തൃശൂർ: കല്ലും മണ്ണും ചുമന്നാണ് ബിന്ദു മകൻ സച്ചുവിനെ പഠിപ്പിക്കുന്നത്. കഷ്ടപ്പാടുകൾക്കിടയിലും വാനോളം സ്വപ്നം കാണാൻ മകനെ പ്രോത്സാഹിപ്പിക്കുന്നതും ആ സ്വപ്നങ്ങൾക്ക് പിറകെ കുതിക്കാൻ മകന് ചിറക് നൽകുന്നതും ഈ അമ്മ തന്നെ. നാലാം തവണയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരത്തിനെത്തുന്നത്. നൃത്തമാണ് സച്ചുവിനിഷ്ടം. എന്നാൽ പഠിച്ചുവലിയ ആളായി അമ്മക്കരുതലിന് കാവലാവുകയാണ് ലക്ഷ്യം.
കാസർകോട് കമ്പല്ലൂർ ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിയാണ് സച്ചു. പഠിക്കാൻ മിടുക്കൻ. എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയാണ് പത്താം ക്ലാസ് ജയിച്ചത്. ആറുവർഷം മുമ്പ് ഹൃദയാഘാതം വന്ന് പിതാവ് സതീഷ് മരിച്ചു. മേസ്തിരിപ്പണിക്കാരനായിരുന്നു അദ്ദേഹം. മലവേട്ടുവ സമുദായക്കാരനായ സച്ചുവിനും അമ്മക്കും ഇപ്പോൾ തുണ നാട്ടുകാരും സ്കൂൾ അധികൃതരുമാണ്. സ്വന്തം വീടില്ല. ബിന്ദുവിന്റെ സഹോദരി ലക്ഷ്മിയുടെ വീട്ടിലാണ് താമസം. ലക്ഷ്മിയുടെ മകൾ താൽപര്യമെടുത്താണ് നൃത്തം പരിശീലിപ്പിക്കുന്നത്.
ഒന്നാംക്ലാസ് മുതൽ നൃത്തം പഠിക്കുന്നു. സതീഷ് നീലേശ്വരം ആണ് ഗുരു. ഹയർസെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യം, കുച്ചിപ്പുഡി, കേരളനടനം എന്നിവയിൽ നാലാംവർഷമാണ് സംസ്ഥാനതലത്തിൽ മത്സരിക്കുന്നത്. ഭരതനാട്യത്തിൽ എ ഗ്രേഡുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.