വിദ്യാർഥിനി മരിച്ച സംഭവം: ദുരൂഹതയാരോപിച്ച് പെൺകുട്ടിയുടെ അമ്മ

കൊച്ചി: കാലടി ശബരി റെയിൽവേ പാലത്തിന് അടിയിൽനിന്നും കോളജ് വിദ്യാർഥിനിയെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് പെൺകുട്ടിയുടെ അമ്മ. ഈ മാസം 20ന് കാലടി ശബരി റെയിൽവെ പാലത്തിനടിയിൽ പെരുമ്പാവൂർ കൂവപ്പടി ഇളമ്പകപ്പിള്ളി പനമടത്ത് വീട്ടിൽ ബിജു-ബിന്ദു ദമ്പതികളുടെ മകൾ അഞ്ജനയെ (22) കണ്ടെത്തിയിരുന്നു. തുടർന്ന് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.

എന്നാൽ, മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ആൺസുഹൃത്തിനു പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബിന്ദു ജില്ല പൊലീസ് മേധാവിക്കും പെരുമ്പാവൂർ പൊലീസിനും പരാതി നൽകി. മകളുടെ ഫോൺ കണ്ടെത്താനായിട്ടില്ല. ഇത് ലഭിച്ചാൽ മരണ കാരണം വ്യക്തമാകുമെന്നും അമ്മ പറയുന്നു. പരാതി ലഭിച്ചതായി സ്ഥിരീകരിച്ച പൊലീസ് ഇക്കാര്യങ്ങളിൽ അന്വേഷണം നടന്നുവരികയാണെന്നും വ്യക്തമാക്കി.

റെയിൽവെ പാലത്തിന് താഴെ വെള്ളത്തിൽ അവശനിലയിൽ കണ്ട അഞ്ജനയെ നാട്ടുകാർ ആദ്യം കാലടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിലെ ചരിത്ര വിദ്യാർഥിയായിരുന്നു അഞ്ജന. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ പറയുന്നു. കേരള സർവകലാശാലയിൽനിന്ന് ആർക്കിയോളജിയിൽ പി.ജിയെടുത്ത് ആർക്കിയോളജിസ്റ്റാവാൻ ആഗ്രഹിച്ചതാണ്. മരിക്കുന്നതിന്റെ തലേന്ന് അഞ്ജനയുടെ ചേച്ചിയുടെ പിറന്നാളായിരുന്നു. ഇതും ആഘോഷിച്ച്, രാത്രിയിലും രാവിലെ എട്ടുവരെയും ഇരുന്ന് പഠിച്ച ശേഷം പരീക്ഷക്ക് പോയ മകൾ എങ്ങനെ രണ്ടു മണിക്കൂറിന് ശേഷം ആത്മഹത്യ ചെയ്യുമെന്ന് ബിന്ദു ചോദിക്കുന്നു.

മുത്തശിക്കൊപ്പം രാവിലെ 8.45ന് വീട്ടിൽ നിന്നിറങ്ങി 9.15ന് മുത്തശിയെ പെരുമ്പാവൂരിൽനിന്ന് അഞ്ജനയാണ് ബസ് കയറ്റിവിട്ടത്. ഇതിനിടയിൽ അമ്മായിയോടും സംസാരിച്ചിരുന്നു. 9.45ന് അവിടെനിന്ന് ബസ് കയറിയ അഞ്ജന മരിച്ചതായി 10.30ന് മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ഇതിനിടയിൽ എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നാണ് അഞ്ജനയുടെ അമ്മയുടെ ആവശ്യം. ഒരു യുവാവുമായി മകൾക്ക് അടുപ്പമുണ്ടായിരുന്നെന്ന് അഞ്ജനയുടെ സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്. എന്നാൽ ആ ബന്ധം അവസാനിപ്പിക്കുകയാണെന്നും ഇക്കാര്യം യുവാവിനോട് പറയുമെന്നും അഞ്ജന പറഞ്ഞിരുന്നതായി സുഹൃത്ത് തന്നോട് വെളിപ്പെടുത്തിയിരുന്നു.

എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചു പോയ തന്റെ സഹോദരന്റെ മകനോടും സുഹൃത്തിനോടും അവിടെയുണ്ടായിരുന്നവർ പറഞ്ഞത്, അഞ്ജനക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നു എന്നാണ്. ആ പാലത്തിന്റെ അവിടെ ടണൽ പോലെയുണ്ട്. അതിലെ ഒരു ടണലിന്റെ അടിയിലാണ് അഞ്ജന വീണു കിടന്നിരുന്നത്. ഈ സമയത്ത് സ്ഥലത്തുനിന്ന് ആരോ ഓടിപ്പോയതായി കേട്ടെന്ന് ചിലർ പറഞ്ഞിരുന്നു. ഒപ്പം, താഴേക്ക് വീഴുമ്പോഴുള്ള നിലവിളി ശബ്ദവും കേട്ടെന്ന് അവിടെയുണ്ടായിരുന്ന സ്ത്രീ പറഞ്ഞിരുന്നു. ആത്മഹത്യ ചെയ്യാൻ ചാടുമ്പോൾ ആരും നിലവിളിക്കില്ലല്ലോ എന്നും ബിന്ദു പറഞ്ഞു.

അഞ്ജനയുടെ ഫോൺ വീണ്ടെടുക്കണമെന്നും ഇത് ലഭിച്ചാൽ മരണകാരണം അറിയാനാകുമെന്നും ബിന്ദു പറയുന്നു. ബന്ധം അവസാനിപ്പിക്കുകയാണെന്ന് പറയാൻ ചെന്ന അഞ്ജനയെ തള്ളിത്താഴെയിട്ടതാണോ എന്ന സംശയവും അവർ പങ്കുവെച്ചു. അമ്മയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുള്ള സാഹചര്യത്തിൽ ഇക്കാര്യങ്ങൾ അന്വേഷണ പരിധിയിലുണ്ടെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Student's death: Girl's mother alleges mystery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.