കലാമണ്ഡലം നാരായണൻ നായർ നിര്യാതനായി

തൃശൂർ: പ്രസിദ്ധ കഥകളി മദ്ദള ആചാര്യൻ കലാമണ്ഡലം നാരായണൻ നായർ (നെല്ലുവായ്) നിര്യാതനായി. തൃശൂർ അമല ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നു.

കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാളുടെ ആദ്യകാല ശിഷ്യരിൽ ചിട്ട വിടാതെയുള്ള വാദന ശൈലി ഇദ്ദേഹത്തെ മറ്റു പല മദ്ദള വിദ്വാന്മാരിൽ നിന്നും വേറിട്ട് നിർത്തിയിരുന്നു. ഇക്കഴിഞ്ഞ കോട്ടക്കൽ വിശ്വംഭര ക്ഷേത്ര ഉത്സവമായിരുന്നു അവസാനത്തെ അരങ്ങ്.

പഠിപ്പിച്ചത് അപ്പുക്കുട്ടി പൊതുവാളും കൊണ്ടുനടന്ന് വളർത്തിയത് കലാമണ്ഡലം കൃഷ്‌ണൻകുട്ടി പൊതുവാളുമായിരുന്നു. കേരള കലാമണ്ഡലം അവാർഡും സംഗീത നാടക അക്കാദമി അവാർഡും നിരവധി കഥകളി ക്ലബുകളുടെ അവാർഡുകളും നേടിയ നാരായണൻ നായർ അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ജപ്പാൻ, ആസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങി നിരവധി വിദേശരാജ്യങ്ങളിൽ കലാപ്രകടനം അവതരിപ്പിച്ചു.

രണ്ട് വർഷം മുമ്പ് അന്തരിച്ച ഓട്ടൻതുള്ളൽ കലാകാരി കലാമണ്ഡലം ദേവകിയാണ് ഭാര്യ. ദീർഘകാലം ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ കലാനിലയം, കേരള കലാമണ്ഡലം എന്നീ സ്ഥാപനങ്ങളിൽ അധ്യാപകനായിരുന്നു.

ഭാര്യയോടൊപ്പം അഹമ്മദാബാദ് ദർപ്പണയിലും തുടർന്ന് സ്ഥിരതാമസമാക്കിയ നെല്ലുവായിലും ഇവർ ചേർന്ന് നടത്തിയ ശ്രീ ധന്വന്തരി കലാക്ഷേത്രം വഴിയും നിരവധി ശിഷ്യരെ വാർത്തെടുത്തു.

മക്കൾ: പ്രസദ്, പ്രസീദ. മരുമക്കൾ: രാജശേഖരൻ നെല്ലുവായ്, കലാമണ്ഡലം സംഗീത.

Tags:    
News Summary - Kalamandalam Narayanan Nair passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.