600 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ദലിത് ബാലനെ തൂണിൽ കെട്ടിയിട്ട് മർദിച്ചു

ബറേലി: ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ പലചരക്ക് കടയിൽ നിന്ന് 600 രൂപ മോഷ്ടിച്ചെന്നാരോപിച്ച് 14 വയസ്സുള്ള ദലിത് ബാലനെ വൈദ്യുതിത്തൂണിൽ കെട്ടിയിട്ട് മർദിച്ചു. ആഗസ്റ്റ് 22നാണ് സംഭവം.

കുട്ടിയെ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പ്രദേശവാസികൾ ഫോണിൽ പകർത്തുകയും പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തതോടെയാണ് വിഷയത്തിൽ പൊലീസ് ഇടപെടുന്നത്. പിന്നീട് എസ്‌.സി / എസ്.ടി നിയമപ്രകാരം പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു. കുട്ടിയെ തൂണിൽ കെട്ടിയിട്ട് മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കടയുടമായ മുകേഷ് കുമാറിനെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.

ഗ്രാമത്തിലെ ഒരു കടയിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങി തിരിച്ച് വീട്ടിലെത്തിയ തന്നെ പണം മോഷ്ടിച്ചന്നാരോപിച്ച് കടയുടമ മർദിക്കുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. 'ഞാൻ നിരപരാധിയാണെന്ന് അദ്ദേഹത്തോട് അപേക്ഷിച്ചുകൊണ്ടേയിരുന്നു. പക്ഷെ അയാൾ എന്‍റെ വീട് മുഴുവൻ പരതി പണം തട്ടിയെടുത്തു. ശേഷം പ്രദേശവാസികളുടെ മുന്നിൽ എന്നെ തൂണിൽ കെട്ടിയിട്ട് മർദിച്ചു. നോക്കി നിന്നവരെല്ലാം എന്നെ കള്ളനെന്ന് വിളിച്ച് ആക്രോശിച്ചു'- കുട്ടി പറഞ്ഞു.

കുട്ടിയുടെയും പിതാവിന്‍റെയും മൊഴികൾ രേഖപ്പെടുത്തിയതായി ജലാലാബാദ് സർക്കിൾ ഓഫീസർ മസ സിങ് പറഞ്ഞു. ഐ.പി.സി സെക്ഷൻ 323 പ്രകാരവും എസ്‌.സി/എസ്‌.ടി ആക്‌ട് സഹിതവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയനാക്കി റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Uttar Pradesh: Dalit boy tied to pole & thrashed on on suspicion of stealing Rs 600

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.