ചി​ത്ര​കാ​ര​ൻ ദേ​വ​സ്യ ദേ​വ​ഗി​രി സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ ച​രി​ത്ര​രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ഗാ​ന്ധി​ജി​യു​ടെ

ഛായാ​ചി​ത്രം വ​ര​ക്കു​ന്നു. ഇ​ൻ​സെ​റ്റി​ൽ ദേ​വ​സ്യ ദേ​വ​ഗി​രി

സ്വാതന്ത്ര്യത്തിന്റെ ചരിത്രരേഖകളിലൂടെ ഛായാചിത്രം; ദേവസ്യ ദേവഗിരിയുടെ ഗാന്ധിസ്മൃതി ശ്രദ്ധേയം

കുന്ദമംഗലം: വീടുകളിൽ ദേശീയപതാക ഉയർത്തി രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷം നടത്തുമ്പോൾ മെഡിക്കൽ കോളജ് സാവിയോ സ്കൂളിൽനിന്ന് വിരമിച്ച ചിത്രകലാ അധ്യാപകൻ ദേവസ്യ ദേവഗിരി വീട്ടിലെ ആർട്ട് ഗാലറിയിൽ ചെയ്തുതീർത്തത് സ്വാതന്ത്ര്യത്തിന്റെ ചരിത്രരേഖകൾ ഉൾപ്പെടുത്തിയ ഗാന്ധിജിയുടെ ഛായാചിത്രം. അഞ്ചടി ഉയരവും മൂന്നടി വീതിയിലുമായി ഒറ്റ കാൻവാസിലെ ഛായാചിത്രത്തിൽ 1857 മുതൽ 1947വരെ 90 വർഷത്തെ സ്വാതന്ത്ര്യ സമരത്തിലെ വിവിധ സംഭവങ്ങളാണ് സൂക്ഷ്മതയിൽ തെളിയുന്നത്.

ഗാന്ധിജിയുടെ യൗവനകാലം, ഉപ്പുസത്യഗ്രഹം-ദണ്ഡിയാത്ര, കസ്തൂർഭായിയോടൊപ്പം തുടങ്ങി ചർക്കയിൽ നൂൽനൂൽക്കുന്നതും ജാലിയൻ വാലാബാഗും നെഹ്റു, ശ്രീനാരായണഗുരു തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ ആയിരത്തിലേറെ ചിത്രങ്ങൾ കൂട്ടിയിണക്കിയത് വരകളിൽ കാണാം. ചിത്രത്തിനോട് കൂടുതൽ അടുത്തുനിൽക്കുമ്പോഴാണ് വരച്ചത് എന്ത് എന്ന് വ്യക്തമാകുക. ദൂരെനിന്ന് ഗാന്ധിയുടെ മുഖം മാത്രമായി മനസ്സിലാക്കാം. അക്രിലിക് പെയിന്റിങ്ങിൽ കത്തി ഉപയോഗിച്ച് മൂന്ന് ആഴ്ചകൊണ്ടാണ് ഈ ചിത്രം പൂർത്തീകരിച്ചത്. ആദ്യം പെൻസിൽകൊണ്ട് രേഖാചിത്രം വരച്ചു. അതിനുശേഷം അതിൽ കത്തികൊണ്ട് അക്രിലിക്കിൽ ഡിസൈൻ ചെയ്തു.

ഗാന്ധിജിയെ വേറിട്ടരീതിയിൽ ദേവസ്യ ദേവഗിരിയുടെ വരകളിൽ വിരിയുന്നത് ഇതാദ്യമല്ല, കഴിഞ്ഞവർഷം സ്വാതന്ത്ര്യദിനത്തിൽ 250ഓളം ഗാന്ധി തലയുടെ ചിത്രങ്ങളിൽ ഗാന്ധിയുടെ വിവിധ മുഖ ഭാവങ്ങൾ അക്രിലിക് പെയിന്റിങ്ങിൽ വരച്ചു. ഈ ഛായാചിത്രത്തിന് ഗാന്ധിദർശന്റെ 2021ലെ ഗാന്ധി സ്മൃതി അവാർഡ് ലഭിച്ചു. ഇക്കഴിഞ്ഞ മാർച്ചിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഗാന്ധി ചെയറിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിപഥം പരിപാടിയിൽ 200 മീറ്റർ ഒറ്റ കാൻവാസിൽ ഗാന്ധിജിയുടെ ജീവചരിത്രം വരക്കാൻ ചിത്രകാരന്മാരിൽ ദേവസ്യ ദേവഗിരിക്കും അവസരം ലഭിച്ചു.

