പാലക്കാട് ഇരട്ടക്കൊലപാതകം: രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകത്തിൽ അമ്മയുടെ സുഹൃത്ത് മാർട്ടിൻ ഇഗ്നേസിയസ് അറസ്റ്റിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളെ വെള്ളടാങ്കിൽ മുക്കിക്കൊന്ന കേസിൽ അമ്മ നിവേദ്യയുടെ സുഹൃത്ത് മാർട്ടിൻ ഇഗ്നേസിയസ് അറസ്റ്റിലായി. സംഭവത്തിൽ അമ്മ നിവേദ്യ നേരത്തെ അറസ്റ്റിലായിരുന്നു. കൊഴിഞ്ഞാമ്പാറ സ്വദേശി ജോൺ കുമാറിന്റെ മക്കളായ അഞ്ചു വയസ്സുകാരി ജനിഫർ ജൂലിയറ്റ്, മൂന്നു വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫർ എന്നിവരാണ് മരിച്ചത്. വീട്ടിനകത്തെ കുളിമുറിയിലെ സിമന്റ് വാട്ടർ ടാങ്കിനുള്ളിലാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്ന പൊലീസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണമെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. കൊലപാതക സമയം ഇയാൾ വീട്ടിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആരെങ്കിലും വീട്ടിലേക്ക് വരുന്നുണ്ടോയെന്ന് പരിശോധിച്ചതും ഇയാളാണെന്നും കണ്ടെത്തിയിട്ടുണ്ട്.

വെള്ളത്തൊട്ടിയിൽ വീണാൽ കുട്ടികൾ ബഹളം വെക്കുമായിരുന്നുവെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും സംശയവും കുട്ടികളുടെ പിതാവ് നൽകിയ പരാതിയുമാണ് പൊലീസ് അന്വേഷണം നിവേദ്യയിലേക്ക് തന്നെ തിരിക്കാൻ കാരണമായത്. ഒടുവിൽ പൊലീസിന്റെ ചോദ്യം ചെയ്യലിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ മോഡലിങ് ഭ്രമത്തിനായി സ്വന്തം ചോരയെ ഇല്ലാതാക്കിയ കഥ അവർക്ക് തുറന്നുപറയേണ്ടി വരികയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ മേനോൻപാറയിലെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ട് മാസം മുൻപാണ് വിറകുവെട്ട് തൊഴിലാളിയായ ജോൺ കുമാറും കുടുംബവും ഈ വാടകവീട്ടിലേക്ക് താമസം മാറിയത്. മക്കളെയോ വീട്ടുകാര്യങ്ങളോ ശ്രദ്ധിക്കാതെ എപ്പോഴും മൊബൈൽ ഫോണായിരുന്നു നിവേദ്യയുടെ ലോകമെന്ന് ഭർത്താവ് ജോൺ കുമാർ പൊലീസിന് മൊഴി നൽകി. എപ്പോഴും ആരോടൊക്കെയോ ഫോണിൽ സംസാരിക്കുന്നത് പതിവായിരുന്നുവെന്നും ആരോടായിരുന്നുവെന്ന് തനിക്ക് അറിയില്ലെന്നും വിതുമ്പലോടെ ജോൺ പറയുന്നു.

മോഡലിങ് പഠിക്കണമെന്നും സ്വതന്ത്രമായി ജീവിക്കണമെന്നുമുള്ള ചിന്തകൾ മനസ്സിൽ കൊണ്ടുനടന്ന നിവേദ്യ, ഇതിന് തടസ്സം നിൽക്കുന്നത് സ്വന്തം മക്കളാണെന്ന നിഗമനത്തിലാണ് എത്തിയത്. കുട്ടികളെ കാണാതായെന്ന് പറഞ്ഞ് കരഞ്ഞ് ഒച്ചവെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടിയത് ഈ ക്രൂരത മറച്ചുവെക്കാനായിരുന്നു. കുട്ടികൾ വെള്ളത്തൊട്ടിയിൽ മുങ്ങിമരിച്ചുവെന്ന് വരുത്തിതീർത്ത് പൊലീസിന്റെയും നാട്ടുകാരുടെയും കണ്ണുവെട്ടിക്കാമെന്നായിരുന്നു നിവേദ്യയുടെ കണക്കുകൂട്ടൽ.

Tags:    
News Summary - Palakkad Double Murder: Mother's Friend Martin Ignatius Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.