കഥ കളിച്ച് ആടിത്തിമിർത്ത് മന്ത്രി ബിന്ദു

മന്ത്രിയായാൽ പിന്നെ തിരക്ക് കൂടും. ഫയലുകൾ, യോഗങ്ങൾ, യാത്രകൾ.. അങ്ങനെ നെട്ടോട്ടമാണ്. അപ്പോൾപിന്നെ, കലയും കഥയും എന്തിന് വായനപോലും നടക്കുന്നില്ലെന്ന് പരിഭവം പറയുന്ന കാലത്താണ് സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു എന്തും എപ്പോഴും നടക്കുമെന്ന് കാണിച്ചുതന്നത്. കൂടൽ മാണിക്യം ക്ഷേത്ര ഉത്സവകാലത്താണ് സ്ഥിരം വേദിക്കായുള്ള ശ്രമങ്ങൾക്ക് കരുത്തുപകര്‍ന്ന് ബിന്ദു ടീച്ചര്‍ വേഷംകെട്ടി ആടിയത്. ഇതോടെ മൂന്നു പതിറ്റാണ്ടിനുശേഷം അരങ്ങിലെത്തിയ മന്ത്രി, സംഗമം എന്ന പേരിൽ കൂടൽ മാണിക്യം ദേവസ്വത്തിന് സ്ഥിരം വേദിയൊരുക്കി.

എത്ര തിരക്കാണേലും ജീവിതം കലക്ക് കൂടിയുള്ളതാണെന്ന് തെളിയിച്ചു. ഒരു ദിവസം വന്ന് കഥകളിയാടാം എന്നുകരുതി ചുമ്മാതങ്ങ് വന്ന് ആടിയതല്ല. നൃത്ത കലാലോകത്ത് എത്തുന്നതിന് വര്‍ഷങ്ങളുടെ അധ്വാനംകൊണ്ട് അരങ്ങുതീര്‍ത്ത് കിരീടം ചൂടിയ ആളാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു.

നര്‍ത്തകിയാകാൻ കൊതിച്ച് മൂന്നാം വയസ്സിൽ പഠിച്ചുതുടങ്ങി. ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും ഉന്നമിട്ട് പരിശീലിച്ച് പഠിച്ചു. വയസ്സ് പതിമൂന്നായപ്പോൾ കളി മാറി കഥയായി, കഥകളിയായി. കളി കാര്യമായി ചമയങ്ങളിട്ട് നിറഞ്ഞാടി. 11 വര്‍ഷം കഥകളി കളരിയിൽനിന്ന് ആവോളം പരിശീലിച്ചു. പഠനകാലത്ത് കലോത്സവങ്ങളിൽ കഥകളിച്ച് ആടിത്തിമിര്‍ത്തു.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി കിരീടത്തിൽ മുത്തമിട്ടു. പിന്നീട് സംഗതി കൂടുതൽ കാര്യമായി സര്‍വകലാശാലാ കലോത്സവത്തിൽ തുടര്‍ച്ചയായി അഞ്ചുതവണ ആ കിരീടം സ്വന്തം കൈകളിൽ ഭദ്രമാക്കി. കഥകളി ഗ്രൂപ്പുകളിൽകൂടി വേദികളിൽനിന്ന് വേദികളിൽ വേഷംകെട്ടി കഥകളോരോന്നും പകര്‍ന്നുനൽകി മുന്നോട്ടുപോയി. ഇരിങ്ങാലക്കുട, ഗുരുവായൂര്‍, പറമ്പിക്കുളം, കൂടൽ മാണിക്യം തുടങ്ങിയ സ്ഥലങ്ങളിൽ വേഷം കെട്ടിയാടി.


കഥകളിലെ പ്രധാന വേഷങ്ങളിൽ നിറയുമ്പോഴും കലപോലെ ഉള്ളിലുള്ള പൊതുജീവിതം കൂടെക്കൂട്ടി. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനകാലത്ത് നിറയുമ്പോൾ കലയുടെ ലോകത്ത് ഇടക്കിടക്ക് വിശ്രമമെടുത്തു. അത് പിന്നീട് ദീര്‍ഘ വിശ്രമത്തിലേക്ക് മാറി. സംഘ‍ടനാ ഉത്തരവാദിത്തങ്ങൾ വന്നുചേര്‍ന്നതോടെ കല വിട്ട് സാമൂഹിക ഉത്തരവാദിത്തങ്ങൾക്ക് പ്രാമുഖ്യം നൽകേണ്ടിവന്നു. പിന്നീട് അധ്യാപന ജോലി. അങ്ങനെ തിരക്കുകളുടെ വ്യത്യസ്ത രംഗങ്ങളിലെത്തിയതോടെ ആട്ടമടക്കി. കോർപറേഷൻ കൗൺസിലിലും മേയര്‍ കുപ്പായത്തിലും നിലനിന്നപ്പോഴും അഴിച്ചുവെച്ച വേഷമാണ് മന്ത്രിക്കുപ്പായത്തെ മാറ്റി എടുത്തിട്ടത്.

