നായാട്ടിന് പോയ മൂന്നംഗ സംഘത്തിലെ യുവാവ് വെടിയേറ്റ് മരിച്ചു

കോട്ടക്കൽ: നായാട്ടിന് പോയ മൂന്നംഗ സംഘത്തിലെ യുവാവ് വെടിയേറ്റ് മരിച്ചു. പൊന്മള ഗ്രാമപഞ്ചായത്തിലെ ചേങ്ങോട്ടൂർ ആക്കപ്പറമ്പ് സ്വദേശി കണക്കയിൽ അലവിയുടെ മകൻ ഷാനു എന്ന ഇൻഷാദാണ് (27) മരിച്ചത്. ഷാനുവിനൊപ്പമുണ്ടായിരുന്ന സുനീഷ്, അക്ബര്‍ അലി എന്നിവര്‍ക്കുവേണ്ടി കോട്ടക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നോടെ ചട്ടിപ്പറമ്പ് ചേങ്ങോട്ടൂർ പാതയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സംഭവം. പ്രധാനപാതയിൽനിന്ന് ഏറെ അകലെയുള്ള പ്രദേശം കാടുമൂടിക്കിടക്കുകയാണ്. വയറ്റില്‍ വെടിയേറ്റ് ഗുരുതര പരിക്കേറ്റ ഷാനുവിനെ റോഡിലെത്തിച്ച സനീഷും അക്ബര്‍ അലിയും ഇതുവഴി വന്ന കാറിൽ ആദ്യം മലപ്പുറത്തും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോയ കാർ ഡ്രൈവറിൽനിന്ന് പൊലീസ് വിവരങ്ങൾ തേടി.

ലൈസന്‍സില്ലാത്ത തോക്കിൽനിന്നാണ് വെടിയേറ്റത്. ഇതാരുടെ കൈവശമുള്ളതാണെന്ന് വ്യക്തത ലഭിച്ചിട്ടില്ല. തോക്ക് സംഭവസ്ഥലത്ത് സൂക്ഷിച്ചിരിക്കുകയാണ്. രാത്രിയിൽ കാട്ടുപന്നിയുടെ ശല്യം ഏറെയുള്ള പ്രദേശമാണിത്. പകൽ സമയത്ത് മൂന്നംഗ സംഘം വേട്ടക്കിറങ്ങിയതിൽ ദുരൂഹതയുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്. മരിച്ച ഷാനു ഫർണിച്ചർ ശാലയിലെ ഡ്രൈവറാണ്.

കൊലപാതക കുറ്റമാണ് കൂടെയുണ്ടായിരുന്നവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് സ്‌റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി 'മാധ്യമ'ത്തോട് പറഞ്ഞു. എ.എസ്.പി ഷാഹുൽ ഹമീദ്, മലപ്പുറം ഡിവൈ.എസ്.പി പ്രദീപ് എന്നിവർ സ്ഥലം സന്ദർശിച്ചു. തിങ്കളാഴ്ച രാവിലെ ഫോറൻസിക്, വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിക്കും. പെരിന്തൽമണ്ണ എം.ഇ.എസ് ആശുപത്രിയിലാണ് മൃതദേഹം. ഷാനുവിന്‍റെ മാതാവ് റഹ്മത്ത്. സഹോദരങ്ങൾ: ഇർഷാദ്, ആഷിഖ്, ഇർഫാന.

Tags:    
News Summary - The young man was shot dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.