മംഗളൂരു: കോട്ടേക്കർ സഹകരണ ബാങ്ക് ബി.സി റോഡ് ശാഖയിൽ നടന്ന കവർച്ചയുടെ സൂത്രധാരൻ കൈമാറിയ പിസ്റ്റൾ പൊലീസ് പിടിച്ചെടുത്തു. മുംബൈയിൽ താമസിക്കുന്ന പ്രധാന സൂത്രധാരൻ കർണാടക സ്വദേശി ശശി തേവർ മുഖ്യപ്രതി മുരുകാണ്ടിക്ക് നൽകിയ തോക്കാണിത്.
സംഭവസ്ഥലത്ത്നിന്ന് 200 മീറ്റർ അകലെ കുറ്റിക്കാട്ടിലായിരുന്നു ആയുധം കിടന്നത്. കവർച്ചയിൽ ശശി നേരിട്ട് പങ്കെടുക്കാത്തതിനാൽ ആയുധം ഉപയോഗിച്ചിരുന്നില്ല. കവർച്ചക്കാരുടെ അറസ്റ്റിനെത്തുടർന്ന് മുരുകാണ്ടിയാണ് തദ്ദേശീയനായ ഗൂഢാലോചനക്കാരനെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. ആറുമാസം മുമ്പ് രൂപം നൽകിയതാണ് കവർച്ച പദ്ധതി. അന്തിമരൂപം നൽകാൻ മുരുകാണ്ടിയുടെയും ശശി തേവരുടെയും സംഘം നവംബറിൽ ബാങ്കിന് സമീപത്തെ അജ്ജിനട്കയിലെത്തിയിരുന്നു. പിസ്റ്റൾ പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ് അജ്ജിനഡ്കയിലെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു.
ഒന്നിലധികം കവർച്ച കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ശശി തേവരാണ് ധാരാവിയിലെ കെ.സി റോഡ് കവർച്ചക്ക് മുരുകാണ്ടിയുടെ സംഘത്തിന് പരിശീലനം നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തമിഴ്നാട് ആസ്ഥാനമായുള്ള രണ്ട് കവർച്ചക്കാരെയും ഉത്തർപ്രദേശ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള മറ്റു മൂന്നുപേരെയും കവർച്ച നടപ്പാക്കാൻ മുരുകാണ്ടി അണിനിരത്തിയിരുന്നു.
തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് മോഷ്ടാക്കൾ ജയിലിലായി. ശേഷിക്കുന്നവർക്കും മുഖ്യ സൂത്രധാരനുമായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അറസ്റ്റിലായവരിൽ മുരുകാണ്ടിയുടെ പിതാവിനും സംഭവത്തിനിടെ വെടിയേറ്റ മറ്റൊരു പ്രതി കണ്ണനുമാണ് ജയിലിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.