റോഡരികിൽ നിന്ന് ലഭിച്ച ഫോൺ സ്റ്റേഷനിൽ നിന്നും അടിച്ച് മാറ്റി; പൊലീസുകാരൻ അറസ്റ്റിൽ

കാസർകോട്: റോഡരികിൽ നിന്ന് അതിഥിത്തൊഴിലാളിക്ക് ലഭിച്ച സ്മാർട്ട് ഫോൺ മോഷ്ടിച്ച പൊലീസുകാരൻ അറസ്റ്റിൽ. ചന്തേര പൊലീസ് സ്റ്റേഷനിലെ സി.പി.ഒയും ബദിയടുക്ക നീർച്ചാൽ സ്വദേശിയുമായ വൈ. ബൈജുവിനെയാണ് (41) സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെ അറസ്റ്റ് ചെയ്തത്. വഴിയരികിൽ നിന്ന് ലഭിച്ച ഫോൺ അതിഥി തൊഴിലാളി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ആ ഫോൺ സ്റ്റേഷനിൽ നിന്നും ബൈജു മോഷ്ട്ടിക്കുകയുമായിരുന്നു.

ഈ മാസം 8നാണ് സംഭവം നടന്നത്. സ്റ്റേഷന് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അതിഥിത്തൊഴിലാളിക്കാണ് റോഡരികിൽ നിന്ന് മൊബൈൽ ഫോൺ ലഭിക്കുന്നത്. ഉടൻ തന്നെ ഇയാൾ ഫോൺ ചന്തേര സ്റ്റേഷനിൽ എത്തിച്ചു നൽകുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ രാമന്തളി സ്വദേശിനിയുടേതാണെന്ന് സ്ഥിരീകരിച്ചു.

ഫോൺ നഷ്ടപ്പെട്ട സ്ത്രീയുടെ മകൻ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന ഫോൺ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് സ്റ്റേഷനിലെ പൊലീസുകാരുടെ വാട്സാപ് ഗ്രൂപ്പിൽ ഫോൺ നഷ്ടപ്പെട്ട വിവരം പങ്കുവെക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഐ.എം.ഇ.ഐ (IMEI) നമ്പർ കേന്ദ്രീകരിച്ച് നടത്തിയ സൈബർ പരിശോധനയിൽ ഫോണിന്റെ ലൊക്കേഷൻ ബദിയടുക്ക ടൗണിലാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ നീർച്ചാൽ സ്വദേശിയായ ഒരാളെ ഫോണുമായി കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സ്റ്റേഷനിലെ പൊലീസുകാരനിൽ നിന്നാണ് ഫോൺ വാങ്ങിയതെന്ന് വ്യക്തമായത്.

സംഭവദിവസം പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബൈജു മേശവലിപ്പിൽ നിന്ന് ഫോൺ എടുത്തു മാറ്റുന്നതും സിം കാർഡ് നശിപ്പിക്കുന്നതും സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിരുന്നു. പൊലീസിന്റെ സൽപേരിന് കളങ്കം വരുത്തിയ സംഭവത്തിൽ തെളിവുകൾ സഹിതം പ്രതിയായ പൊലീസുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.

Tags:    
News Summary - CCTV Catches Cop Stealing Lost Phone From Station Locker In Kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.