സിദ്ധാർഥന്റെയും അട്ടപ്പാടി മധുവിന്റെയും ആൾക്കൂട്ട വിചാരണയുടെ നടകാവിഷ്കാരവുമായി "പ്ലാൻ ബി"

തിരുവനന്തപുരം: വയനാട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥിയായ സിദ്ധാർഥന്റെയും അട്ടപ്പാടി മധുവിന്റെയും ആൾക്കൂട്ട വിചാരണയുടെ നടകാവിഷ്കരാവുമായി 'പ്ലാൻ ബി' എന്ന നാടകം. തിരുവല്ലയിൽ നടന്ന കേരള പുലയർ മഹാസഭ (കെ.പി.എം.എസ്) സംസ്ഥാന സമ്മേളനത്തിലാണ് ബിജു വർണശാല സംവിധാനം ചെയ്ത പ്ലാൻ ബി നാടകം അവതരിപ്പിച്ചത്. അക്ഷരവും അന്യവും നിഷേധിക്കപ്പെട്ട കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ ജീവിതത്തിലേക്ക് ആണ് ഈ നാടകം വെളിച്ചം വീശുന്നതെന്ന് ബിജു മാധ്യമം ഓൺലൈനോട് പറഞ്ഞു. 

സംസ്ഥാനത്ത് നടന്ന ദുരഭിമാന കൊലയും അട്ടപ്പാടിയിലെ ആദിവാസിയായ മധുവിനും വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥനും നേരിട്ട ആൾക്കൂട്ട വിചാരണയും ജാതിസെൻസസുമെല്ലാം പ്ലാൻ ബിയിലെ പ്രമേയമാണ്. വർണ- ജാതിബോധത്തിന്റെ അടിത്തറയിലാണ് കേരളീയ സമൂഹം നിലനിൽക്കുന്നത്. അതുകൊണ്ടാണ് ഇത്തരം വംശീയമായ അധിക്ഷേപങ്ങളും ആക്രമണങ്ങളും ഉണ്ടാകുന്നത് നാടകം പറയുന്നു. അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ടത് കുടിയേറ്റക്കാരുടെ വംശീയ വിദ്വേഷത്തിലാണ്. വെറ്ററിനറി സർവാകലാശാലയിലാകട്ടെ പുരോഗമന വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐയുടെ നേതൃത്വ സഖാക്കളാണ് വിചാരണ ചെയ്തശേഷം സിദ്ധാർഥനെ കെട്ടിത്തൂക്കിയത്.

 

"എന്റെ മകനെ നിങ്ങളെന്തിന് കൊന്നു"വെന്ന സിദ്ധാർഥന്റെ അമ്മയുടെ ചോദ്യമാണ് നാടകത്തിന്റെ കേന്ദ്രം. അടിയന്തിവാസ്ഥയിൽ മകൻ നഷ്ടപ്പെട്ട ഈച്ചരവാര്യർ കേരളത്തോട് ചോദിച്ചതും ഇതേ ചോദ്യമായിരുന്നു. രാജൻ സംഭവം ജോൺ എബ്രഹാം 'ചെന്നായ്ക്കൾ ചെന്നായ്ക്കൾ' എന്ന നാടകത്തിലൂടെ തെരുവിൽ അവതരിപ്പിച്ചരുന്നു. അതുപോലെ സിദ്ധാർഥനെ ആക്രമിച്ചു കൊല്ലുന്ന രംഗം 'പ്ലാൻ ബി'നാടകത്തിൽ അതരിപ്പിക്കുന്നുണ്ട്. സിദ്ധാർഥൻ തന്നെ എന്തിനാണ് വിചാരണ ചെയ്തതെന്നും കെട്ടിത്തൂക്കി കൊന്നതെന്നും ഈ പുരോഗമന സമൂഹത്തോട് ചോദിക്കുന്നു. മുഖ്യധാര സമൂഹത്തിന് ഉത്തരവില്ലാത്ത ചോദ്യങ്ങളാണ് നാടകം ഉയർത്തുന്നത്.

പട്ടികജാതി-വർഗ വിഭാഗം അനുഭവിക്കുന്ന പീഡനങ്ങളുടെ ചരിത്രത്തിലേക്ക് നാടകം കടന്നു ചെല്ലുന്നത്. ആറു യുവാക്കളും രണ്ടു വനിതകൾ ഉൾപ്പെടെ എട്ടുപേർ സമൂഹത്തിലെ പല കഥാപാത്രങ്ങൾ ആയി രംഗത്ത് വരുന്നു. ജാതി സെൻസസിന് എതിരായി നിൽക്കുന്ന സമൂഹത്തിലെ സവർണ വിഭാഗത്തിനെതിരെ ചോദ്യശരങ്ങൾ എയ്യുന്നു.

അറുപതിലധികം പട്ടികജാതി- പട്ടികവർഗ സംഘടനകൾ ചേർന്ന് രൂപീകരിച്ച സംയുക്ത സമിതി ജാതിസെൻസസ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിൽ വിവിധ പ്രക്ഷോഭങ്ങൾ നടത്താനുള്ള തയാറെടുപ്പ് നടത്തുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നിൽ കേരളത്തിന്റെ തെരുവോരങ്ങളിൽ ജാതി സെൻസസിന് വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ ഉയരും. അതിനൊപ്പം ഈ നാടകവും ഉണ്ടാവും. ജാതിരാക്ഷസന്റെ കോലം കത്തിച്ചുകൊണ്ട് സഹോദരൻ അയ്യപ്പൻ തുടങ്ങിയ ജാതിവിവേചനത്തിനെതിരായ പ്രവർത്തിന് ഇന്നും പ്രസക്തിയുണ്ടെന്ന് ഈ നാടകം പറയുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് ഈ നാടകം ശക്തമായ പുതിയ പ്രചാരണത്തിന് വേദിയാകും എന്ന കാര്യത്തിൽ സംശയമില്ല. തെരഞ്ഞെടുപ്പ് കാലത്ത് ഈ നാടകം സൃഷ്ടിക്കാൻ പോകുന്ന ചലനം പ്രത്യേകിച്ചും ദളിത്- ആദിവാസി സമൂഹത്തിൽ സൃഷ്ടിക്കാൻ പോകുന്ന ചലനം ചെറുതായിരിക്കില്ലെന്നാണ് നാടകം കണ്ടവരുടെ അഭിപ്രായം. ചരിത്രത്തിന്റെയും പുനർവായന കൂടിയാണ് നാടകം. വർത്തമാനകാല രാഷ്ട്രീയത്തിൽ തകർന്നു കൊണ്ടിരിക്കുന്ന ജനാധിപത്യ ബോധത്തിന്റെ നേർക്കാഴ്ചയാണ് നാടകം അവതരിപ്പിക്കുന്നത്. ഏതാണ്ട് 35 മിനിറ്റുള്ള പ്ലാൻ ബി നാടകം 23 കേന്ദ്രങ്ങളിൽ (തെരുവുകളിൽ) അവതരിപ്പിച്ചു കഴിഞ്ഞു.

Tags:    
News Summary - "Plan B" dramatizes Siddharth and Attapadi Madhu's mob trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT