അശ്വിൻ വർഗീസ്, മുഹമ്മദ് ഫാറൂക്ക്, യദുകൃഷ്ണൻ

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറി, വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്നു; 'ക്ലൈമാക്സിൽ' പ്രതികൾ തമ്മിൽ തല്ലി, ഇര ഓടി രക്ഷപ്പെട്ടു, മൂന്ന് പേർ പിടിയിൽ

ആലപ്പുഴ: ഹരിപ്പാട് യുവാവിനെ അക്രമിച്ച് സ്വർണവും പണവും കവർന്ന സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ചെറുതന ഇലഞ്ഞിക്കൽ യദുകൃഷ്ണൻ (27), വീയപുരം പായിപ്പാട് കടവിൽ മുഹമ്മദ് ഫാറൂക്ക് (27), ചെറുതന തെക്ക് വല്യത്ത് പുത്തൻപുരയിൽ അശ്വിൻ വർഗീസ് (38) എന്നിവരാണ് പിടിയിലായത്.

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽക്കയറിയശേഷം യുവാവിനെ കൂട്ടിക്കൊണ്ടുപോയി വീട്ടിൽ പൂട്ടിയിട്ട് ആക്രമിക്കുകയും രണ്ടരപ്പവന്റെ സ്വർണാഭരണങ്ങളും 15,000 രൂപയും കവരുകയുമായിരുന്നു. കരുവാറ്റയിലെ ഡ്രൈവിങ് പരിശീലകൻ വിഷ്ണുവാണ് കവർച്ചക്കിരയായത്.

ജോലികഴിഞ്ഞ് ബൈക്കിൽ മടങ്ങിയ വിഷ്ണുവിനെ ഡാണാപ്പടി ഭാഗത്തുവെച്ച് യദുകൃഷ്ണൻ കൈകാണിച്ചു. അടുത്ത ജങ്ഷനിലിറക്കാമോയെന്നുചോദിച്ച് ബൈക്കിൽക്കയറിയ ഇയാൾ പിന്നീട് വീട്ടിലേക്കു വിടാമോയെന്നു ചോദിച്ചു. യദുകൃഷ്ണനെ കണ്ടുപരിചയമുള്ളതിനാൽ വിഷ്ണു കരുവാറ്റ മങ്കുഴിയിലുള്ള ഇയാളുടെ വീട്ടിലെത്തിച്ചു.

തുടർന്ന്, വീട്ടിൽക്കയറാൻ നിർബന്ധിച്ചശേഷം മുറിയിൽപൂട്ടിയിട്ട് മറ്റുപ്രതികളും കൂടിച്ചേർന്ന് മർദിക്കുകയും മെബൈൽഫോണും ബൈക്കിന്റെ താക്കോലും പിടിച്ച് വെച്ച് രണ്ടുപവന്റെ സ്വർണമാലയും അരപ്പവന്റെ കൈ ചെയ്നും തട്ടിയെടുത്തു. ഗൂഗ്ൾ പേ വഴി 15000 രൂപയും തട്ടി.

രാത്രി പ്രതികൾ തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ പ്രതികളിലൊരാളായ അശ്വിൻ വർഗീസ് ഓടിപ്പോയി. ഇയാളെ പിടികൂടാൻ കൂട്ടുപ്രതികൾ പുറത്തേക്കു പോയപ്പോഴാണ് താൻ രക്ഷപ്പെട്ടതെന്നാണ് വിഷ്ണു പോലീസിനു മൊഴിനൽകിയത്. വിഷ്ണു വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രതികളിലൊരാളുടെ കരുവാറ്റയിലെ വീട്ടിൽ തന്നെ ആക്രമിക്കുമ്പോൾ മറ്റു രണ്ട്‌ ചെറുപ്പക്കാരെ നഗ്നരാക്കി മുറിയിൽപൂട്ടിയിട്ടിരുന്നതായി വിഷ്ണു മൊഴിനൽകിയിട്ടുണ്ട്. ഇവരെയും തന്നെപ്പോലെ അവിടെയെത്തിച്ചതാകാമെന്നാണ് വിഷ്ണു പൊലീസിനോട് പറഞ്ഞത്. 

Tags:    
News Summary - Three arrested for assaulting young man and robbing him of gold and cash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.