വേഷമണിഞ്ഞ് ആടിയിട്ട് മുപ്പത് വര്‍ഷം കഴിഞ്ഞു. പ്രായം, ശരീരഘടന, ശാരീരിക അസ്വസ്ഥതകൾ ഇതെല്ലാം ഉള്ളപ്പോൾ ഇനിയൊരാട്ടം അത്രയെളുപ്പമാകില്ലെന്നായിരുന്നു കരുതിയത്. എന്നാൽ, നാലുപാടുംനിന്നുള്ള സ്നേഹപൂര്‍വമായ പിന്തുണ. കലയുടെ വളര്‍ച്ചക്കുള്ള സ്ഥിരം തട്ടിന് ഞാൻതന്നെ വേഷമിട്ടാടിയാൽ ഗുണംചെയ്യുമെന്ന പ്രദീപ് മേനോന്റെ അഭ്യര്‍ഥന, ഇപ്പോഴും ശരീരം വഴങ്ങുമെന്നുള്ള ഗുരു കലാനിലയം രാഘവന്റെ ഉറപ്പ്.

ഇതെല്ലാം ചേര്‍ന്നതോടെ ഒരു കൈ നോക്കാനുറച്ചു. പിന്നെ കളിയെക്കുറിച്ച് അങ്ങനെ ആലോചിച്ച് പ്രയാസപ്പെടേണ്ടിവന്നില്ല. കലാനിലയം രാഘവനാശാൻ തലസ്ഥാനത്തെത്തി ആട്ടമൊന്നു പരിശോധിച്ചു. പിന്നെ ചില ദിവസങ്ങളിൽ ചെറിയ പരിശീലനം. സംഗതി കളറാകുമെന്ന് എല്ലാവരും പറഞ്ഞു. ഏതാണ്ടെല്ലാം കൂടി ഒരാഴ്ചകൊണ്ട് തട്ടിലെത്താനുള്ള ആത്മവിശ്വാസം വന്നു.

കൂടൽ മാണിക്യം ക്ഷേത്രത്തിലെ അഞ്ചാം ഉത്സവദിവസം ചുട്ടികുത്തി ചമയങ്ങളണിഞ്ഞ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമന്ത്രി കഥകളിയാടാൻ അരങ്ങിലെത്തി. നളചരിതം ഒന്നാം ദിവസത്തെ കഥയിലെ ദമയന്തിയായി ആടി. ആര്‍. ബിന്ദുവിന്റെ പ്രിയപ്പെട്ട കഥാപാത്രമാണ് ദമയന്തി. കലാനിലയം രാഘവന്റെ മകൾ ജയശ്രീ ഗോപിയും സി.എം. ബീനയും ദമയന്തിയുടെ തോഴിമാരായി രംഗത്തെത്തി. ഒന്നര മണിക്കൂർ നീണ്ട കഥകളിയിൽ ജയന്തി ദേവരാജ് ഹംസമായി എത്തിയതോടെ അരങ്ങ് സമ്പൂർണ സ്ത്രീപക്ഷമായി.

കലാനിലയം രാജീവൻ, വേങ്ങേരി നാരായണൻ എന്നിവർ സംഗീതത്തിലും കലാമണ്ഡലം ശ്രീരാജ് ചെണ്ടയിലും കലാനിലയം പ്രകാശൻ മദ്ദളത്തിലും നന്ദകുമാർ ഇരിങ്ങാലക്കുട ഇടയ്ക്കയിലും പശ്ചാത്തലമൊരുക്കി. സുരേഷ് തോട്ടര, കലാമണ്ഡലം വിഘ്നേഷ് എന്നിവർ മുഖത്തെഴുത്തും രംഗഭൂഷ ഇരിങ്ങാലക്കുട ചമയവും നിർവഹിച്ചു. ഊരകം നാരായണൻ നായർ, കലാമണ്ഡലം മനേഷ് എന്നിവർ അണിയറയൊരുക്കി. ആടിത്തിമിര്‍ത്തെന്ന് എല്ലാവരും. പഴയ കളിക്കൂട്ടുകാരും കഥകളിയിലെ സഹകളിക്കാരും എല്ലാം ആശംസകളുമായി ചേര്‍ന്നുനിന്നു. അങ്ങനെ കലാ ജീവിതത്തെ ഒരിക്കൽകൂടി ജനസമക്ഷമെത്തിച്ചതിന്റെ സന്തോഷത്തിലാണ്.

ജനപ്രതിനിധിയാണ്, മന്ത്രിയാണ്, സര്‍വോപരി സി.പി.എമ്മിന്റെ പോളിറ്റ്ബ്യൂറോ അംഗം വിജയരാഘവന്റെ ഭാര്യയാണ്. അപ്പോൾ, ഇവിടെനിന്നെല്ലാം പ്രോത്സാഹനം ലഭിച്ചുകാണുമല്ലോ എന്നചോദ്യത്തിന് വലിയ ചിരിയാണ് ടീച്ചര്‍ക്ക്. ഇപ്പോൾ ഇപ്പണി വേണോ എന്നായിരുന്നു വിജയരാഘവന്റെ ചോദ്യം.

എന്റെ കലാപ്രേമം അറിയാവുന്നതുകൊണ്ട് ആ ചോദ്യംപോലും അദ്ദേഹം ചോദിച്ചത് പിന്തുണയായി കാണാം. മുഖ്യമന്ത്രിയെന്ത് പറഞ്ഞു എന്ന് ചോദിച്ചപ്പോഴും ചിരിക്ക് ശബ്ദംകൂടി. ഞാൻ കഥകളി ആടാൻ പോകുന്നുവെന്ന് സഹമന്ത്രിമാര്‍ മുഖ്യമന്ത്രിയോട് പറഞ്ഞപ്പോൾ; അതിനെന്താ കലയല്ലേ, അതൊക്കെ നല്ലതല്ലേയെന്നായിരുന്നു നിലപാട്.

Tags:    
News Summary - minister Bindu is amazing in Kathakali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.