കൊല്ലപ്പെട്ട ഫസൽ, പ്രതികളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ

ഫസലിനെ കൊന്നത് ആർ.എസ്.എസ് അല്ലെന്ന് സി.ബി.ഐ; സി.പി.എം നേതാക്കൾക്ക് പ​ങ്ക്​, സുബീഷിന്‍റെ ​മൊഴി പൊലീസ് പറയിപ്പിച്ചത്​

കൊച്ചി: തലശ്ശേരി ഫസൽ വധത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന ആരോപണം ശരിയല്ലെന്ന് സി.ബി.ഐ. കൊടി സുനിയും സംഘവുമാണ് കൊലപാതകത്തിന് പിന്നിൽ. സി.പി.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും വധത്തിൽ പങ്കുണ്ടെന്നും സി.ബി.ഐ പറയുന്നു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

സി.ബി.ഐ മുമ്പ് കണ്ടെത്തിയ എട്ടു പേരും പ്രതിസ്ഥാനത്താണ്. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ആദ്യ റിപ്പോർട്ട് ശരിയാണ്. ആർ.എസ്.എസ് ആണെന്ന സുബീഷിന്‍റെ വെളിപ്പെടുത്തൽ പൊലീസ് കസ്റ്റഡിയിൽവെച്ച് പറയിപ്പിച്ചതാണെന്നും തുടരന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

ഫസൽ വധക്കേസിൽ സഹോദരൻ നൽകിയ ഹരജിയിലാണ് പ്രത്യേക സി.ബി.ഐ സംഘം തുടരന്വേഷണം നടത്തണമെന്ന് ഹൈകോടതി ഉത്തരവിട്ടത്. 2006 ഒക്ടോബർ 22ന് പുലർച്ചെയാണ് തലശ്ശേരി സെയ്ദാർപള്ളിക്ക് സമീപം എൻ.ഡി.എഫ് പ്രവർത്തകനായ ഫസൽ കൊല്ലപ്പെട്ടത്. ഇതിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകനായ സുബീഷ് എന്ന കുപ്പി സുബീഷ് വെളിപ്പെടുത്തിയിരുന്നു. കൂട്ടുപ്രതിയായിരുന്ന ഷിനോജും ഇക്കാര്യം സമ്മതിച്ചെന്നും ഹരജിക്കാരൻ ആരോപിച്ചിരുന്നു.

കൂത്തുപറമ്പ് സ്വദേശി മോഹനനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായപ്പോഴാണ് സുബീഷ് കുറ്റസമ്മതം നടത്തിയത്. പിന്നീട് സുബീഷ് മൊഴി മാറ്റി. സമ്മർദം മൂലമാണ് സുബീഷ് മൊഴിമാറ്റിയതെന്ന ആരോപണം ഉയർന്നു. സുബീഷിന്‍റെ ആദ്യ മൊഴിയുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തണമെന്നാണ് ഹൈകോടതി ഉത്തരവിട്ടത്.

2012 ജൂൺ 12ന് പ്രത്യേക സി.ബി.ഐ സംഘം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഈ കുറ്റപത്രം പ്രകാരം കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കം എട്ടു പേർ കേസിൽ പ്രതികളാണ്.

Tags:    
News Summary - RSS not behind Fazal murder case; CBI probe into CPM leaders' involvement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.