സൂക്ഷ്മമായി അവതരിപ്പിച്ച് പ്രേക്ഷകനെ ഉത്സുകത്തോടെ പിടിച്ചിരുത്തുന്ന മാന്ത്രികത ഈ ഡോക്യുമെന്ററി ചിത്രത്തിലുണ്ട്.
കവുങ്ങ് മുറിക്കുന്നവർ, അവ ചെത്തി ഉഴിയുന്ന ആശാരിമാർ, വെടിക്കെട്ട് സാമഗ്രികൾ തയാറാക്കുന്ന തൊഴിലാളികൾ, പൊലീസ്, ഫയർഫോഴ്സ്, ഡോക്ടർമാർ, പൂരക്കഞ്ഞി തയാറാക്കുന്നവർ, വിളമ്പുകാർ, തീവെട്ടി തയാറാക്കുന്നവർ, കുടുംബശ്രീക്കാർ, വിദ്യാർഥികൾ, കൈനോട്ടക്കാർ, ഓരോ പൂരവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാടോടികൾ, പ്രത്യേകിച്ച് പൂരത്തിന്റെ മുന്നോടിയായും പകൽപൂരം കഴിഞ്ഞ് മണിക്കൂറുകൾക്കകവും പൂരപ്പറമ്പ് വൃത്തിയാക്കുന്ന കുടുംബശ്രീക്കാർ തുടങ്ങി പൂരവുമായി ബന്ധപ്പെട്ട സർവമനുഷ്യരും ഹ്യൂമൺ കാർണിവലിലുണ്ട്. ശരാശരി പൂരപ്രേമികൾ കണ്ടിട്ടില്ലാത്ത അപൂർവദൃശ്യങ്ങളാണ് ഹ്യൂമൺ കാർണിവലിനെ ശ്രദ്ധേയമാക്കുന്നത്.
തൃശൂരിൽ നടന്ന ഇന്റർനാഷനൽ ഫോക്ലോർ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ജപ്പാൻ, ഇറാൻ അടക്കം ആറ് വിദേശ സംവിധായകർക്കൊപ്പമായിരുന്നു മത്സരം. രാജ്യാന്തരമേളകളിൽ പങ്കെടുക്കുന്നതിനായി അവരുടെ നിബന്ധനകൾക്ക് വിധേയമായി ഇംഗ്ലീഷിലാണ് ഇപ്പോൾ നരേഷനും സബ്ടൈറ്റിലും ഉള്ളത്.
പത്രപ്രവർത്തകൻ എന്ന നിലയിൽ സക്കീർ ഹുസൈന്റെ 25 വർഷത്തെ നിരീക്ഷണമുണ്ട് ഈ ഡോക്യുമെന്ററിക്കുപിന്നിൽ. തൃശൂർ കോർപറേഷന്റെ സഹകരണത്തോടെയാണ് ചിത്രീകരണം ആരംഭിച്ചത്. പൂരദിവസം നാല് കാമറ യൂനിറ്റുകളാണ് ചിത്രീകരണത്തിന് ഉപയോഗിച്ചത്. തൃശൂർ ചലച്ചിത്ര അക്കാദമിക്ക് കീഴിലെ ഓറഞ്ച് ഫിലിം അക്കാദമിയിൽനിന്നാണ് സക്കീർ സിനിമ പഠിച്ചത്. തനിമ കലാ സാഹിത്യവേദി സംഘടിപ്പിച്ച സിനിമ ശിൽപശാലയിൽ മൂന്നു തവണ പങ്കെടുത്തു. തുടർന്നാണ് ഡോക്യുമെന്ററിയിലേക്ക് തിരിഞ്ഞത്.
സക്കീർ ഹുസൈൻ
സക്കീർ ഹുസൈൻ സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ ചിത്രീകരണം നിർവഹിച്ചത് ദീപു ആന്റണി, അജിത്ത് എന്നിവരാണ്. എഡിറ്റർ: റിസാൽ ജൈനി, ശബ്ദം: പ്രസ്ലി കൊച്ചി, സബ്ടൈറ്റിൽ: ഫ്രെഡ്ഡി കെ. താഴത്ത്, ആർട്ട്: അൻസാരി കരുപ്പടന്ന, മ്യൂസിക്: അൻവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.