പൊലീസ് പരിശോധനക്കിടെ കുക്കർ വിസിലടിച്ചു; തിളക്കുന്ന ചോറിൽ കഞ്ചാവ് കണ്ടെത്തി

തൃശ്ശൂർ: ഓപ്പറേഷൻ തുഫാനുമായി ബന്ധപ്പെട്ട പരിശോധനക്കിടെ തൃശ്ശൂരിൽനിന്ന് 400 ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) അറസ്റ്റ് ചെയ്തു. കുന്നംകുളം എസ്.ഐ രാകേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അടുപ്പൂട്ടിയിലെ പ്രതിയുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.

അടുക്കളയിൽ തിളച്ചുകൊണ്ടിരുന്ന കുക്കറിലെ ചോറിനിടയിലാണ് ലഹരി കണ്ടെത്തിയത്. വീടിന്റെ വിവിധ ഭാഗങ്ങൾ പരിശോധിക്കുന്നതിനിടയിൽ അടുക്കളയിൽനിന്ന് കുക്കർ വിസിലടിച്ചു. കഞ്ചാവിന്റെ രൂക്ഷമായ മണം അനുഭവപ്പെട്ടതോടെ അന്വേഷണ സംഘം അടുക്കളയിലെത്തി കുക്കർ തുറന്ന് പരിശോധിക്കുകയായിരുന്നു. തുടർന്ന്, അടുപ്പിൽ തിളച്ചിരുന്ന ചോറിനിടയിൽ ഒളിപ്പിച്ച കഞ്ചാവ് പൊതി കണ്ടെടുക്കുകയായിരുന്നു. 400 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു.

തുടരന്വേഷണത്തിൽ അറസ്റ്റിലായ ബിനീഷിനെതിരെ ഇതിന് മുമ്പ് രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസിന് വ്യക്തമായി. എക്സൈസ് ഇൻസ്പെക്ടറിനും സംഘത്തിനും നേരെ കത്തിവീശിയ സംഭവത്തിലെ പ്രതി കൂടിയാണ് ഇയാളെന്ന് പൊലീസ് സ്ഥിരീകരിച്ചു. ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പരിശോധന തുടരുമെന്നും പൊലീസ് പറഞ്ഞു.

അതേസമയം, ലഹരിക്കെതിരെ ഓപറേഷൻ തൂഫാനുമായി പൊലീസ് രംഗത്തിറങ്ങിയതോടെ വിവിധയിടങ്ങളിൽ ലഹരിയുമായി നിരവധി പേർ പിടിയിലായി. കുമളി സെൻട്രൽ ജങ്ഷനിൽ വാഹന പരിശോധനക്കിടെയാണ് 3.15 ഗ്രാം കഞ്ചാവുമായി കഞ്ഞിക്കുഴി സ്വദേശി ശ്രീരാഗ് ബിജു (22) പിടിയിലായത്. ചെങ്കരയിൽനിന്ന് 85 സെ.മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി. വണ്ടിപ്പെരിയാറിൽ ഇഞ്ചിക്കാട് ഭാഗത്ത് ആരോമലിന്റെ വീട്ടിൽനിന്ന് 2.6 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. 110 കിലോ പുകയില ഉൽപന്നങ്ങൾ തൃശൂർ നഗരത്തിൽനിന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡും എക്സൈസ് ഇന്റലിജൻസും ചേർന്ന് പിടികൂടി.

Tags:    
News Summary - Cooker whistled during police inspection; cannabis found in boiling rice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.