ഗുൽഫാം സിങ്
ലഖ്നോ: യു.പിയിലെ സംഭാലിൽ ബി.ജെ.പി നേതാവിനെ ബൈക്കിലെത്തിയ അജ്ഞാതർ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. ഗുൽഫാം സിങ്ങിനെയാണ് (60) കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
ദഫ്താരയിലെ തന്‍റെ ഫാം ഹൗസിന് മുന്നിൽ ഇരിക്കുകയായിരുന്നു ഗുൽഫാം സിങ്. ബൈക്കിലെത്തിയ മൂന്നുപേർ ഇദ്ദേഹത്തെ പിടിച്ചുനിർത്തി വിഷം കുത്തിവെക്കുകയായിരുന്നു.
ഗുൽഫാം സിങ്ങിനെ കാണാനെന്ന വ്യാജേനയാണ് മൂവരുമെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒപ്പമിരുന്ന് സംസാരിച്ച ശേഷം ഇവർ വെള്ളത്തിന് ആവശ്യപ്പെട്ടു. വെള്ളമെടുത്ത് വന്ന് തിരികെ ഇരുന്നതിന് പിന്നാലെ ഗുൽഫാം സിങ്ങിനെ മൂവരും ചേർന്ന് കീഴ്പ്പെടുത്തി. സിറിഞ്ചിൽ കരുതിയിരുന്ന വിഷ പദാർത്ഥം വയറ്റിലേക്ക് കുത്തിവെക്കുകയായിരുന്നു. ഇതിന് പിന്നാലെ അക്രമികൾ സ്ഥലംവിട്ടു.
സിങ്ങിന്‍റെ നിലവിളി കേട്ടെത്തിയ കുടുംബാംഗങ്ങൾ ഉടൻ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. സംഭവം പ്രത്യേക സംഘം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
2004ൽ എസ്.പി നേതാവ് മുലായം സിങ് യാദവിനെതിരെ മത്സരിച്ചയാളാണ് ഗുൽഫാം സിങ്. ബി.ജെ.പിയിൽ വിവിധ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.