ഭോപാൽ: ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കാണ് മധ്യപ്രദേശിലെ ഭോപാൽ അടുത്തിടെ സാക്ഷ്യം വഹിച്ചത്. ഉപേക്ഷിക്കപ്പെട്ട കാറിൽ 52 കിലോഗ്രാം സ്വർണവും 11 കോടി രൂപയും കണ്ടെത്തിയതാണ് വലിയ അഴിമതിയുടെ ചുരുളഴിച്ചത്. ആരാണ് ഇത്രയും സ്വർണവും പണവും കാറിൽ ഉപേക്ഷിച്ചത് എന്നതായിരുന്നു തുടക്കത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കിയ ചോദ്യം. അതിനിടെ, എട്ടുകോടി രൂപ പിടിച്ചെടുത്തിട്ടുണ്ടെന്ന് ലോകായുക്ത പറയുന്നതെങ്കിലും 55 ലക്ഷം രൂപ മാത്രമേ കണ്ടെടുത്തിട്ടുള്ളൂവെന്നാണ് കോടതി രേഖകളിലുള്ളത്. ഒരു ഉദ്യോഗസ്ഥനെതിരെ ആരംഭിച്ച അഴിമതി അന്വേഷണം ഇപ്പോൾ സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി), ആദായ നികുതി വകുപ്പ്(ഐ.ടി), റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് തുടങ്ങിയ വിവിധ ഏജൻസികൾ അന്വേഷണത്തിൽ ഭാഗവാക്കായി.
അന്വേഷണം സൗരഭ് ശർമയെന്ന ഗതാഗതവകുപ്പിലെ മുൻ കോൺസ്റ്റബിളിലേക്ക് എത്തി. സ്വർണവും പണവും കണ്ടെടുത്ത ഇന്നോവ കാർ ശർമയുടെ സഹായി ഛേതൻ സിങ് ഗൗറിന്റേതാണെന്നും പൊലീസ് കണ്ടെത്തി. ലോകായുക്ത ഉദ്യോഗസ്ഥർ വീട്ടിൽ റെയ്ഡ് നടത്തുന്നതിനിടെ ഇവർ കാറിൽ സ്വർണവും പണവുമായി കടന്നുകളയുകയായിരുന്നു. റെയ്ഡ് നടക്കുന്നതിനിടെ, സൗരഭ് ശർമയുടെ തന്നെ കുറച്ചകലെയുള്ള മറ്റൊരു വീട്ടിൽ സൂക്ഷിച്ച പണവും സ്വർണവുമാണ് കടത്തിയത്. സൗരഭ് ശര്‍മയുടെ വസതിയിലും ഓഫീസില്‍നിന്നുമായി എട്ടു കോടിയോളം രൂപയുടെ ആസ്തി ലോകായുക്തി പിടിച്ചെടുത്തിരുന്നു.
500മുതൽ 700കോടി രൂപയുടെ ആസ്തിയുണ്ട് ഇയാൾക്കെന്നാണ് ലോകായുക്തയുടെ കണ്ടെത്തൽ. സൗരഭ് ശര്‍മ ചെക്ക്‌പോസ്റ്റില്‍നിന്നും മറ്റുമാണ് ഇത്രയും തുകയുടെ ആസ്തി അനധികൃതമായി സമ്പാദിച്ചത്. ഭാര്യയുടെയും അമ്മയുടെയും പേരിലുള്ള നിരവധി ബിസിനസ്സ് സംരംഭങ്ങളിലേക്കും വസ്തുക്കള്‍ വാങ്ങിയുമാണ് ഇയാള്‍ ഈ പണം നിക്ഷേപിച്ചിരുന്നത്. മകന്റെ പേരിലും കമ്പനി സ്ഥാപിച്ചിട്ടുണ്ട്.
പിതാവിന്റെ മരണത്തോടെയാണ് സൗരഭിന് സർക്കാർ സർവീസിൽ ജോലി ലഭിച്ചത്. 15 വർഷത്തെ സേവനത്തിന് ശേഷം 2023 ഡിസംബറിൽ സ്വമേധയാ സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു. കാർ ഗൗറിന്റെതാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും സംഭവത്തിൽ ഒരു വിധ പങ്കുമില്ലെന്നാണ് കാറുടമ ആണയിടുന്നത്. നിലവിൽ സൗരഭ് ശർമയും ഛേതൻ കൗറും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
2024 ഡിസംബർ 19നാണ് ഭോപാലിലെ പ്രാന്തപ്രദേശത്തുള്ള മെൻഡോറി ഗ്രാമത്തിലെ കൃഷിയിടത്തിന് സമീപം കാർ കണ്ടെത്തിയത്. വൈകുന്നേരവും കാർ അവിടെ തന്നെ കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഇതു കണ്ടയാൾ പൊലീസിൽ വിവരമറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.