കാഴ്ചകൾ ബഹുകേമം; അതിശയിപ്പിച്ച് അനുജാത്

തൃശൂർ: കാണുന്നതെന്തും വരക്കുന്ന ശീലമാണ് അനുജാതിന്. അതിനാലാണ് വീട്ടിലെ പൂച്ചയും അയൽവക്കത്തെ ഗർഭിണിയായ പട്ടിയും ആടുമെല്ലാം വരകളിൽ നിറഞ്ഞത്. 'മാർക്കർ' കൊണ്ട് അതിർവരകൾ കൊണ്ട് മാത്രം തീർക്കുന്ന ചിത്രങ്ങൾക്ക് പൂർണതയേറെയുണ്ട്. വെറും കുത്തുവരകളായി തോന്നാത്തത് അതിനാലാണ്. ആ വെറും വരകളിൽനിന്ന് ലോക ശ്രദ്ധ പിടിച്ചുപറ്റിയ 'എന്‍റെ അമ്മയും അയൽപക്കത്തെ അമ്മമാരും' കേരള ബജറ്റിൽ ഇടംപിടിച്ച ചിത്രത്തിലേക്കുള്ള സഞ്ചാരം അത്ര ദൈർഘ്യമേറിയതൊന്നുമല്ല. അനുജാത് എന്ന പതിനൊന്നാം ക്ലാസുകാരന്‍റെ വരയുടെ പ്രയാണവും സ്വഭാവവും സന്ദേശവുമായിരുന്നു ശനിയാഴ്ച തൃശൂർ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങിയ 'എനിക്കു ചുറ്റും എന്തെന്തു കാഴ്ചകൾ!' ചിത്ര പ്രദർശനം. ഗ്യാസ് വീട്ടിലെത്തുന്നയാൾ, വഴിയരികിൽ ചായ വിൽക്കുന്നയാൾ, പഞ്ഞിമിഠായിക്കാരൻ, നേന്ത്രക്കുലയുമായി പോകുന്നയാൾ, ഫുട്പാത്ത് കച്ചവടക്കാരൻ, കത്തി മൂർച്ച കൂട്ടുന്നയാൾ, പഴ വിൽപനക്കാരൻ, റേഷൻ കടക്ക് മുന്നിലെ വരി ഒന്നും നമുക്ക് പുതുമയുള്ളതല്ല, അതുതന്നെയാണ് അനുജാതിന്‍റെ ചിത്രങ്ങളെ താൽപര്യപ്പെടുത്തുന്ന ഘടകവും.

എടുത്തുപറയേണ്ട രണ്ട് വഴിയോര ചിത്രങ്ങളുണ്ട് പ്രദർശനത്തിൽ. ഒന്ന് തൃശൂർ വടക്കേ സ്റ്റാൻഡിലെ ഇന്ത്യൻ കോഫി ഹൗസും തിരുവമ്പാടി ക്ഷേത്രത്തിന് സമീപത്തെ 'ഗണപതി വിലാസ് കഫേ'യും. രണ്ട് ഇടങ്ങളെ അടയാളപ്പെടുത്തുന്ന ഈ വഴിയോര ചിത്രങ്ങളിലെ സൂക്ഷ്മ വരകൾ ആരെയും അദ്ഭുതപ്പെടുത്തും. 2014 മുതൽ വരച്ച ഏകദേശം എട്ടു വർഷക്കാലത്തെ വരകളിലെ തിരഞ്ഞെടുത്ത 70 ചിത്രങ്ങളുണ്ട് പ്രദർശനത്തിൽ. ചെറുപ്പം മുതലേ കണ്ട കാര്യങ്ങൾ വരക്കുന്ന ശീലമുണ്ടായിരുന്നു അനുജാതിന്. ആർട്ടിസ്റ്റായ പിതാവ് വിനയ്ലാൽ വരയുടെ ലോകത്തെ വികാസത്തിന് സഹായിച്ചിട്ടുണ്ട്. പെയിന്‍റിങ്ങിൽ അക്രലിക് മാധ്യമമാണ് കൂടുതലും ഉപയോഗിക്കുന്നത്. ഇപ്പോൾ പാട്ടുരായ്ക്കൽ ദേവമാത സ്കൂളിലെ 11ാം ക്ലാസ് വിദ്യാർഥിയാണ് 2016ലെ രാഷ്ട്രപതി പുരസ്കാരം, ശങ്കേഴ്സ് രാജ്യാന്തര പുരസ്കാരം എന്നിവ നേടിയ അനുജാത് സിന്ധു വിനയ്ലാൽ. ഈ മാസം 22 വരെ നടക്കുന്ന പ്രദർശനത്തോടനുബന്ധിച്ച് കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിക്കാനുള്ള 'ചിത്രോത്സവ'വും നടക്കുന്നുണ്ട്.

നിഷ്കളങ്കതയെ കല തിരിച്ചുപിടിക്കുന്നു -കവി സച്ചിദാനന്ദൻ

അ​നു​ജാ​തിന്‍റെ ചി​ത്ര​പ്ര​ദ​ർ​ശ​നം ഉ​ദ്​​ഘാ​ട​നം ചെ​യ്ത ശേ​ഷം സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ്​ കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ ചിത്രങ്ങൾ കാണുന്നു

തൃശൂർ: നഷ്ടപ്പെട്ടുപോയ നിഷ്കളങ്കതയെ കല വീണ്ടെടുത്ത് വരുകയാണെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ. സച്ചിദാനന്ദൻ. ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ അനുജാതിന്‍റെ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രചീന കാലത്തിലെ പോലെ ലളിതവും നിഗൂഢവുമായ ഒരു പ്രപഞ്ച വീക്ഷണത്തിലേക്ക് കല സഞ്ചരിക്കുകയാണ്. കുട്ടിത്തത്തിലേക്കുള്ള തിരിച്ചു പോവലായി വേണമെങ്കിൽ കരുതാം. കുട്ടികൾ എന്ന നിലയിൽ നാം എത്രയോ ചിത്രങ്ങൾ വരച്ചവരാണ്. വലുതായപ്പോൾ എങ്ങോട്ടാണ് നമ്മിലെ ചിത്രകാരൻ അപ്രത്യക്ഷമായത്? ദൈനംദിന ജീവിതത്തിനുവേണ്ടിയുള്ള പ്രയത്നങ്ങൾ നമ്മിലെ കലയെ നശിപ്പിക്കുന്നു എന്ന് തോന്നാറുണ്ട്. എല്ലാ കലയും സംഭാഷണമാണ്.

അവനവനുമായുള്ള സംഭാഷണം, അപരനുമായുള്ള സംഭാഷണം, പ്രകൃതിയുമായുള്ള സംഭാഷണം, പ്രപഞ്ചവുമായുള്ള സംഭാഷണം. അനുജാതിന്‍റെ ചിത്രങ്ങളിൽ ഇവ വ്യക്തമായി കാണാമെന്നും അദ്ദേഹം പറഞ്ഞു. പി. ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡോ. പി. ഭാനുമതി, ഐ. ഷൺമുഖദാസ്, ടി.എ. ഉഷാകുമാരി, എം.ആർ. അനൂപ് കിഷോർ, വിനയ്ലാൽ, എൻ.രാജൻ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - drawings of anujath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.