കോഴിക്കോട്: കോഴിക്കോട് ആകാശവാണി നിലയത്തിൽ നിന്നുള്ള എ.എം, എഫ്.എം സംപ്രേഷണം ഒന്നാക്കി ലയിപ്പിച്ചു. എ.എം, എഫ്.എം ശ്രോതാക്കൾക്ക് ഇനി ഒരേ പരിപാടി മാത്രമെ ആസ്വദിക്കാൻ കഴിയൂ. നിലവിൽ എഫ്.എം എന്ന പേരിലാണ് സംപ്രേഷണമെങ്കിലും പേരുമാറ്റത്തിന് സാധ്യതയുണ്ട്. അനന്തപുരി എഫ്.എമ്മിന് പിന്നാലെയാണ് കോഴിക്കോട് റിയൽ എഫ്.എമ്മും എ.എമ്മുമായി ലയിപ്പിക്കുന്നത്. അനന്തപുരി എഫ്.എമ്മിന്റെ പേരും മാറ്റിയിട്ടുണ്ട്. വിവിധ് ഭാരതി പരിപാടികൾ നിർത്തിവെച്ച് ഇനി രാത്രി 11.10 മുതൽ പുലർച്ചെ 5.50വരെ എഫ്.എം ഗോൾഡ് പരിപാടികളായിരിക്കും പ്രക്ഷേപണം ചെയ്യുക. ആംപ്ലിറ്റ്യൂഡ് മോഡുലേഷൻ (എ.എം) നിലയങ്ങൾ കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായാണ് എഫ്.എമ്മുമായി (ഫ്രീക്വൻസി മോഡുലേഷൻ) ലയിപ്പിക്കുന്നത്.
പരിപാടികളിലെ വൈവിധ്യം അവസാനിപ്പിക്കുന്നത് ജീവക്കാരിൽ നിന്നടക്കം പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ഉത്തരവ് വന്നതിനുശേഷം മാത്രമാണ് ഇക്കാര്യം കീഴ് ജീവനക്കാരെയും കരാർ ജീവനക്കാരെയും അറിയിച്ചത്. സ്വകാര്യ എഫ്.എം സ്റ്റേഷനുകളെ സഹായിക്കാനാണ് പുതിയ നീക്കമെന്നും ആരോപണമുണ്ട്. ലയനത്തിന് ഒരുവർഷം മുമ്പുതന്നെ നീക്കം നടത്തിയിരുന്നെങ്കിലും കലാകാരന്മാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.
എ.എമ്മിൽ സംപ്രേഷണം ചെയ്തിരുന്ന പടയണി, തെയ്യം, വലയും തീരവും, തിരുവാതിര, സ്കൂൾ വിദ്യാർഥികൾക്കായുള്ള പൂക്കൂട തുടങ്ങിയ പ്രാദേശിക പരിപാടികൾ എല്ലാം എഫ്.എമ്മിലും ലഭിക്കും. ഇരു നിലയങ്ങളും ലയിപ്പിക്കുന്നതോടെ ഇരുവിഭാഗത്തിലും ഏറെ ആസ്വാദകരുള്ള പരിപാടികളുടെ എണ്ണം പകുതിയായി കുറയും. പ്രാദേശിക പരിപാടികളെയാണ് ഇത് ഗുരുതരമായി ബാധിക്കുക. എ.എമ്മിൽ അവസരങ്ങൾ ലഭിച്ചിരുന്ന ഗ്രേഡ് കലാകാരന്മാർക്ക് തൊഴിൽ നഷ്ടപ്പെടും.
ഇരുവിഭാഗത്തിലെയും അനൗൺസർമാർ അടക്കമുള്ള ജീവനക്കാരുടെ എണ്ണവും പകുതിയായി കുറയും. കേന്ദ്ര സർക്കാറിന്റെ വികസന പരിപാടികൾ, വാർത്തകൾ, ഡൽഹി, തിരുവനന്തപുരം എന്നിവിടങ്ങളിലെ റിലേ പരിപാടികൾ എന്നിവയെല്ലാം എഫ്.എം റോഡിയോയിലും സംപ്രേഷണം ചെയ്യും. നിലവിൽ എഫ്.എം പരിപാടികൾ മാത്രം ആസ്വദിക്കുന്ന ശ്രോതാക്കളെ ഇത് ബാധിച്ചേക്കും. അവർ മറ്റ് സ്വകാര്യ എഫ്.എമ്മുകളിലേക്ക് ചെക്കേറാനിടയുണ്ട്. 40 ലക്ഷത്തിലധികം ശ്രോതാക്കളുള്ള കോഴിക്കോട് എഫ്.എം സ്റ്റേഷൻ സംസ്ഥാനത്ത് പരസ്യവരുമാനത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.