അറസ്റ്റിലായവർ
ബംഗളൂരു: കഴിഞ്ഞ തിങ്കളാഴ്ച ട്രെയിൻ നമ്പർ 06269 (മൈസൂരു - സർ എം. വിശ്വേശ്വരയ്യ ടെർമിനൽ (എസ്.എം.വി.ടി) ബംഗളൂരു പാസഞ്ചർ സ്പെഷൽ) നടന്ന കവർച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ നാലുപേരെ മൈസൂരു റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.മൈസൂരു സതഗള്ളി ബസ് ഡിപ്പോക്ക് സമീപം താമസിക്കുന്ന ഭരത്നഗർ സ്വദേശി ഷെയ്ഖ് ശുഐബ് (22), ഭരത്നഗർ രണ്ടാം അമൃത് ബിൽഡിങ്ങിലെ സാഹിൽ ഖാൻ (20), മൈസൂരു ശ്രീനഗർ രാജ്കുമാർ റോഡിൽ താമസക്കാരനായ മുഹമ്മദ് യാസിൻ (22) എന്നിവരും പ്രായപൂർത്തിയാകാത്തയാളുമാണ് അറസ്റ്റിലായത്.
ഒളിവിലുള്ള കവർച്ച സംഘത്തിലെ അഞ്ചാമനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.തിങ്കളാഴ്ച രാത്രി 11.30നും 11.55നുമിടയിൽ മദ്ദൂരിനും ചന്നപട്ടണക്കും ഇടയിൽ അഞ്ചുപേരടങ്ങുന്ന സംഘം കൊള്ളക്കാർതന്നെയും മറ്റു നാലു യാത്രക്കാരെയും കത്തികാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയതായി മാണ്ഡ്യ ജില്ലയിൽ മലവള്ളി താലൂക്കിലെ ടി. കഗേപുര സ്വദേശി കെ.എസ്. ചന്ദൻ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റെന്ന് റെയിൽവേ പൊലീസ് സൂപ്രണ്ട് ഓഫിസിൽനിന്നുള്ള പത്രക്കുറിപ്പിൽ പറഞ്ഞു.യാത്രക്കാർ ബംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് സംഘം പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ചത്. മൈസൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്ന് രാത്രി 10.40ന് ട്രെയിൻ പുറപ്പെട്ടു.
ആയുധധാരികളായ സംഘാംഗങ്ങൾ യാത്രക്കാർ ഉറങ്ങിക്കിടക്കുമ്പോൾ ചവിട്ടുകയും വിലപിടിപ്പുള്ള വസ്തുക്കളും മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തു എന്നാണ് പരാതി. തുടർന്ന് ചന്നപട്ടണ റെയിൽവേ സ്റ്റേഷനിൽ സംഘം ട്രെയിനിൽനിന്ന് ഇറങ്ങി മറ്റൊരു കമ്പാർട്ടുമെന്റിൽ കയറി. പിന്നീട് രാമനഗര റെയിൽവേ സ്റ്റേഷന് സമീപം ഓടുന്ന ട്രെയിനിൽനിന്ന് ചാടിയെന്നും പരാതിയിലുണ്ട്.
റെയിൽവേ എസ്.പി സൗമ്യലത, ഡിവൈ.എസ്.പി സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ വി. ചേതൻ, സബ് ഇൻസ്പെക്ടർമാരായ ബി.പി. രമേശ്, സിജി മഹേഷ്, പി. ശ്രീനിവാസ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ഒരു പ്രത്യേക സംഘം രൂപവത്കരിച്ചിരുന്നു. കൊള്ള നടന്ന് മൂന്നാം ദിവസംപ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ അന്വേഷണ സംഘം വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.