എൽസി

ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

പാലക്കാട്: കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക്​ ശ്രമിച്ചു. ഒടുകിൻചോട് കൊച്ചുപറമ്പിൽ എൽസിയാണ്​ (58) കൊല്ലപ്പെട്ടത്. തുടർന്ന്​ ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് വർഗീസിനെ (അപ്പച്ചൻ) പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇയാൾ അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. കാരണമെന്തെന്ന്​ വ്യക്തമല്ല. കുടുംബവഴക്ക്​ കൊലപാതകത്തിൽ കലാശിച്ചതായാണ്​ പൊലീസ്​ നിഗമനം. വർഗീസും ഭാര്യ എൽസിയും തമ്മിൽ പ്രശ്നമുള്ളതായി അറിയില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. പൊലീസ് എത്തിയ ശേഷമാണ് അയൽവാസികൾ വിവരമറിയുന്നത്. കൊലപാതക ശേഷം വർഗീസ് തന്നെയാണ് പൊലീസിലറിയിച്ചത്.

പൊലീസ് എത്തിയപ്പോൾ അടുക്കളയിലെ കഴുക്കോലിൽ തൂങ്ങിപ്പിടയുന്ന വർഗീസിനെയാണ്​ കണ്ടത്​. ഇയാളെ ആശുപത്രിയിലേക്ക്​ മാറ്റുന്നതിനിടെയാണ്​ കിടപ്പുമുറിയിൽ കട്ടിലിനുതാഴെ എൽസിയുടെ മൃതദേഹം കണ്ടെത്തിയത്​. വീടിന്‍റെ ഹാളിൽ കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്താണ് കൊലപാതകമെന്നാണ്​ പ്രാഥമിക നിഗമനം. ശരീരത്തിൽ മറ്റെവിടെയും മുറിവുകളില്ല. കത്തി ഹാളിൽ കിടന്നിരുന്നു.

വർഗീസിന്‍റെ മൊഴിയെടുത്താൽ മാത്രമേ കൊലപാതക കാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടക്കുമ്പോൾ ഇവരുടെ വീടിന് മുന്നിൽ ഫർണിച്ചർ നിർമാണ ജോലി നടന്നിരുന്നു. എന്നാൽ, മോട്ടോറിന്‍റെ ശബ്ദം മൂലം അകത്ത് നടന്ന സംഭവങ്ങളറിഞ്ഞില്ലെന്നാണ്​ ആശാരിമാരുടെ ​മൊഴി. വർഗീസിനും എൽസിക്കും രണ്ട്​ മക്കളാണുള്ളത്. രണ്ടുപേരും സ്ഥലത്തുണ്ടായിരുന്നില്ല.

ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. അശോകൻ, വടക്കഞ്ചേരി സി.ഐ എം. മഹേന്ദ്രസിംഹൻ, എസ്.ഐ കെ.വി. സുധീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക് വിദഗ്​ധരും പരിശോധന നടത്തി. എൽസിയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി. വർഗീസിനെതിരെ കൊലപാതകത്തിന് കേസെടുത്തു.

Tags:    
News Summary - The husband tried to commit suicide by beheading his wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.