ശുകപുരം ക്ഷേത്രത്തിൽ ദാരുശിൽപങ്ങള്‍ കണ്ടു; ചിത്രമെഴുത്തിന്‍റെ വാസന മനസില്‍ പൊടിഞ്ഞു

എടപ്പാൾ: ചിങ്ങമാസത്തിലെ ആയില്യം നക്ഷത്രത്തിലാണ് കരുവാട്ട് മനയില്‍ വാസുദേവന്‍ നമ്പൂതിരി എന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ജനനം. പിന്നില്‍ കെട്ടിയ മുടിയും വര്‍ണം വിതറിയ അരക്കയ്യന്‍ ഷര്‍ട്ടും വെളുത്ത മുണ്ടുമാണ് നമ്പൂതിരിക്കാഴ്ച. ആരോടും നീരസം പുലർത്താത്ത വ്യക്തിത്വം. പൊന്നാനിയിൽ ജനിച്ച നമ്പൂതിരി ചെറുപ്രായത്തിൽ സൈക്കിളിൽ ദർശനം നടത്താൻ എടപ്പാൾ ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലേക്ക് വരുമായിരുന്നു. എടപ്പാളിനോട് അന്ന് മുതൽ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു നമ്പൂതിരി.

ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ ദാരുശിൽപങ്ങള്‍ കണ്ട് ചിത്രമെഴുത്തിന്‍റെ വാസന മനസില്‍ പൊടിഞ്ഞ ഒരു കുട്ടിയായിരുന്നു താനെന്ന് നമ്പൂതിരി പറഞ്ഞിട്ടുണ്ട്. ഇല്ല മുറ്റത്തെ പൂഴിമണലില്‍ ഈര്‍ക്കില്‍ കൊണ്ട് വരച്ചുകളിച്ചായിരുന്നു ബാല്യം. ഓർമയില്‍ ആദ്യം കടലാസില്‍ വരച്ചത് ഒരു ശ്രീകൃഷ്ണ ചിത്രമായിരുന്നു. പിന്നീട് കളിമണ്ണില്‍ ശില്പങ്ങള്‍ ഉണ്ടാക്കി നടന്നിരുന്ന കാലത്താണ് സംസ്‌കൃതം പഠിക്കാന്‍ തുടങ്ങിയത്. സംസ്‌കൃതം പഠിച്ച് തുടങ്ങിയ ഒരാള്‍ ആ കാലത്ത് ഒന്നുകില്‍ ജ്യോതിഷത്തില്‍ അല്ലെങ്കില്‍ വൈദ്യത്തില്‍ എത്തിപ്പെടും. നമ്പൂതിരി രണ്ടിടത്തും എത്തിയില്ല. ചെറുപ്പത്തിൽ പൊന്നാനിയിൽ നിന്ന് സൈക്കിളുമായി എടപ്പാളിലെത്തും. അവിടെയുള്ള ഒരു വയലിൽ നിന്ന് ശില്പങ്ങൾ ഉണ്ടാക്കാനുള്ള കളിമൺ ശേഖരിക്കും. ഉള്ളിന്‍റെ ഉള്ളിൽ ശില്പങ്ങളോടും വരയോടുമുള്ള വല്ലാത്ത മോഹം. ആത്തേമ്മാരുടെ പ്രശംസകൾ ഏറ്റുവാങ്ങിയ വാസുദേവൻ നമ്പൂതിരി ആർട്ടിസ്റ്റ് നമ്പൂതിരിയായി വളരുകയായിരുന്നു.

 

നമ്പൂതിരിയുടെ പിതാവ് പരമേശ്വരൻ നമ്പൂതിരി പ്രകൃതിസ്നേഹിയായിരുന്നു. വൃക്ഷങ്ങൾ നട്ടു പിടിപ്പിച്ച് അവ പരിപാലിക്കുന്നതിൽ ഏറെ പ്രിയങ്കരനുമായിരുന്നു. ഏകദേശം 1890ൽ ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് എടപ്പാൾ നടുവട്ടത്ത് അമ്പതേക്കർ ഭൂമി വാങ്ങി. നിറയെ തേക്കിൻ തൈ നട്ടു. ഒരു വലിയ തേക്കിൻ തോട്ടമുണ്ടാക്കുകയും ചെയ്തു. ആർട്ടിസ്റ്റ് നമ്പൂതിരിക്ക് 14 വയസ്സുള്ളപ്പോഴാണ് പിതാവ് മരിക്കുന്നത്. കരുവാട്ട മനയുടെ മേൽവിലാസമുണ്ടാക്കിയ ഭൂമിയാണ് ഇന്ന് കാണുന്ന നടുവട്ടം റബ്ബർ എസ്റ്റേറ്റ്. 2005ലാണ് ആർട്ടിസ്റ്റ് നമ്പൂതിരി എടപ്പാളിൽ സ്ഥിരതാമസം തുടങ്ങിയത്.

Tags:    
News Summary - sculptures in Shukapuram temple encourage artist Namboothiri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.