‘കമ്പ്യൂട്ടറിന്​ മുന്നിൽനിന്ന്​ മാറരുത്, മകനെ കേസിൽ കുടുക്കും’; 45 ലക്ഷം പിൻവലിക്കാൻ വയോധികനെത്തി, സംശയം തോന്നിയ ബാങ്ക് ജീവനക്കാർ ഭാര്യയെ അറിയിച്ച് തട്ടിപ്പ് പൊളിച്ചു

പത്തനംതിട്ട: സൈബര്‍ തട്ടിപ്പിലൂടെ കിടങ്ങന്നൂർ സ്വദേശിയായ വയോധികനില്‍നിന്ന് 45 ലക്ഷം രൂപ തട്ടാനുള്ള ശ്രമം പൊളിച്ച് ബാങ്ക് അധികൃതര്‍. കിടങ്ങന്നൂർ ഫെഡറൽ ബാങ്ക് അധികൃതരുടെ ഇടപെടലിലാണ്​ വെർച്വൽ അറസ്റ്റിലാക്കി തുക തട്ടാനുള്ള നീക്കം പൊളിഞ്ഞത്​. സംശയം തോന്നി ബാങ്ക്​ ഉദ്യോഗസ്ഥർ നൽകിയ വിവരമനുസരിച്ച്​ രംഗത്തെത്തിയ ആറന്മുള പൊലീസിന്‍റെ ഇടപടലും നിർണായകമായി.

മകനെ കേസിൽ കുടുക്കാതിരിക്കാൻ പണം നൽകണമെന്നായിരുന്നു തട്ടിപ്പ്​ സംഘത്തിന്‍റെ ആവശ്യം. പണം നൽകി കേസിൽനിന്ന്​ ഒഴിവായില്ലെങ്കിൽ മകന്​ ജയിലിൽനിന്ന്​ പുറത്തിറക്കാൻ കഴിയില്ലെന്നും ഭീഷണിപ്പെടുത്തി. ഇതിനായി ബാങ്കിലുള്ള മുഴുവൻ തുകയും തങ്ങൾ നൽകുന്ന അക്കൗണ്ടിലേക്ക്​ ട്രാൻസ്​ഫർ ചെയ്യണമെന്നും കമ്പ്യൂട്ടറിന്​ മുന്നിൽനിന്ന്​ മാറരുതെന്നും നിർദേശിച്ചു. ഇതിൽ ഭയപ്പെട്ട വയോധികൻ സംഘത്തിന്‍റെ നിർദേശമനുസരിച്ചാണ്​ 48 മണിക്കൂറോളം പ്രവർത്തിച്ചത്​.

തട്ടിപ്പുകാർ പറഞ്ഞതനുസരിച്ച്​ കഴിഞ്ഞദിവസം ബാങ്കിലെത്തിയ ഇയാൾ, സ്ഥിര നിക്ഷേപം പിന്‍വലിച്ച് മറ്റൊരു അക്കൗണ്ടിലേക്ക് ഇട്ട്​ നൽകണമെന്ന്​ ആവശ്യപ്പെട്ടു. 45 ലക്ഷമായിരുന്നു ഇയാളുടെ പേരിൽ ബാങ്കിലുണ്ടായിരുന്ന സ്ഥിര നിക്ഷേപം. മകന്‍റെ അക്കൗണ്ടിലേക്ക്​ പണം ട്രാൻസ്ഫർ ചെയ്യണമെന്നാണ്​ പറഞ്ഞതെങ്കിലും വയോധികൻ നല്‍കിയ അക്കൗണ്ട് വിവരങ്ങളില്‍ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. മുംബൈയിലുള്ള ഒരു സ്വകാര്യസ്ഥാപനത്തിന്‍റെ അക്കൗണ്ടായിരുന്നു നൽകിയത്​. ഇതോടെ ഇത്രയും തുക ബാങ്കിൽ ഇല്ലാത്തതിനാൽ പിൻവലിക്കാനില്ലെന്ന്​ പറഞ്ഞ്​ ഉദ്യോഗസ്​ഥർ മടക്കി അടച്ചു. പിന്നീട്​ ബാങ്ക്​ ഉദ്യോഗസ്ഥർ വീട്ടിലെത്തി ഭാര്യയുമായി സംസാരിക്കുകയും പണം പിൻവലിക്കാനുള്ള നീക്കം അറിയിക്കുകയും ചെയ്തു. ആറന്മുള പൊലീസിനും വിവരം കൈമാറി. തുടർന്ന്​ പൊലീസ്​ തട്ടിപ്പ്​ തടഞ്ഞു. സംഭവത്തിൽ സൈബർ സെൽ അന്വേഷണം തുടങ്ങി.

അടുത്തിടെ തിരുവല്ലയിലും വെർച്വൽ അറസ്റ്റിലൂടെ പണം തട്ടാൻ ശ്രമം നടന്നിരുന്നു. 21 ലക്ഷത്തിലധികം രൂപ തട്ടാനുള്ള ശ്രമവും ബാങ്ക്​ ഓഫ്​ ബറോഡ ഉദ്യോഗസ്ഥർ ഇടപെടലിലൂടെ പൊളിഞ്ഞിരുന്നു.

Tags:    
News Summary - virtual arrest attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.