ആറ്റിങ്ങൽ: നഗരത്തിലെ ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് വടകര അഴിയൂർ വലിയ മാടാക്കര പാണ്ടികയില്‍ ആസിയയുടെ മകള്‍ അസ്മിന (44) ആണ് മരിച്ചത്. ആറ്റിങ്ങൽ മൂന്നുമുക്കിലെ ലോഡ്ജ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിച്ച ഇതേ ലോഡ്ജിലെ ജീവനക്കാരനായ കോട്ടയം പുതുപ്പള്ളി സ്വദേശി ജോബി ജോര്‍ജിനെ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. ഇയാൾ പുലർച്ചെ മുറിയിൽനിന്ന് പുറത്ത് പോകുന്ന സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൈയില്‍ ചെറിയ മുറിവുണ്ട്. മുറിക്കുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് യുവതിയെ ഭാര്യയെന്ന് പരിചയപ്പെടുത്തി ജോബി ലോഡ്ജില്‍ കൊണ്ടുവന്നത്. ഇയാള്‍ രാത്രി ഒന്നരയോടെ യുവതിയുള്ള മുറിയിലേക്ക് പോയതായി മറ്റു ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു.
ബുധനാഴ്ച രാവിലെ ഏറെ നേരം കഴിഞ്ഞും ജോബി പുറത്തേക്ക് വരാത്തതിനാൽ ജീവനക്കാര്‍ പരിശോധിച്ചെങ്കിലും മുറി തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സഹോദരങ്ങൾ: മുബീന, ഇഷാന, മഹറൂഫ്, നവാസ്, സജീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.