representative image
അഹ്മദാബാദ്: കാമുകൻമാരുടെ സഹായത്തോടെ തൊഴിൽരഹിതനായ ഭർത്താവിനെ കൊലപ്പെടുത്തിയ 38കാരി അറസ്റ്റിലായി. ജൂലൈ 17നാണ് കേസിനാസ്പദമായ സംഭവം. കരഞ്ചിലെ ഭദ്രകാളി ക്ഷേത്രത്തിന് സമീപത്തെ ഫൂട്പാത്തിലായിരുന്നു രേഖ സോളങ്കിയുടെ താമസം. സമീപപ്രദേശത്ത് തന്നെ താമസിച്ച് വന്നിരുന്ന 19കാരനായ സാബിർ പത്താൻ, 23കാരനായ രാജു ദാമർ എന്നിവരുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നു.
ആക്രി പെറുക്കി വിറ്റായിരുന്നു രേഖ ഉപജീവനം നടത്തിയിരുന്നത്. എന്നാൽ രേഖ ജോലി ചെയ്തുണ്ടാക്കുന്ന പണം ഭർത്താവ് ജിഗ്നേഷ് സോളങ്കി ചെലവാക്കുമായിരുന്നു. ഇത് കാലങ്ങളായി തുടർന്നതോടെയാണ് ഇയാളെ വകവരുത്താൻ രേഖ തീരുമാനിച്ചത്. ഭർത്താവിനെ കൊലപ്പെടുത്താമെന്നും ശേഷം അവർക്ക് ഒരുമിച്ച് ജീവിക്കാമെന്നും യുവാക്കൾ രേഖയോട് പറഞ്ഞു.
ജിഗ്നേഷിനെ വധിക്കാൻ ഇരുവരും ശിവം ഠാക്കൂർ എന്നയാളുടെ സഹായം തേടി. ജൂലൈ 17ന് എല്ലിസ് ബ്രിഡ്ജിന് സമീപം ഒത്തു കൂടിയ നാല് പ്രതികളും മദ്യപിക്കുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു.
ശേഷം ജിഗ്നേഷിനെ എല്ലിസ് ബ്രിഡ്ജിന് സമീപത്തെത്തിച്ച പ്രതികൾ മർദിച്ച് അവശനാക്കിയ ശേഷം കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
വിക്ടോറിയ ഗാർഡന് സമീപം മൃതദേഹം ഉപേക്ഷിച്ച പ്രതികൾ രക്ഷപെട്ടു. ഗെയ്കവാദ് ഹവേലി പൊലീസ് കൊലപാതക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച ശേഷം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് രേഖ, പത്താൻ, ഠാക്കൂർ എന്നിവരെ വലയിലാക്കി. ദാമറിനെ പിടികൂടാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.