ഒരു കിലോയിലേറെ സ്വർണം കവർന്ന കേസിൽ മൂന്ന് പ്രതികൾകൂടി അറസ്റ്റിൽ

കോഴിക്കോട്: ബംഗാൾ സ്വദേശിയിൽനിന്ന് ഒരുകിലോയിലേറെ വരുന്ന സ്വർണക്കട്ടി കവർന്ന കേസിൽ മൂന്ന് പ്രതികൾകൂടി അറസ്റ്റിൽ. തല​ശ്ശേരി സ്വദേശികളായ കോടിയേരി മാളുകണ്ടിൻറവിട ധനീഷ് (40), തൊട്ടോളി വീട്ടിൽ സുജനേഷ് (32), വാവാച്ചി മുക്ക് ശ്രീലക്ഷ്മി ക്വാർട്ടേഴ്സിൽ റോഷൻ ആർ. ബാബു (38) എന്നിവരെയാണ് കസബ പൊലീസ് ഇസ്പെക്ടർ എൻ. പ്രജീഷ് അറസ്റ്റ് ചെയ്തത്. ഒന്നര പതിറ്റാണ്ടായി കോഴിക്കോട്ട്​ സ്വർണാഭരണ നിർമാണരംഗത്ത്​ പ്രവർത്തിക്കുന്ന പശ്ചിമ ബംഗാൾ വർധമാൻ സ്വദേശി റംസാൻ അലിയിൽനിന്നാണ്​ സംഘം സ്വർണം കവർന്നത്​.

സെപ്റ്റംബർ 20ന്​ രാത്രി റെയിൽവേ സ്​റ്റേഷൻ ലിങ്ക് റോഡിലെ തന്‍റെ സ്വർണ ഉരുക്കുശാലയിൽനിന്ന് മാങ്കാവിലേക്ക് 1.2 കിലോഗ്രാം സ്വർണം ബൈക്കിൽ കൊണ്ടുപോകവെയായിരുന്നു കവർച്ച. നാല്​ ബൈക്കുകളിലെത്തിയ എട്ടംഗ സംഘം കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് റംസാൻ അലിയെ ആക്രമിച്ചാണ്​ സ്വർണം കവർന്നത്​. സംഭവശേഷം ഒളിവിൽ കഴിഞ്ഞ പ്രതികൾ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചെങ്കിലും പൊലീസ്​ റിപ്പോർട്ട് പരിഗണിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥന്​ മുമ്പാകെ കീഴടങ്ങാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന്​ കസബ സ്​റ്റേഷനിലെത്തിയപ്പോഴാണ്​ അറസ്റ്റ്​ രേഖപ്പെടുത്തിയത്​.

തെളിവുകളൊന്നും അവശേഷിപ്പിക്കാതെ തന്ത്രപരമായി നടന്ന കവർച്ചക്കു പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന്​ സൂചന ലഭിച്ചതാണ്​ അന്വേഷണത്തിൽ വഴിത്തിരിവായത്​. ക്വട്ടേഷൻ സംഘത്തിന് സിംകാർഡുകൾ എടുത്തു നൽകിയ മൂട്ടോളി സ്വദേശി ലത്തീഷിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്​തതോടെ നിർണായ വിവരങ്ങൾ ലഭിച്ചു. ഇതര സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെട്ടെങ്കിലും പിന്നീട്, കേരളത്തിലേക്ക് തിരിച്ചുവന്ന ചില പ്രതികളെ പൊലീസ് പൂളാടിക്കുന്നിൽനിന്ന്​ പിടികൂടിയിരുന്നു. ഇവരിൽനിന്ന്​ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ക്വട്ടേഷൻ സംഘത്തിലെ മുഖ്യപ്രതി കോട്ടൂളി പൈപ്പ് ലൈൻ റോഡിലെ എൻ.പി. ഷിബിയെ പിന്നീട്​ പിടികൂടി.

ചേളന്നൂർ എട്ടേരണ്ടിൽ വാടകക്ക് താമസിച്ച ക്വട്ടേഷൻ സംഘത്തലവൻ ഷൈസിത്താണ്​ ഷിബിയോടും സംഘത്തോടുമൊപ്പം സ്വർണ കവർച്ചക്ക് പദ്ധതി തയാറാക്കിയത്​. ഇയാൾ പിന്നീട്​ കോടതിയിൽ കീഴടങ്ങി. കവർന്ന സ്വർണത്തിന്‍റെ ഒരുഭാഗം വിറ്റു കൊടുക്കുകയും പ്രതികൾക്ക്​ കർണാടകയിൽ ഒളിത്താവളം ഒരുക്കുകയും ചെയ്​ത നിജീഷ് പിന്നീട്​ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന്​ പിടിയിലായി. റിഹേഴ്സലിനുശേഷമാണ്​ പ്രതികൾ കവർച്ച നടത്തിയതെന്നും​ കവർന്ന സ്വർണത്തിന്‍റെ ഒരുഭാഗം പിടിച്ചെടുത്തതായും ​അന്വേഷണത്തിന്​ മേൽനോട്ടം വഹിക്കുന്ന ടൗൺ അസി. കമീഷണർ പി. ബിജുരാജ് പറഞ്ഞു. 

Tags:    
News Summary - Three more arrest for stealing gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.