യുവാവിനെ ലോഡ്ജിൽ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

കൊച്ചി: യുവാവിനെ ലോഡ്ജ് മുറിയിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങളും പണവും കവർന്ന സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ ജിതിൻ, ഭാര്യ ഹസീന, അൻഷാദ് എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതി അനസ് ഒളിവിലാണ്.

ആഗസ്റ്റ് എട്ടിനായിരുന്നു സംഭവം. ഒന്നാം പ്രതിയായ ഹസീന ജോലി ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിൽ ഹോം നഴ്സിങ് സർവിസ് നടത്തുന്ന വൈക്കം സ്വദേശിയായ യുവാവിനെ സമീപിച്ചിരുന്നു. കുറച്ച് ദിവസങ്ങളുടെ പരിചയത്തിൽ ഹസീന ആവശ്യപ്പെട്ട പണം നൽകാനാണ് യുവാവ് ലോഡ്ജിൽ പോയതെന്ന് പൊലീസ് പറഞ്ഞു. ഓൺലൈനായി അയച്ച് നൽകാമെന്ന് പറഞ്ഞെങ്കിലും ലോൺ എടുത്തതിനാൽ അക്കൗണ്ടിലെത്തിയാൽ പണം ബാങ്കുകാർ പിടിക്കുമെന്ന് പറഞ്ഞ് നേരിട്ട് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ലോഡ്ജിലെത്തി ഇരുവരും സംസാരിക്കുന്നതിനിടെ ഹസീനയുടെ ഭർത്താവ് ജിതിനും അൻഷാദും അനസും ഇവിടേക്കെത്തുകയും യുവാവിനെ കസേരയോടെ കെട്ടിയിടുകയുമായിരുന്നു.

വായിൽ തോർത്ത് തിരുകി മർദിക്കുകയും ചെയ്തു. യുവാവിന്റെ സ്വർണമാല, മോതിരം കൈച്ചെയിൻ എന്നിവയും കൈയിലുണ്ടായിരുന്ന 30,000 രൂപയും പ്രതികൾ കൈക്കലാക്കി. എ.ടി.എം പിൻ നമ്പർ ഭീഷണിപ്പെടുത്തി വാങ്ങുകയും അക്കൗണ്ടിൽ നിന്ന് 10,000 രൂപ പിൻവലിക്കുകയും ചെയ്തു. കൂടാതെ ഫോൺ തട്ടിയെടുത്ത് കടയിൽ വിറ്റു. ഇതിനു പുറമെ യുവാവിനെ ഭീഷണിപ്പെടുത്തി ഹസീന ഓൺലൈൻ വഴി 15,000 രൂപ കൂടി കൈക്കലാക്കിയെന്നും പൊലീസ് പറഞ്ഞു.

സംഭവം പുറത്തു പറഞ്ഞാൽ സമൂഹ മാധ്യമങ്ങൾ വഴി അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ആദ്യം പരാതിപ്പെടാതിരുന്ന യുവാവ് പിന്നീട് പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ്, സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഹസീനയെയും ജിതിനെയും അൻഷാദിനെയും പിടികൂടി. അനസിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. 

Tags:    
News Summary - Three people, including a woman, were arrested in the case of robbing a young man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.