ചിത്രകലയിൽ സർറിയലിസത്തിന്റെ ആഘോഷം തീർത്ത ലോക പ്രശസ്ത സ്പാനിഷ് ചിത്രകാരൻ സാൽവദോർ ദാലിയുടെ സൃഷ്ടികൾ ആദ്യമായി ഇന്ത്യയിൽ പ്രദർശനത്തിന്. 200ഓളം ഒറിജിനൽ ദാലി സൃഷ്ടികളാണ് ഇന്നലെ ന്യൂഡൽഹിയിൽ ആരംഭിച്ച പ്രദർശനത്തിലുള്ളത്. ദാലിയുടെ സുഹൃത്തും പ്രസാധകനുമായ പിയെറി ആർഗിലെയുടെ മകളായ ക്രിസ്റ്റൈൻ ആർഗിലെയാണ് പ്രദർശനത്തിന്റെ ക്യൂറേറ്ററർ. 1989ൽ അന്തരിച്ച ദാലി ഒരിക്കലും ഇന്ത്യ സന്ദർശിച്ചിട്ടില്ല. ആനയും ക്ഷേത്രങ്ങളുമെല്ലാം വരാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ മുഖമുദ്രയായ സർറിയലിസ്റ്റ് സൃഷ്ടികളിൽ ഇവ എളുപ്പം കണ്ടെത്താൻ സാധിക്കാറില്ല.
യാഥാർഥ്യത്തിനുമേൽ ചിന്തയെയും ഭാവനയെയും കെട്ടഴിച്ചുവിടുന്ന ഒട്ടേറെ സൃഷ്ടികൾ പ്രദർശനത്തിലുണ്ട്. തലക്കു പകരം പൂക്കളുള്ള മനുഷ്യരും നൃത്തം ചെയ്യുന്ന കൃഷ്ണമണികളും ഛിന്നഭിന്നമായ ശരീരഭാഗങ്ങൾ സംസാരിക്കുന്നതുമടക്കമുള്ള വിചിത്ര സർറിയൽ രചനകൾ ആഗോള പ്രശസ്തി നേടിയവയാണ്. പരസ്പരബന്ധമില്ലാത്ത ഈ രൂപങ്ങളിലേക്ക് ഏറെ നേരം സൂക്ഷിച്ചു നോക്കുന്നവർക്ക് പുതിയ അർഥതലങ്ങളും ഭാവങ്ങളും വായിച്ചെടുക്കാനാകാറുണ്ട്. അഞ്ചു വർഷത്തോളമെടുത്താണ് പ്രദർശനം യാഥാർഥ്യമാക്കിയതെന്ന്, സംഘാടകരായ ബ്രൂണോ ആർട്ട് ഗ്രൂപ്പിന്റെ സാരഥി അക്ഷിത അഗർവാൾ പറഞ്ഞു. ‘ഓരോ സൃഷ്ടിയുടെയും ആധികാരികത ഉറപ്പാക്കിയാണ് പ്രദർശനത്തിലെത്തിച്ചത്’ -അവർ പറയുന്നു.
എയർ ഇന്ത്യക്കായി ദാലി ഡിസൈൻ
ദാലി സൃഷ്ടി ഇന്ത്യയിൽ എത്തുന്നത് ഇതാദ്യമല്ല. കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയൽ ഹാളിൽ അദ്ദേഹത്തിന്റെ രണ്ടു കളർ എച്ചിങ്ങുകൾ ഉണ്ട്. കൂടാതെ, 1967ൽ എയർ ഇന്ത്യക്കുവേണ്ടി ദാലി സവിശേഷമായ ആഷ്ട്രേകൾ ഡിസൈൻ ചെയ്തിരുന്നു. ഇവ അക്കാലത്ത് എയർ ഇന്ത്യയിലെ ഒന്നാം ക്ലാസ് യാത്രക്കാർക്ക് ഉപഹാരമായി നൽകിയിരുന്നു. ഈ ജോലിക്ക് പ്രതിഫലമായി ദാലി ചോദിച്ചത് ഒരു ആനക്കുട്ടിയെ ആയിരുന്നുവെന്ന കൗതുകവുമുണ്ട്. അങ്ങനെ ബംഗളൂരുവിലെ മൃഗശാലയിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ ആനക്കുട്ടിയെ സ്പെയിനിലെത്തിച്ചു. അവിടെ ഒരു മൃഗശാലയിൽ പോറ്റിയിരുന്ന ആന 2018ലാണ് ചെരിഞ്ഞത്.
ദ എലിഫെന്റ്സ് (1948)/സാൽവദോർ ദാലി മ്യൂസിയം സെന്റ് പീറ്റേഴ്സ്ബർഗ്, ഫ്ലോറിഡ
വിചിത്ര ഭാവനകളുടെ തമ്പുരാനായ ദാലിക്ക് ആനക്കുട്ടിയുമായി ആൽപ്സ് പർവതനിരകൾ മുറിച്ചുകടക്കണമെന്ന ആശയുമുണ്ടായിരുന്നു. എന്നാൽ, ഭാര്യ അനുവദിക്കാതിരുന്നതിനാൽ ആ ഭ്രാന്തൻ ആശയം നടക്കാതെ പോയി. ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ ഈ മാസം 13 വരെയാണ് പ്രദർശനം. ശേഷം 15, 16 തീയതികളിലായി ബ്രൂണോ ആർട്ട് ഗ്രൂപ്പിന്റെ മസാറത്ത് ആർട്ട് ഗാലറിയിലും പ്രദർശനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.