29 അടി ഉയരമുള്ള മൊബൈൽ ടവർ കാണാനില്ല; മോഷണം കമ്പനിയറിഞ്ഞത് മാസങ്ങൾക്ക് ശേഷം

പട്ന: വ്യത്യസ്തമായ മോഷണങ്ങൾക്ക് പേരുക്കേട്ട സംസ്ഥാനമാണ് ബിഹാർ. 60 അടി നീളമുള്ള പാലം, ട്രെയിൻ എഞ്ചിൻ, ടാങ്കർ ട്രെയിനിൽ നിന്ന് എണ്ണ ഇവയെല്ലാം മോഷ്ടിക്കുന്ന വാർത്തകൾക്ക് പിന്നാലെയാണ് 29 അടി ഉയരമുള്ള മൊബൈൽ ടവർ കാണാനില്ലെന്ന പരാതിയിൽ പൊലിസ് കേസെടുത്തിരിക്കുന്നത്.

പട്‌നയിൽ സംഭവം നടന്ന് മാസങ്ങൾക്ക് ശേഷമാണ് കമ്പനി പോലും കാര്യം അറിയുന്നത്. 5ജി സേവനങ്ങൾ ആരംഭിക്കുന്നതിനായി മൊബൈൽ ടവറുകളിൽ സർവേ നടത്തുന്നതിനിടെയാണ് മോഷണ വിവരം പുറത്ത് വരുന്നത്. നാലുനില കെട്ടിടത്തിന്റെ മേൽക്കൂരയിലാണ് ട്രാൻസ്മിഷൻ സിഗ്‌നൽ ഉപകരണങ്ങളുള്ള ടവർ സ്ഥാപിച്ചിരുന്നത്. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഉപകരണങ്ങളാണ് കവർന്നതെന്ന് പൊലീസ് പറഞ്ഞു.

2006ലാണ് പ്രദേശത്ത് ആദ്യമായി എയർസെൽ കമ്പനിയുടെ ടവർ സ്ഥാപിക്കുന്നത്. പിന്നീട് 2017ൽ ജി.ടി.എൽ കമ്പനിക്ക് ടവർ വിറ്റിരുന്നു. ടവർ പ്രവർത്തിക്കാത്തതിനാൽ കുറച്ച് മാസങ്ങളായി കെട്ടിടത്തിന്‍റെ വാടക കമ്പനി നൽകിയിരുന്നില്ല. എന്നാൽ നാല് മാസം മുമ്പ് ഒരു സംഘം ആളുകൾ വന്ന് ടവർ പൊളിച്ചുമാറ്റിയതായി കെട്ടിട ഉടമസ്ഥൻ പറയുമ്പോഴാണ് കമ്പനിയും കാര്യമറിയുന്നത്. ടവറിന് സാങ്കേതിക തകരാർ ഉണ്ടെന്നും പുതിയത് ഉടൻ സ്ഥാപിക്കുമെന്നും പറഞ്ഞായിരുന്നു മോഷണം. എന്നാൽ, തങ്ങളുടെ ജീവനക്കാർ ടവർ നീക്കം ചെയ്തിട്ടില്ലെന്ന് കമ്പനിയും ഉറപ്പിച്ചു പറയുന്നു.

2022 ആഗസ്റ്റിലായിരുന്നു ടവറുകളുടെ സർവെ അവസാനമായി നടന്നത്. അന്നത്തെ സർവെയിൽ ഈ ടവർ രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് ജനുവരി 16ന് ടവർ കാണാനില്ലെന്ന് കാണിച്ച് ജിടിഎൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഏരിയ മാനേജർ മുഹമ്മദ് ഷാനവാസ് അൻവർ പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - Thieves posing as telecom workers steal 29-feet-tall mobile tower in Patna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.