ഇരിങ്ങാലക്കുട: രാമകൃഷ്ണൻ വധക്കേസിൽ പ്രതി മണ്ണുത്തി നെട്ടിശ്ശേരി നെല്ലങ്കര കോളനി പ്ലാശ്ശേരി വീട്ടിൽ സെബാസ്റ്റ്യനെ (56) മനഃപൂർവമല്ലാത്ത നരഹത്യക്ക് ഏഴ് വർഷം തടവിനും 20,000 രൂപ പിഴക്കും ശിക്ഷിച്ചു. ഇരിങ്ങാലക്കുട അഡീഷണൽ ജില്ല സെഷൻസ് ജഡ്ജി കെ.എസ്. രാജീവാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ഒരു വർഷം അധിക തടവും അനുഭവിക്കണം.
2017 ജൂൺ 14നാണ് കേസിനാസ്പദമായ സംഭവം. തന്റെ ഭാര്യ കുളിക്കുന്നത് രാമകൃഷ്ണൻ എത്തി നോക്കിയതിനെ പ്രതി സെബാസ്റ്റ്യൻ ചോദ്യം ചെയ്തിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിലും അടിപിടിയിലും പ്രതിക്ക് പരിക്കേറ്റു. ഇതിന്റെ വിരോധത്താൽ രാത്രി ഒമ്പതിന് നെട്ടിശ്ശേരി നെല്ലങ്കര കോളനി മാങ്ങാട്ടുക്കര വീട്ടിൽ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് മനഃപൂർവമല്ലാത്ത നരഹത്യ നടത്തിയതായി കണ്ടെത്തിയത്.
മണ്ണുത്തി സബ് ഇൻസ്പെക്ടർ ആയിരുന്ന പി.എം. രതീഷ് രജിസ്റ്റർ ചെയ്ത കേസ് സി.ഐയായിരുന്ന കെ.കെ. സജീവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 25 സാക്ഷികളെ വിസ്തരിച്ചു.
ആറു രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഭിഭാഷകരായ ജിഷ ജോബി, എബിൻ ഗോപുരൻ, യാക്കൂബ് സുൽഫിക്കർ, മുസഫർ അഹമ്മദ് എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.