തിരുവനന്തപുരം: ആസാം സ്വദേശിയായ അഞ്ച് വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി ചെറിയതുറ ഫിഷർമാൻ കോളനി പുതുവൽ പുത്തൻവീട്ടിൽ മുത്തപ്പനെ (35) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി 25 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചു. പിഴത്തുക ഇരയായ കുട്ടിക്ക് നൽകണം. പിഴത്തുക അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.
2017 ഏപ്രിൽ എട്ടിന് ഉച്ചക്ക് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിനടുത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ പ്രതി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടി കരഞ്ഞ് കൊണ്ട് അമ്മയോട് വിവരം പറഞ്ഞു. കുട്ടിയെ പരിശോധിച്ചപ്പോൾ പീഡനം നടന്നതായി അമ്മക്ക് മനസ്സിലായി. അന്നേ ദിവസം തന്നെ വലിയതുറ പൊലീസിൽ ഇവർ പരാതി നൽകി. പ്രതിയുടെ രക്ത സാമ്പിളുമായി നടത്തിയ ഡി.എൻ.എ പരിശോധനയിൽ ബീജം പ്രതിയുടേതാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞു. ആസാമിൽനിന്ന് നിർമാണ തൊഴിലിനാണ് കുടുംബം വലിയതുറയിൽ താമസത്തിനെത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ.എ.എൽ. കൃഷ്ണപ്രിയ ഹാജരായി. പ്രോസിക്യൂഷൻ പതിമൂന്ന് സാക്ഷികളെ വിസ്തരിച്ചു. പതിനേഴ് രേഖകൾ ഹാജരാക്കി.
പ്രതി റിമാൻഡിൽ കിടന്ന കാലാവധി കുറച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരായ കെ.ബി. മനോജ് കുമാർ, വി. ജയപ്രകാശ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.