അറസ്റ്റിലായ ശിവദാസ്, അഖിൽ, ദാസ്

ആഭിചാരക്രിയയെന്ന പേരിൽ യുവതിക്ക് ക്രൂരപീഡനം; ഭർത്താവും മന്ത്രവാദിയും അടക്കം മൂന്നുപേർ അറസ്റ്റിൽ

പത്തനംതിട്ട: പെരുംതുരുത്തിയിൽ ആഭിചാരക്രിയയുടെ പേരിൽ യുവതിക്ക് ശാരീരിക, മാനസിക പീഡനമേറ്റ സംഭവത്തിൽ ഭർത്താവും മന്ത്രവാദിയും അടക്കം മൂന്നുപേർ അറസ്റ്റിൽ. പന്നിക്കുഴി മാടാച്ചിറ വീട്ടിൽ ശിവദാസ് (54), യുവതിയുടെ ഭർത്താവ് തിരുവഞ്ചൂർ കൊരട്ടിക്കുന്നേൽ അഖിൽദാസ് (26), ഇയാളുടെ പിതാവ് ദാസ് (55) എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രണയ വിവാഹിതരായ യുവാവും യുവതിയും ഭർത്താവിന്‍റെ വീട്ടിൽ കഴിഞ്ഞുവരവേ യുവതിയുടെ ശരീരത്തിൽ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ കൂടിയിട്ടുണ്ട് എന്നു പറഞ്ഞ് യുവാവിന്‍റെ മാതാവാണ് ആഭിചാര ക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ടത്. ഇവർ ആവശ്യപ്പെട്ടതനുസരിച്ച് വീട്ടിലെത്തിയ തിരുവല്ല മുത്തൂർ സ്വദേശിയായ ശിവൻ തിരുമേനി എന്ന് വിളിക്കുന്നയാൾ ആഭിചാരക്രിയകൾക്ക് നേതൃത്വം നൽകി. ഈ മാസം രണ്ടിന് പകൽ 11 മണിമുതൽ രാത്രി 9 മണി വരെയാണ് മണിക്കൂറുകൾ നീണ്ട ആഭിചാരക്രിയകൾ നടത്തിയത്.

ഇതിനിടെ യുവതിക്ക് മദ്യം നൽകിയ ശേഷം ബലമായി ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ശരീരത്തിൽ പൊള്ളൽ ഏൽപ്പിക്കുകയും ചെയ്തു. യുവതിയുടെ മാനസികനില തകരാറിലായതിനെ തുടർന്ന് പിതാവ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. സംഭവത്തിനുശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മാറിനിന്ന ഒന്നാംപ്രതിയെ തിരുവല്ല മുത്തൂർ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കൂട്ടുപ്രതികളായ യുവാവിന്റെ മാതാവും മറ്റുള്ളവരും ഒളിവിലാണ്. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Woman brutally tortured on the pretext of witchcraft; Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.