രാജ്യാന്തര നാടകോത്സവമായ ഇറ്റ്ഫോക്കിനായി തൃശൂർ സംഗീത നാടക അക്കാദമിയിൽ പുരോഗമിക്കുന്ന ഒരുക്കങ്ങളിൽ ഭീമൻ ഇറ്റ്ഫോക്ക് ലോഗോയുടെ പണിയിൽ ഏർപ്പെട്ട തൊഴിലാളികൾ - ഫോട്ടോ: ടി.എച്ച് ജദീർ
തൃശൂർ: പുരാണ, നിഗൂഢ ആശയങ്ങൾ കൊണ്ട് പ്രേക്ഷകരെ സ്വത്വബോധത്തിലേക്കും പാവകളിയെന്ന കലാരൂപത്തെ ഓർമിപ്പിക്കാനും ഇറ്റ്ഫോക്കിന്റെ ആദ്യ ദിനം തയാറെടുക്കുന്നു. ഗിരീഷ് കർണാടിന്റെ ‘ഹയവദന’, അനുരൂപ റോയിയുടെ ‘ദ നൈറ്റ്സ്’ എന്ന നാടകങ്ങളാണ് ശനിയാഴ്ച പ്രേക്ഷരിലേക്ക് എത്തുന്നത്.
ബംഗളൂരു ഭൂമിജ ട്രസ്റ്റ് അവതരിപ്പിക്കുന്ന ‘ഹയവദന’ 1971ൽ എഴുതപ്പെട്ട നാടകമാണ്. ഒരേ സ്ത്രീയെ പ്രണയിക്കുന്ന രണ്ട് സുഹൃത്തുക്കളും അബദ്ധത്തിൽ അവരുടെ തലകൾ മാറുന്നതും ഒപ്പം കുതിരയുടെ തലയുള്ള ഒരു പുരുഷൻ മനുഷ്യനാകാൻ ശ്രമിക്കുന്നതുമാണ് കഥ.
ഹയവദന’ നാടകത്തിൽനിന്ന്
‘അറേബ്യൻ രാത്രികൾ’ പോലെ നൂറ്റാണ്ടുകൾ പഴക്കമുള്ള നാടോടി കഥകൾ പുതിയ കാഴ്ചപ്പാടോടെ പുനരാവിഷ്കരിക്കുകയാണ് ‘ദ നൈറ്റ്സ്’. എഴുത്തുകാരി അദിതി റാവുവിനൊപ്പം നാടകകൃത്തും സംവിധായകനും നടനുമായ നീൽ ചൗധരി എഴുതിയ ദി നൈറ്റ്സ്, ‘ആയിരത്തൊന്ന് രാത്രികൾ’ എന്ന് പേരിട്ട മിഡിൽ ഈസ്റ്റേൺ കഥാസമാഹാരത്തിലെ പ്രധാന സ്ത്രീ കഥാപാത്രവും കഥാകാരനുമായ ഷെഹറാസാദിനെ ചുറ്റിപ്പറ്റിയാണ്. നൂറ്റാണ്ടുകളായി വിവിധ സന്ദർഭങ്ങളിൽ ശ്രോതാക്കൾക്ക് പറഞ്ഞുകൊടുത്ത കഥകൾ ഈ ഭാഗം പുനരവലോകനം ചെയ്യുകയും പുനർവിചിന്തനം ചെയ്യുകയും ചെയ്യുന്നു.
ദ നൈറ്റ്സ്’ നാടകത്തിൽനിന്ന്
കാലക്രമേണ പരിണമിച്ചുവരുന്ന പാവകളി എന്ന കലയിലാണ് ഡൽഹി ആസ്ഥാനമായുള്ള പപ്പറ്റ് തിയറ്റർ കമ്പനിയായ കട്കഥ പപ്പറ്റ് ആർട്സ് ട്രസ്റ്റിന്റെ ഈ പുതിയ നിർമാണം. കവിത, സംഭാഷണങ്ങൾ, വിഷ്വൽ ഇഫക്ടുകൾ എന്നിവയുടെ ഘടകങ്ങൾ കലാരൂപത്തിന്റെ അന്തസ്സത്ത ചോരാതെ സംയോജിപ്പിച്ചാണ് അവതരിപ്പിക്കുന്നത്. 23ന് ഉച്ചക്ക് മൂന്നിന് തോപ്പിൽ ഭാസി ബ്ലാക്ക് ബോക്സിൽ ദ നൈറ്റ്സും വൈകീട്ട് 7.30ന് ആക്ടർ മുരളി തിയറ്ററിൽ ഹയവദനയും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.