പൊലീസുകാർ തന്നെ കഞ്ചാവ് വിൽക്കുന്നു; ഒരു പൊലീസുകാരൻ അറസ്റ്റിൽ; മൂന്ന് പേർക്ക് സസ്‍പെൻഷൻ

ഗൂഡല്ലൂർ: ഊട്ടിക്ക് സമീപം കഞ്ചാവ് വിൽപന നടത്തിയതിന് ഒരു പൊലീസുകാരൻ അറസ്റ്റിൽ. മൂന്ന് പൊലീസുകാരെ  സസ്‌പെൻഡ്  ചെയ്തു. വയനാട് അതിർത്തിയിലെ എരുമാട് പൊലീസ് സ്റ്റേഷനിലെ അമരൻ എന്ന കോൺസ്റ്റബിളിനെയാണ് അറസ്റ്റ് ചെയ്തത്. തേനി പോലീസ് സ്റ്റേഷനിലെ ഗണേശൻ, ഊട്ടി ബിവൺ സ്റ്റേഷനിലെ വിവേക്, ചേരമ്പാടി സ്റ്റേഷനിലെ ഉടയാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞയാഴ്ച ഗൂഡല്ലൂരിൽ കഞ്ചാവ് വിൽപന നടത്തിയ ശരത്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എരുമാട് സ്റ്റേഷനിലെ കോൺസ്റ്റബിൾ അമരനാണ് കഞ്ചാവ് വിൽക്കാനായി നൽകിയതെന്ന് പ്രതി മൊഴി നൽകിയിരുന്നു. ജില്ല പൊലീസ് സൂപ്രണ്ട്  ആശിഷ് റാവത്ത് നേരിട്ട് ഇടപെട്ട് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അന്വേഷണത്തിലാണ് വേലിതന്നെ വിള തിന്നുന്നതായി കണ്ടെത്തിയത്.

ഗണേശന് കഞ്ചാവ് കച്ചവടക്കാരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീടാണ് തേനിയിൽ നിന്ന് ഗണേശൻ എരുമാടിലെത്തി സുഹൃത്തായ കോൺസ്റ്റബിൾ അമരനുമായി ചേർന്ന് വയനാട് ഭാഗത്തുനിന്ന് കഞ്ചാവ് എത്തിച്ച് വിൽപന നടത്തിവന്നത്.

വിവരം അറിഞ്ഞിട്ടും ഉന്നത അധികൃതരെ അറിയിക്കാത്തതിനാണ് വിവേകിനെയും ഉടയാറിനേയും സസ്പെൻഡ് ചെയ്തത്. ഗണേശൻ നേരത്തെ തന്നെ സസ്പെൻഷനിലാണ്. ​​ 'ഓപറേഷൻ ഗഞ്ച 2.0' പ്രകാരം തമിഴ്‌നാട് പൊലീസ് കഞ്ചാവ് വിൽപനക്കാരെ കണ്ടെത്തി പിടികൂടി വരുന്നതിനിടയിൽ നീലഗിരിയിൽ പൊലീസുകാർ തന്നെ കഞ്ചാവ് വില്പന നടത്തുന്നതായി കണ്ടെത്തിയത്.

Tags:    
News Summary - Policemen sell cannabis; A policeman arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.