പ്രതി പ്രവീണും കൊല്ലപ്പെട്ട ഗായത്രിയും
തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടലിൽ യുവതിയെ ഷാൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
കാട്ടാക്കട വീരണകാവ്, അരുവിക്കുഴി, മുരിക്കത്തറതല വീട്ടിൽ ഗായത്രിയെ (25) കൊലപ്പെടുത്തിയ കേസിൽ കൊല്ലം, പരവൂർ, കോട്ടപ്പുറം, പുതിയിടം ക്ഷേത്രത്തിന് സമീപം ചമ്പാൻതൊടി വീട്ടിൽ പ്രവീണിനെയാണ് (30) തിരുവനന്തപുരം അഞ്ചാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജ് സിജു ഷെയ്ക്ക് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരമാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. പിഴ സംഖ്യ ഗായത്രിയുടെ മാതാവിന് നൽകാനും പിഴ ഒടുക്കാത്തപക്ഷം ഒരുവർഷം കൂടി അധിക തടവ് അനുഭവിക്കുന്നതിനും കോടതി ഉത്തരവായി.
2022 മാർച്ച് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീൺ ഗായത്രിയുമായി പ്രണയത്തിലായിരുന്നു. ഗായത്രിയുടെ നിർബന്ധപ്രകാരം ഒരുപള്ളിയിൽ ഇയാൾ താലിചാർത്തുകയും ചെയ്തിരുന്നു. താലി കെട്ടിയതടക്കം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഗായത്രി സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടതാണ് പ്രവീണിനെ പ്രകോപിപ്പിച്ചത്. തുടർന്ന് തമ്പാനൂരിലെ ഹോട്ടലിലെത്തിച്ച് ഒരുമിച്ച് മരിക്കാമെന്ന് പ്രവീൺ ഗായത്രിയെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം കഴുത്തിൽ കുരുക്കിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ പൂർണമായും സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഹോട്ടൽ മുറിയിൽനിന്ന് ശേഖരിച്ച വിരലടയാളങ്ങൾ പ്രവീണിൽനിന്ന് ശേഖരിച്ച വിരലടയാളങ്ങളുമായി നടത്തിയ ശാസ്ത്രീയ താരതമ്യ പരിശോധനയിൽ ഒന്നാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു.
ഗായത്രിയുടെ കഴുത്തിലെ മുറിവുകൾ ഒരിക്കലും ആത്മഹത്യയുടെ ഭാഗമായി ഉണ്ടാകില്ലെന്ന പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും കേസിൽ നിർണായകമായി. കേസിൽ 48 സാക്ഷികളെ വിസ്തരിക്കുകയും 64 രേഖകളും 28 തൊണ്ടി സാധനങ്ങളും തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കുകയും ചെയ്തു.
സാഹചര്യ തെളിവുകളെ മാത്രം അടിസ്ഥാനമാക്കി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കേസായതിനാൽ വധശിക്ഷ നൽകണം എന്ന വിധത്തിലുള്ള വാദം പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നില്ല. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ്. രാജേഷ്, അഭിഭാഷകരായ എ. ബീനാകുമാരി, സെബിൻ തോമസ്, എം.എസ്. ലക്ഷ്മി എന്നിവർ കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.