കൊല്ലപ്പെട്ട മാഞ്ഞൂരാൻ കുടുംബം
ആലുവ: കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊലക്ക് 25 വർഷം തികഞ്ഞു. 2001 ജനുവരി ആറിനായിരുന്നു സംഭവം. സബ്ജയിൽ റോഡിൽ സെൻറ് മേരീസ് എൽ.പി സ്കൂളിന് സമീപം മാഞ്ഞൂരാൻ വീട്ടിൽ ആറംഗ കുടുംബമാണ് കൊലക്കത്തിക്ക് ഇരയായത്. റെയിൽവേ സ്റ്റേഷൻ റോഡിൽ മാഞ്ഞൂരാൻ ഹാർഡ് വെയേഴ്സ് നടത്തിയിരുന്ന മാഞ്ഞൂരാൻ അഗസ്‌റ്റിൻ (47), ഭാര്യ ബേബി (42), മക്കളായ ജെമോൻ (14), ദിവ്യ (12), അഗസ്‌റ്റിന്‍റെ അമ്മ ക്ലാര (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഏറെ അന്വേഷണങ്ങൾക്കൊടുവിലാണ് അഗസ്‌റ്റിന്‍റെ ബന്ധുവും ഇവരുടെ വീട്ടിലെ സ്ഥിരം സന്ദർശകനുമായിരുന്ന ആൻറണിയാണ് കൊല നടത്തിയതെന്ന നിഗമനത്തിൽ ലോക്കൽ പൊലീസ് എത്തിയത്. തുടർന്ന് അന്വേഷിച്ച ക്രൈംബ്രാഞ്ചും ഇത് ശരിവെക്കുകയായിരുന്നു.
വിദേശയാത്രക്ക് പണം നൽകിയില്ല; വൈരാഗ്യത്താൽ കൊലപാതകം
ആലുവ സിറിയൻ ചർച്ച് റോഡ് വത്തിക്കാൻ സ്ട്രീറ്റിലാണ് ആന്‍റണി കുടുംബത്തോടോപ്പം താമസിച്ചിരുന്നത്. നഗരസഭയിൽ താൽക്കാലിക ഡ്രൈവറായിരുന്നു. ഇതിനിടയിൽ ഇയാൾക്ക് വിദേശജോലിക്ക് അവസരം ലഭിച്ചിരുന്നു. ഇതിനുള്ള ചെലവിനായി കൊച്ചുറാണി പണം വാഗ്ദാനം ചെയ്തിരുന്നെങ്കിലും നൽകിയില്ല. ഇതിലെ വൈരാഗ്യമാണ് കൂട്ടക്കൊലക്ക് പ്രേരിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.
പണം വാങ്ങാനാണ് സംഭവദിവസം രാത്രി ആന്‍റണി ഈ വീട്ടിലെത്തിയത്. ഇതിനിടയിൽ അഗസ്‌റ്റിനും ഭാര്യയും മക്കളും സെക്കൻഡ് ഷോക്ക് പോകുകയും ചെയ്തു. പണം ആവശ്യപ്പെട്ടിട്ടും നൽകാതായതോടെ ആന്‍റണി കൊച്ചുറാണിയെയും തടയാനെത്തിയ ക്ലാരയെയും വെട്ടിക്കൊല്ലുകയായിരുന്നു. ഇതിന് ശേഷം ഇവിടെനിന്ന് പോകാതെ അഗസ്‌റ്റിനും കുടുംബവും സിനിമ കഴിഞ്ഞുവരാൻ കാത്തുനിന്നു. അവർ എത്തിയപ്പോൾ അവരെയും കൊലക്കത്തിക്ക് ഇരയാക്കിയതായും കുറ്റപത്രത്തിൽ പറയുന്നു.
