തൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 16ാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് എത്തുന്നവര്‍ക്ക് നാടകവും ഡോക്യുമെന്ററിയും കണ്ട് മടങ്ങാം. 25 മുതല്‍ ഫെബ്രുവരി ഒന്നു വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായാണ് ഡോക്യുമെന്ററി പ്രദര്‍ശനവും ഒരുക്കിയിരിക്കുന്നത്. ഡോക്യുമെന്ററി പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഇറ്റ്‌ഫോക്കിന്റെ രണ്ടാംദിനമായ 26 മുതല്‍ 31 വരെയാണ് ഇറ്റ്‌ഫോക്ക് വേദിയിയായ ഫാവോസില്‍ പ്രദര്‍ശനം.
ഈ ദിവസങ്ങളില്‍ വൈകീട്ട് അഞ്ചിനാണ് പ്രദര്‍ശനം സംഘടിപ്പിക്കുക. 26ന് വൈകീട്ട് അഞ്ചിന് ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്റെ ‘വിവേക്’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. സമകാലിക ഇന്ത്യയുടെ അവസ്ഥ ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയാണ് വിവേക്. പ്രദര്‍ശനത്തിന് ശേഷം ആനന്ദ് പട്‌വര്‍ദ്ധനുമായുള്ള സംവാദവും ഉണ്ടായിരിക്കും. 27ന് തമിഴ് സിനിമാമേഖലയിലെ വര്‍ണ്ണവിവേചനത്തെ കുറിച്ച് സംസാരിക്കുന്ന ‘കളേഴ്‌സ് ഓഫ് കോളിവുഡ്- എ മെലാനിന്‍ ഡെഫിഷ്യന്‍സി’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. പാറോ സലില്‍ ആണ് ഇതിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
28ന് സ്ത്രീകള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളെയും അവരുടെ പോരാട്ടങ്ങളെയും കുറിച്ച് സംസാരിക്കുന്ന ‘ബിയോണ്ട് ഹെയ്റ്റ്‌റെഡ് ആന്റ് പവര്‍ വീ കീപ്പ് സിങ്ങിങ്ങും’ പ്രദര്‍ശിപ്പിക്കും. മലയാളിയായ രാം ദാസ് കടവല്ലൂര്‍ ആണ് സംവിധാനം നിര്‍വഹച്ചിരിക്കുന്നത്.
29ന് ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥിതിയിലെ ന്യൂനതകള്‍ തുറന്നുകാട്ടുന്ന ‘ജനനീസ് ജൂലിയറ്റും’ പ്രദര്‍ശിക്കും. പങ്കജ് റിഷി കപൂറാണ് സംവിധാനം. 30ന് കല പ്രത്യേകിച്ചും നാടകം എങ്ങനെയാണ് ഒരു വ്യക്തിയുടെ അല്ലെങ്കില്‍ സമൂഹത്തിന്റെ ജീവിതത്തെ സ്വാധീനിക്കുന്നത് എന്ന് ചര്‍ച്ച ചെയ്യുന്ന ‘അര്‍ണ്ണാസ് ചില്‍ഡ്രന്‍’ എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും. ഫലസ്തീന്‍ അഭയാർഥി ക്യാമ്പിലുള്ള കുട്ടികളുടെ ജീവിതത്തിലൂടെയാണ് ഡോക്യൂമെന്ററി കടന്നുപോകുന്നത്. ജൂലിയാനോ മെര്‍ ഖാമിസ് ആണ് സംവിധായകന്‍. 31ന് അധികാരം മനുഷ്യത്വത്തിന് മേല്‍ നടത്തുന്ന അതിക്രമങ്ങളെയും അടഞ്ഞ സാമൂഹ്യവ്യവസ്ഥിതിയിലെ നിശബ്ദതയെയും കുറിച്ച് സംസാരിക്കുന്ന അഭിജിത്ത് ദാസ് ഗുപ്തയുടെ ‘ദി
ജയില്‍’ ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും. ഇതിനുപുറമേ സംവാദങ്ങളും കല-സാംസ്‌കാരിക പരിപാടികളും വിവിധ എക്‌സിബിഷനുകളും ഇറ്റ്‌ഫോക്കിന്റെ വേദിയില്‍ അരങ്ങേറുന്നുണ്ട്
അന്താരാഷ്ട്ര നാടകോത്സവത്തില്‍ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി വിദ്യാർഥികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്തി കേരള സംഗീത നാടക അക്കാദമി. സാധാരണയായി ഒരു നാടകം കാണുന്നതിനുള്ള ടിക്കറ്റ് വില 90 രൂപയാണ്. എന്നാല്‍ വിദ്യാർഥികള്‍ 70 രൂപ നല്‍കിയാല്‍ മതി. ഓഫ്‌ലൈനായി ടിക്കറ്റെടുക്കുമ്പോഴാണ് വിദ്യാർഥികള്‍ക്ക് ഈ ഇളവ് ലഭിക്കുക. അക്കാദമി കോമ്പൗണ്ടില്‍ സജ്ജമാക്കുന്ന ടിക്കറ്റ് കൗണ്ടറില്‍ നിന്ന് ടിക്കറ്റ് എടുക്കുമ്പോള്‍ പഠിക്കുന്ന സ്ഥാപനത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയാല്‍ വിദ്യാർഥികള്‍ക്ക് ഇളവ് ലഭിക്കും. പരിമിതമായ സീറ്റുകള്‍ മാത്രമുള്ള ബ്ലാക്ക് ബോക്‌സ് തിയേറ്റര്‍,സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളില്‍ അരങ്ങേറുന്ന നാടകങ്ങളുടെ ടിക്കറ്റുകള്‍ക്ക് ഈ ഇളവ് ബാധകമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.