ഗസ്സയിലെ കുഞ്ഞുങ്ങൾ

ചോരയിൽ മുങ്ങിയ

കണ്ണീർപ്പുഴയിലൂടെ

ഇല്ലാത്ത കാലുകളാൽ നീന്തി,

ഗാസയിലെ കുഞ്ഞുങ്ങൾ

ദൈവത്തെ കാണാൻ ചെന്നു

ചോരയിറ്റുന്ന കരങ്ങളിലവർ

* ജിപ്സോഫീലിയ പൂക്കൾ പേറിയിരുന്നു

അവരുടെ നോട്ടത്തിലെ ചൂട്

നേരിടാനാവാതെ തലകുനിച്ച ദൈവം

നിങ്ങളെന്തിനാണ് വന്നതെന്ന്

അവരോട് പതുക്കെച്ചോദിച്ചു

എന്തിനാണവർ

ഞങ്ങളോടിങ്ങനെ ചെയ്തതെന്ന

അവരുടെ ചോദ്യങ്ങൾ

മിന്നൽപ്പിണർ പോലെ

പേമാരി പോലെ

സ്വർഗത്തിൻ്റെ ആകാശം

പിടിച്ചുലച്ചപ്പോൾ,

സഭയിലിരുന്ന പ്രവാചകന്മാരും

മാലാഖമാരും

പേടിച്ച് പുറത്തേക്കോടി !

ഏറെ ചിന്തിച്ച ശേഷം

ദൈവമവരെ

ഇങ്ങനെ സമാധാനിപ്പിച്ചു :

നിങ്ങൾ കൊണ്ടുവന്ന

ഈ ചോരക്കണ്ണീർ പ്രവാഹം

ഞാനങ്ങോട്ടു തിരിച്ചുവിടുകയാണ്

ക്രൂരന്മാരായ

ആ കടൽക്കിഴവന്മാർ

ഇതിൽ മുങ്ങി തീർന്നു കൊള്ളും

ജിപ്സോഫീലിയ പൂക്കളുടെ നാട്

കുഞ്ഞുങ്ങളേ നിങ്ങൾക്ക്

ഞാൻ തിരിച്ചു തരും

ഗാസയിലെ കുഞ്ഞുങ്ങളെ

നെഞ്ചോടു ചേർക്കുമ്പോൾ,

ദൈവത്തിൻ്റെ നരച്ച കണ്ണുകൾ

നിറഞ്ഞൊഴുകുകയായിരുന്നു.


(* ജിപ്സോഫീലിയ - വെളുത്തു മനോഹരമായ ഒരു കുഞ്ഞുപൂവ് . Baby's breath എന്നും പേര്)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.