ഗാന്ധിവരയിൽ ഒതുങ്ങുന്നില്ല ദേവസ്യ ദേവഗിരിയുടെ ഗാന്ധിജിയോടുള്ള ആരാധന, ക്രിസ്ത്യൻ കോളജടക്കമുള്ള ഏതാനും കലാലയങ്ങളിൽ ഗാന്ധി പ്രതിമയും നിർമിച്ചിട്ടുണ്ട്. ഗാന്ധിജി ഉൾപ്പെടെ ജീവിതത്തിൽ സ്വാധീനിക്കുന്ന 1007ഓളം പ്രശസ്തരുടെ മുഖം 27 മീറ്റർ പേപ്പറിൽ വരച്ച് അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡിലും ഇടംനേടി. എന്തുകൊണ്ട് വ്യത്യസ്തമായ ഗാന്ധിചിത്രം എന്നചോദ്യത്തിന് പുസ്തകളിൽ വായിച്ച മഹാന്മാരെ വേറിട്ട വരകളിലൂടെ അവതരിപ്പിക്കുകവഴി പുതിയ തലമുറയിലേക്ക് ഇവരുടെ സംഭാവനകൾ ഓർക്കുക എന്നതാണ് ദേവസ്യ ദേവഗിരിയുടെ ഉത്തരം.

സ്കൂൾ വിദ്യാർഥിയായിരുന്ന കാലത്ത് ക്ലേ മോഡലിങ്ങിലായിരുന്നു ആകർഷണം. ഗാന്ധിജിയെ നിർമിച്ച് ക്ലാസിലെ സഹപാഠികൾക്ക് സമ്മാനമായി നൽകൽ സ്ഥിരം ശീലമായി. പിന്നീട് ചിത്രരചന പഠിക്കാൻ യൂനിവേഴ്സൽ ആർട്സിൽ ചേർന്നു. ദേവഗിരി കോളജ് മാനേജർ മാത്യു ചാലിലും തലശ്ശേരി ബിഷപ് സെബാസ്റ്റ്യൻ വെള്ളോപിള്ളിയും ദേവസ്യയുടെ വരയിൽ തൃപ്തനായി സേവിയോ സ്കൂളിൽ ചിത്രകലാധ്യാപകനായി നിയമിച്ചു. 34 വർഷത്തെ സേവനത്തിനുശേഷം 2018ൽ വിരമിച്ചു.

കോഴിക്കോട് ആർട്ട് ഗാലറി ഉൾപ്പെടെ സ്വദേശത്തും വിദേശത്തുമായി നിരവധി ചിത്രപ്രദർശനത്തിലും ക്യാമ്പുകളിലും പങ്കെടുത്തു. ഡോ. എ.പി.ജെ. അബ്ദുൽ കലാം മെമ്മോറിയൽ കർമശ്രേഷ്ഠ പുരസ്കാരം, മംഗളം അവാർഡ്‌, ജയൻ ഫൗണ്ടേഷൻ കർമശ്രേഷ്ഠ പുരസ്കാരം എന്നിവ ഈയിടെ ലഭിച്ചു. 2500ഓളം അക്രിലിക്-ഓയിൽ പെയിന്റിങ് ശേഖരമുണ്ട്. ഇപ്പോൾ കുന്ദമംഗലം പെരിങ്ങൊളത്ത് മാറാപ്പിള്ളിൽ വീടിന്റെ മുകൾനിലയിൽ ആർട്ട് ഗാലറി പണിത് ചിത്രരചനയിലും-ശില്പ നിർമാണത്തിലും ഗവേഷണം നടത്തുകയാണ്. ഭാര്യ: ഗ്ലാഡിസ് ദേവസ്യ. മക്കൾ: റോണി ദേവസ്യ, റെന്നി ദേവസ്യ.

Tags:    
News Summary - Portrait through historical documents of independence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT