ഗുവാഹത്തി: ഇന്ത്യൻ സംഗീതത്തിലെ ഇതിഹാസങ്ങളിലൊരാളായ ഭൂപൻ ഹസാരികയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദര സൂചകമായി 100 രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി.
ഗായകൻ, സംഗീതജ്ഞൻ, ഗാനരചയിതാവ്, ചലച്ചിത്രകാരൻ, കവി, രാഷ്ട്രീയക്കാരൻ തുടങ്ങിയ നിലകളിൽ അറിയപ്പെടുകയും അസമിന്റെ സാംസ്കാരിക മേഖലയിലെ ഇതിഹാസവുമായി അറിയപ്പെടുന്ന ഹസാരികയെ രാജ്യം പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകി ആദരിച്ചിട്ടുണ്ട്.
രണ്ടു ദിവസത്തെ മണിപ്പൂർ സന്ദർശനം കഴിഞ്ഞ് അസമിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി നാണയം റിലീസ് ചെയ്തത്. ഒപ്പം ഹസാരികയുടെ ജീവിതത്തെ ആസ്പദമാക്കി അനുരാധ ശർമ ബോർ പുജാരി എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും പ്രധാനമന്ത്രി നിർവഹിച്ചു.
ഇന്ത്യൻ സംഗീത്തിനും സംസ്കാരത്തിനും നിസ്തുലമായ സംഭാവന നൽകിയ ഹസാരികയുടെ ജീവിതം സമാനതകളില്ലാത്തതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജന്മവാർഷികത്തോടനുബന്ധിച്ച് ആദ്യമായാണ് ഒരു അസം കാരന്റെ പേരിൽ പ്രത്യേകമായി നാണയമിറങ്ങുന്നത്.
ധനകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം മുംബൈയിൽ നിന്ന് പുറത്തിറങ്ങിയ നാണയം പൂർണമായും വെള്ളിയിൽ നിർമിച്ചതാണ്. 40 ഗ്രാം ഭാരമാണ് ഇതിനുള്ളത്. 44 മില്ലിമീറ്ററാണ് ആരം.
നാണയത്തിന്റെ ഒരു വശത്ത് ഹസാരികയുടെ ചിത്രമുണ്ട്. ഡോ. ഭൂപൻ ഹസാരിക ബർത്ത് സെൻറിനറി എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും രേഖപ്പെടുത്തിയിട്ടുണ്ട്. മറുവശത്ത് അശോകസ്തംഭവും രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.