ചാലക്കുടി: അമർ അക്ബർ ആന്‍റണി എന്ന സിനിമയിൽ രമേശ് പിഷാരടിയുടെ 'ഉണ്ണി' യെന്ന കഥാപാത്രത്തെ ഓർമയില്ലെ. അതുപോലൊരു ഉണ്ണി തൃശൂർ പിടിയിലായി. ലഹരിക്കെതിരെ നിരവധി ടെലിഫിലിം നിർമിച്ചയാൾക്ക് ലഹരി മൂത്തപ്പോൾ ദേശീയപാത നൃത്തവേദിയായി തോന്നി. പിന്നെ ഒന്നും നോക്കിയില്ല, നൃത്തചുവടുകളുമായി സംഗതി കൊഴുത്തതോടെ പൊലീസ് ഇറങ്ങി കൈയോടെ പൊക്കി.
എറണാകുളം പള്ളിമുക്ക് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് മാരക ലഹരി മരുന്നായ എം.ഡി.എം.എ കണ്ടെടുത്തു.
കഴിഞ്ഞദിവസം പുലർച്ച മൂന്നിന് മയക്കുമരുന്ന് ലഹരിയിൽ ചിറങ്ങര ദേശീയപാത ജങ്ഷനിൽ നൃത്തം ചെയ്ത പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 2.50 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. ഇതിന് 25,000 രൂപയോളം വില വരും. പിടിയിലായ വിഷ്ണുരാജ് നിരവധി ടെലിഫിലിമുകൾ നിർമിക്കുകയും കാമറമാനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
ഇയാളുടെ ടെലിഫിലിം പലതും ലഹരി ഉപയോഗത്തിെൻറ വിപത്തിനെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കുന്നവയാണെന്ന് പൊലീസ് പറഞ്ഞു. പ്രതി ഉപയോഗിച്ച ആഡംബര വാഹനവും പിടിച്ചെടുത്തു. പ്രതിക്ക് ലഹരി ലഭിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കൊരട്ടി സി.ഐ ബി.കെ. അരുൺ പറഞ്ഞു. എസ്.ഐമാരായ സി.കെ. സുരേഷ്, എം.എസ്. പ്രദീപ്, സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ മുരുകേഷ് കടവത്ത്, സീനിയർ സി.പി.ഒമാരായ സജീഷ് കുമാർ, ജിബിൻ വർഗീസ്, ഹോംഗാർഡ് ജോയി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.