കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ജൻമദിനം ആഘോഷിക്കാനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ 20കാരിയെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. കൊൽക്കത്തയിലെ ഉൾപ്രദേശമായ റീഗന്റ് പാർക്കിൽ വെള്ളിയാഴ്ചയാണ് സംഭവം. കുറ്റകൃത്യം നടത്തിയതിനു ശേഷം ഒളിവിൽ പോയ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ചന്ദൻ മാലിക്, ദീപ് എന്നിങ്ങനെയാണ് ഇവരുടെ പേരുകളെന്ന് പൊലീസ് പറഞ്ഞു. ദീപ് സർക്കാർ ഉദ്യോഗസ്ഥനാണ്. വെള്ളിയാഴ്ചയായിരുന്നു പെൺകുട്ടിയുടെ ജൻമദിനം.
പെൺകുട്ടിയുടെ ജൻമദിനം ആഘോഷിക്കാമെന്ന് പറഞ്ഞാണ് പ്രതികൾ ദീപിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അവിടെ നിന്ന് മൂവരും ഭക്ഷണം കഴിച്ചു. അതിനു ശേഷം വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞ പെൺകുട്ടിയെ ഇരുവരും തടഞ്ഞുവെച്ചു. വാതിൽ പൂട്ടിയ ശേഷം ഇരുവരും കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ 10.30നാണ് പെൺകുട്ടിക്ക് പുറത്തിറങ്ങാൻ സാധിച്ചത്. വീട്ടിലെത്തിയ ശേഷം പെൺകുട്ടി നടന്ന കാര്യങ്ങൾ എല്ലാവരെയും അറിയിച്ചു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. പശ്ചിമ ബംഗാളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ പരമ്പരയിലെ പുതിയ സംഭവമാണിത്.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് പെൺകുട്ടി ചന്ദനെ പരിചയപ്പെടുന്നത്. സൗത്ത് കൊൽക്കത്തയിലെ ദുർഗ പൂജ കമ്മിറ്റിയിലെ തലവനാണെന്നാണ് ഇയാൾ പരിചയപ്പെടുത്തിയത്. ദീപിനെയും ചന്ദൻ പെൺകുട്ടിക്ക് പരിചയപ്പെടുത്തികൊടുത്തു. മൂവരും സൗഹൃദം തുടർന്നു. പൂജാ കമ്മിറ്റിയിലെ അംഗമാക്കാമെന്ന് ഇരുവരും പെൺകുട്ടിക്ക് വാഗ്ദാനവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.