മുംബൈ: ലൗ ജിഹാദ് ആരോപിച്ച് 19 വയസ്സുള്ള മുസ്ലിം വിദ്യാർഥിയെ ആക്രമിച്ചവരെ പിടികൂടാൻ പൂനെ പൊലീസ് പ്രത്യേക സംഘത്തിന് രൂപം നൽകി. സാവിത്രി ഭായ് ഫുലെ സർവകലാശാല വിദ്യാർഥിയായ പത്തൊമ്പതുകാരനെ ഞായറാഴ്ച ലൗ ജിഹാദ് ആരോപിച്ച് അഞ്ചംഗ സംഘം മർദിക്കുകയായിരുന്നു.
യുവാവ് രണ്ട് പെൺകുട്ടികൾക്കൊപ്പം കാന്റീനിൽ നിന്നും ഭക്ഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം യുവാവിനടുത്തെത്തുകയും ആധാർ കാർഡ് ആവശ്യപ്പെടുകയുമായിരുന്നു. മുസ്ലിമാണെന്ന് മനസിലാക്കിയതോടെ യുവാവിനോട് കാമ്പസിലെത്തിയത് പഠിക്കാനാണോ ലവ് ജിഹാദിനാണോ എന്ന് ചോദിച്ചുവെന്നും മർദിച്ചുവെന്നുമാണ് റിപ്പോർട്ട്.
സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്തിയിട്ടുണ്ടെന്നും പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പൂനെ പൊലീസ് കമീഷണർ അമിതേഷ് കുമാർ അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർവകലാശാല ഒരു വസ്തുതാന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും വിദ്യാർഥികളെ സാമൂഹിക വിരുദ്ധർ ഭീഷണിപ്പെടുത്തുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ സ്ഥാപനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർവകലാശാല രജിസ്ട്രാർ വിജയ് ഖരെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.