അക്രമികളുടെ മർദനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബസ് ഡ്രൈവർ ബഷീർ
കോട്ടക്കൽ: സ്വകാര്യബസ് തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച എട്ടംഗ സംഘം ഡ്രൈവറെ ക്രൂരമായി മർദിച്ചു. വലതുകണ്ണിന് താഴെ ഗുരുതര പരിക്കേറ്റ പുതുപ്പറമ്പ് സ്വദേശി എ.പി. ബഷീർ (47) കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ ചികിത്സയിലാണ്. വേങ്ങരയിൽനിന്ന് പുതുപ്പറമ്പ് വഴി കോട്ടക്കലിലേക്ക് വരുകയായിരുന്ന എ.പി.പി ബസ് ഡ്രൈവറെ വിദ്യാർഥികളടക്കമുള്ള യാത്രക്കാരുടെ മുന്നിൽ മർദിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം.
വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കാറിലും ബൈക്കിലുമെത്തിയ സംഘമാണ് ബസ് തടഞ്ഞത്. പുതുപ്പറമ്പ് കാരാട്ടങ്ങാടിയിൽ ബസിൽനിന്ന് വലിച്ചിട്ട് അക്രമിക്കുകയായിരുന്നുവെന്നും കത്തിയും വടികളും ഉപയോഗിച്ചായിരുന്നു മർദനമെന്നും ബഷീർ പറഞ്ഞു. ഭയചകിതരായ യാത്രക്കാർ ബസിൽനിന്ന് ഇറങ്ങി ഓടി. അക്രമിസംഘം പോയതിന് പിന്നാലെ നാട്ടുകാരും മറ്റു യാത്രക്കാരും ചേർന്നാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ അക്രമികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ഉടമകളും തൊഴിലാളികളും ആവശ്യപ്പെട്ടു. അക്രമത്തിനിരയായ ഡ്രൈവറെ തൊഴിലാളികളും സംഘടന നേതാക്കളും സന്ദർശിച്ചു. പരാതിയിൽ മൊഴിയെടുത്ത കോട്ടക്കൽ പൊലീസ് അന്വേഷണമാരംഭിച്ചു. ബസ് തടഞ്ഞിട്ട കാർ കേന്ദ്രീകരിച്ചാണ് നടപടികൾ പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.