അൻസിഫ് അൻസാർ, ഷംനാസ് ഷാജി
തൊടുപുഴ: എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ തൊടുപുഴ എക്സൈസ് പിടിയിൽ. മഞ്ഞള്ളൂർ അച്ചൻകവല തൈപ്പറമ്പിൽ അൻസിഫ് അൻസാർ (25), പെരുമ്പള്ളിച്ചിറ കുന്നത്ത് ഷംനാസ് ഷാജി (33) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 72 മില്ലി ഗ്രാം എം.ഡി.എം.എകണ്ടെടുത്തു. വെങ്ങല്ലൂർ-മങ്ങാട്ടുകവല നാലുവരിപ്പാതയിൽ ശനിയാഴ്ച രാത്രിയാണ് പ്രതികൾ പിടിയിലായത്.
ലഹരി ഇടപാട് നടക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ സ്ട്രൈക്കിങ് ഫോഴ്സ് നഗരത്തിൽ വൈകീട്ട് പരിശോധന നടത്തിയിരുന്നു. ഇതിനിടെ സംശയാസ്പദമായി കണ്ട രൂപമാറ്റം വരുത്തിയ വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് രഹസ്യഅറയിൽ സൂക്ഷിച്ചിരുന്ന എം.ഡി.എം.എ കണ്ടെത്തിയത്. പ്രതികളിലൊരാളായ ഷംനാസ് ഷാജി ഏതാനും മാസം മുമ്പ് എം.ഡി.എം.എ വിൽപനക്കിടെ പിടിയിലായിട്ടുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയിട്ട് ആഴ്ചകൾ മാത്രമേ ആയിട്ടുള്ളൂവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
പ്രതികളെ ഇടുക്കി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തൊടുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.ആർ. പത്മകുമാർ, പ്രിവന്റിവ് ഓഫിസർമാരായ കെ.കെ. മജീദ്, കെ.വി. സുകു, സിവിൽ എക്സൈസ് ഓഫിസർമാരായ അഗസ്റ്റിൻ ജോസഫ്, പി.എസ്. ബിനീഷ് കുമാർ, വി. റിനേഷ്, ഡ്രൈവർ എം.എ. സലിം കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
തൊടുപുഴ: സ്വകാര്യ ഹോസ്റ്റലില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി മൂന്ന് എൽ.എൽ.ബി വിദ്യാര്‍ഥികള്‍ പിടിയിലായി. പൊലീസ് നായ ബ്രൂസിനെ ഉപയോഗിച്ച് ഡി.വൈ.എസ്.പി എം.ആര്.മധുബാബുവിന്റെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഹോസ്റ്റൽ മുറിയില്‍ ഒളിപ്പിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.
രാജകുമാരി കടുക്കാസിറ്റി പറപ്പിള്ളില്‍ നിക്സണ് ജോസഫ് (21), ആലപ്പുഴ കൃഷ്ണപുരം പുള്ളിക്കണക്ക് രത്നഗിരിയില്‍ വീട്ടില്‍ യദു ശശിധരന് (22), ആലപ്പുഴ ഗോവിന്ദമുട്ടം പാലാഴി വീട്ടില്‍ ശ്രീറാം മഹീന്ദ്രന് (23) എന്നിവരാണ് പിടിയിലായത്.
പാഴ്സല്‍ വഴി മയക്കുമരുന്ന് കടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് കൊറിയര്‍ സെന്ററുകളിലും പരിശോധന നടത്തി. സ്കൂള്‍ , കോളജ് പരിസരങ്ങളിലും വാഹന പരിശോധനയ്ക്കും ഇനി ബ്രൂസിന്റെ സേവനം ഉപയോഗപ്പെടുത്തുമെന്ന് ഡി.വൈ.എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.