തൃശൂർ : കഥ പറയുമ്പോൾ ബിനിയുടെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നത് സഹോദരനായിരുന്നു. ബിനി എവിടെ മത്സരിക്കാൻ പോയാലും കൂടെ ബിനോ ഉണ്ട്. അവളുടെ കൊട്ടിനും പാട്ടിനും എന്നും കൂടെ കൂടും ഭിന്നശേഷിക്കാരനായ ബിനോ. ഹൈപ്പർ ആക്റ്റീവിറ്റിയാണ് ഇരുപതുകാരനായ ബിനോയുടെ പ്രശ്നം. ഓർക്കാതിരിക്കുമ്പോൾ ഒച്ചവെച്ചും പൊട്ടിച്ചിരിച്ചും കയ്യിൽ കിട്ടുന്നതെന്തും എടുത്തും അവൻ പരിഭ്രമിപ്പിക്കും.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ കഥാ പ്രസംഗ സദസ്സിലും ബിനോ പൂർണ്ണ സമയവുമുണ്ടായിരുന്നു. ചുങ്കത്തറ എം. പി. എം. എച്ച്. എസ്. എസ്. സംഗീതാദ്ധ്യാപകൻ സിനോ ചാർലിയുടെയും വീട്ടമ്മയായ റൂബി സിനോയുടെയും മക്കളാണിവർ.കെ. വി മോഹൻകുമാറിന്റെ ഉഷ്ണരാശി എന്ന കൃതിയിലെ "വേട്ടപ്പട്ടികളോട് കലഹിച്ച പെണ്ണ് " എന്ന കഥയാണ് ചുങ്കത്തറ എം. പി. എം. എച്ച്. എസ്. എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി ബിനി മാർത്ത സിനോ കഥാപ്രസംഗമായി അവതരിപ്പിച്ചത്. അനാമിക വിശ്വനാഥ്, സാധിക, അനന്തു,പാർവതി നായർ എന്നിവർ പക്കമേളമൊരുക്കി.
മുൻ വർഷം സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയ ബിനി ഇക്കൊല്ലവും തികഞ്ഞ ആത്മവിശ്വാസത്തിലാണ് വേദിയിലെത്തിയത്.കഥ പറയുമ്പോൾ അച്ഛനും അമ്മയും സഹോദരനും മുന്നിലുണ്ടെന്നത് വലിയ പ്രചോദനമാണെന്ന് ബിനി പറയുന്നു. മുമ്പ് പഞ്ചാവാദ്യത്തിലും മദ്ദളം കൊട്ടി ബിനി സ്കൂളിന്റെ നേട്ടത്തിൽ പങ്കാളിയായിട്ടുണ്ട്. അന്ന് സ്വന്തം വീട്ടിലെ പ്ലാവ് മുറിച്ച് ചെണ്ട, തിമില, ഇടയ്ക്ക, മദ്ദളം എന്നിവ നിർമ്മിച്ച് ബിനിയുടെ പിതാവ് സിനോ ചാർളി ശ്രദ്ധേയനായിരുന്നു. കഥാപ്രസംഗത്തിൽ എ ഗ്രേഡ് സ്വന്തമാക്കിയ ബിനി മദ്ദളത്തിൽ മത്സരിക്കാനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.