കൊച്ചുറാണിയുടെയും ക്ലാരയുടെയും കൊലപാതകവിവരം ഉടൻ പുറത്തുവരാതിരിക്കാനാണ് മറ്റുള്ളവരെയും കൊന്നതത്രെ. പിറ്റേന്നു പുലർച്ചെ ട്രെയിനിൽ മുംബൈയിലേക്കും അവിടെനിന്ന് സൗദിയിലെ ദമ്മാമിലേക്കും ആന്‍റണി പോയി. കൊലപാതകം പുറത്തറിഞ്ഞപ്പോൾ പ്രതി ദമ്മാമിൽ എത്തിയിരുന്നു. കൊലപാതകി ആന്‍റണിയാണെന്ന നിഗമനത്തിലെത്തിയ പൊലീസ്, ഭാര്യയെക്കൊണ്ട് ഫോൺ ചെയ്താണ് തിരികെവരുത്തിയത്. തിരിച്ചുവരുന്നതിനിടയിൽ ഫെബ്രുവരി 18ന് മുംബൈ വിമാനത്താവളത്തിൽവെച്ചാണ് അറസ്‌റ്റ് ചെയ്തത്.
പൊലീസ് കണ്ടെത്തൽ ശരിവെച്ച് സി.ബി.ഐയും
ആന്‍റണി മാത്രമാണ് പ്രതിയെന്ന അന്വേഷണ സംഘങ്ങളുടെ കണ്ടെത്തൽ ഉൾക്കൊള്ളാൻ ആർക്കുമായില്ല. കൊല്ലപ്പെട്ട ബേബിയുടെ ബന്ധുക്കൾ പൊലീസ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങളിൽ അതൃപ്‌തി പ്രകടിപ്പിച്ചു. കൂടുതൽ പ്രതികളുണ്ടെന്നായിരുന്നു ഇവരുടെ ആരോപണം. ഇതേ തുടർന്നാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. എന്നാൽ, അവരും ഒടുവിൽ ആന്‍റണിയിൽതന്നെ എത്തിച്ചേരുകയായിരുന്നു.
2006 സെപ്‌റ്റംബർ 18 ന് ഹൈകോടതി വധശിക്ഷ ശരിവെച്ചെങ്കിലും നവംബർ 13 ന് സുപ്രീംകോടതി വിധി സ്റ്റേ ചെയ്തു. എന്നാൽ, 2009ൽ വധശിക്ഷ വീണ്ടും അംഗീകരിച്ചു. തുടർന്ന് നൽകിയ പുനഃപരിശോധന ഹർജിയും തള്ളപ്പെട്ടു. രാഷ്ട്രപതിക്ക് ദയാഹരജി നൽകിയിട്ടും ഫലമുണ്ടായില്ല. ഇതേ തുടർന്ന് ആന്‍റണിയെ തൂക്കിക്കൊല്ലാനുള്ള നടപടികൾക്ക് പൂജപ്പുര ജയിലിൽ തുടക്കമിട്ടിരുന്നു.
കഴുമരത്തിൽനിന്ന് ജീവിതത്തിലേക്ക്...
ആലുവ: കഴുമരത്തിലെത്തിയ ആൻറണിക്ക് തിരികെ ജീവിതത്തിലേക്ക് വഴിയൊരുങ്ങിയ ദിവസമാണ് 2018 ഡിസംബർ 11. ജസ്‌റ്റിസ് ആർ.എം. ലോധയുടെ 2014 ൽ ഇറക്കിയ സുപ്രധാന ഉത്തരവാണ് ആൻറണിയുടെ വിധി മാറ്റിമറിച്ചത്. വധശിക്ഷക്കെതിരായ പുനഃപരിശോധന ഹരജികൾ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്‌റ്റിസായിരുന്ന ലോധയുടെ ഉത്തരവ്. ഇതേ തുടർന്നാണ് 2018ൽ ആന്‍റണിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചത്. വധശിക്ഷ വിധിച്ചതിനെ തുടർന്ന് 13 വർഷം ഏകാന്ത തടവിലായിരുന്നു ആന്‍റണി. നിലവിൽ പരോളിലുള്ള ആന്‍റണി നാട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.