നീതു ജനാർദനൻ
മനാമ: വർഷങ്ങൾക്കുമുമ്പ് പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ബഹ്റൈൻ പ്രവാസിയായ നീതു ജനാർദനൻ സിനിമയിലൂടെ വീണ്ടും ശ്രദ്ധേയമാകുന്നു. ബഹ്റൈനിലെ പ്രമുഖ കമ്പനിയിലെ സീനിയർ ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടിവായ നീതു ബഹ്റൈനിലാണ് ജനിച്ചു വളർന്നത്. എം.ബി.എ. ബിരുദധാരിയാണ്. ഇന്ത്യൻ സ്കൂളിൽ പഠിച്ചിരുന്ന കാലം മുതൽ ബഹ്റൈനിലെ കലാ സാംസ്കാരിക പരിപാടികളിൽ നൃത്ത രംഗത്തും അഭിനയ രംഗത്തും മാത്രമല്ല കവിത-കഥാ രചനാമത്സരങ്ങളിലും നീതു നിറഞ്ഞുനിന്നിരുന്നു.
ബഹ്റൈൻ കേരളീയ സമാജത്തിലും മറ്റും അവതരിപ്പിച്ച വിവിധ നാടകങ്ങളിൽ ബാല നടിയായി അഭിനയിച്ചിരുന്നു. ഈയിടെ പുറത്തിറങ്ങിയ ബഹ്റൈനിൽ നിർമിച്ച ആദ്യത്തെ ആന്തോളജി സിനിമയായ ഷെൽട്ടറിലെ ഫേസ് ഇൻഫേസസ് എന്ന ഷോർട്ട് ഫിലിമിൽ പ്രധാന കഥാപാത്രങ്ങളിലൊന്നായി അഭിനയിച്ചതോടെയാണ് നീതു വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. ബഹ്റൈൻ കേരളീയ സമാജത്തിന്റെ മുൻ പ്രസിഡന്റും പൊതു പ്രവർത്തകനുമായ കോഴിക്കോട് സ്വദേശി ജനാർദന്റെയും ഗീതയുടേയും മകളാണ് നീതു. അമ്മ ഗീത ബഹ്റൈനിൽ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള മികച്ച അഭിനേത്രി കൂടിയാണ്. ഏഷ്യാനെറ്റ് ചാനലിൽ "മമ്മൂട്ടി ദ ബെസ്റ്റ് ആക്ടർ സീസൺ 3" എന്ന റിയാലിറ്റി ഷോയിൽ നീതു സെമി ഫൈനലിസ്റ്റ് ആയിരുന്നു. വേർഡ് മലയാളി കൗൺസിൽ ബഹ്റൈനിൽ നടത്തിയ മിസ് മലയാളി മൽസരത്തിൽ "മിസ് മലയാളി ബഹ്റൈൻ" ആയി നീതു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
തുടർന്ന് കൊച്ചിയിൽ നടത്തിയ ഇന്റർനാഷനൽ മിസ് കേരള മത്സരത്തിലേക്കും നീതു തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിൽ നടത്തിയ ഇന്റർനാഷനൽ യൂത്ത് ഫെസ്റ്റിവലിൽ നീതു കലാതിലകമായി. മനോജ് കാന സംവിധാനം ചെയ്ത, സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ കഥക്കുള്ള പുരസ്കാരം നേടിയ "അമീബ"യിൽ നീതു ശ്രദ്ധേയമായ റോളിൽ അഭിനയിച്ചിരുന്നു. സൂര്യ ഫെസ്റ്റിൽ അവതരിപ്പിച്ച വിദ്യശ്രീ സംവിധാനം ചെയ്ത ഡാൻസ് ഡ്രാമയായ "മെലൂഹ" യിലും നിധി.എസ്.മേനോൻ സംവിധാനം ചെയ്ത ഡാൻസ് ഡ്രാമയായ " ബയോപ്രസ്ഥാവ്" ലും പ്രധാന കഥാപാത്രങ്ങളിൽ ഒന്നായിരുന്നു നീതു. കലാമണ്ഡലം ഗിരിജ മേനോൻ, ശശി മേനോൻ, കലാമണ്ഡലം സരസ്വതി (എം.ടി.വാസുദേവൻ നായരുടെ പത്നി) എന്നിവരിൽ നിന്നാണ് നീതു ശാസ്ത്രീയ നൃത്തം അഭ്യസിച്ചത്.
ഭർത്താവ് ഇരിങ്ങാലക്കുട സ്വദേശിയായ അരുൺ ബഹ്റൈനിൽ ബി.എഫ്.സി യിൽ മാർക്കറ്റിങ് മാനേജരാണ്. ബഹ്റൈൻ ഇന്ത്യൻ സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന മകൾ കൊച്ചു മിടുക്കിയായ അബിഗെയ്ൽ ബഹ്റൈൻ കേരളീയ സമാജം നടത്തിയ ബാലകലോൽസവത്തിൽ "ബാലതിലകം" ആയിട്ടുണ്ട്. മകൻ ആർതർ ന്യൂ സിഞ്ച് കിൻറർഗാർട്ടനിൽ എൽ.കെ.ജിയിൽ പഠിക്കുന്നു. ഏക സഹോദരൻ നിധിൻ ജർമ്നിയിലാണ് ജോലി ചെയ്യുന്നത്. കലാ രംഗത്ത് ഇനിയും കൂടുതൽ അവസരങ്ങൾ തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നീതു ജനാർദനൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.