പൊലീസിനു നേരെ പന്നിപ്പടക്കം എറിഞ്ഞു: ഉദ്യോഗസ്ഥർക്കും പരുക്ക്, ഗുണ്ടാസംഘത്തിലെ നാലുപേർ പിടിയിൽ

കോഴിക്കോട്: പെരുവയലിലെ വില്ലയിൽ ഒളിവിൽ താമസിച്ച ഗുണ്ടാസംഘത്തെ പിടിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം. നാലുപേരെ പൊലീസ് പിടികൂടി. പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷിക്കാനെത്തിയ പാലക്കാട് ഒറ്റപ്പാലത്തുനിന്നുള്ള പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.

മാവൂർ പെരുവയലിലെ വില്ലയിൽ ഒളിവിൽ താമസിച്ച ഗുണ്ടാസംഘത്തെ പിടികൂടാനാണ് ഒറ്റപ്പാലം പൊലീസ് എത്തിയത്. അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താമസസ്ഥലം വളഞ്ഞ് ഗുണ്ടാസംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ഇവർ പൊലീസിന് നേരെ പന്നിപ്പടക്കം എറിയുകയായിരുന്നു. പരുക്കേറ്റ് നാലു പൊലീസ് ഉദ്യോഗസ്ഥർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പരുക്കേറ്റ് ചികിത്സ തേടിയ പൊലീസുകാരെ കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ എ.പി. ഷൗക്കത്തലി സന്ദർശിച്ചു.

കുപ്രസിദ്ധ ഗുണ്ട മുഹമ്മദ് ഷമീർ (ആട് ഷമീർ), വിഷ്ണു സൽമാൻ, ജോമോൻ, ഡേവിഡ് അലക്സ് എന്നിവരാണ് പിടിയിലായത്. പ്രതികളിൽനിന്ന് രണ്ടു തോക്കും പിടിച്ചെടുത്തു. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടതായും സൂചനയുണ്ട്. പ്രതികളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കി മാവൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തും. തുടർന്ന് ഒറ്റപ്പാലത്ത് നിന്നെത്തിയ അന്വേഷണ സംഘത്തിന് ഇവരെ കൈമാറും. പിടിയിലായ ആട് ഷമീർ പൊലീസിനെ ആക്രമിച്ചത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. പ്രവാസി മലയാളികളെ തട്ടിക്കൊണ്ടു പോയതിനും സ്വർണം തട്ടിയെടുക്കൽ ഉൾപ്പെടെ മുപ്പതോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്.

കഴിഞ്ഞ ഡിസംബർ ആറിന് പാലക്കാട് ചാലിശ്ശേരിയിൽ വെച്ചാണ് കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ മലപ്പുറം വണ്ടൂർ പൂങ്ങോട് സ്വദേശിയായ പ്രവാസി വ്യവസായി വി.പി. മുഹമ്മദ് അലിയെ ഒരു സംഘം കാർ ആക്രമിച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയിരുന്നു. ജിദ്ദ നാഷനൽ ആശുപത്രി, റയാൻ മെഡിക്കൽ ഗ്രൂപ്പ് എന്നിവയുടെ എം.ഡിയായ മുഹമ്മദ് അലിയെ മോചിപ്പിക്കാൻ 70 കോടിയാണ് ക്വട്ടേഷൻ സംഘം ആവശ്യപ്പെട്ടത്. പാലക്കാട് ഒറ്റപ്പാലം കോതകുറിശ്ശിയിലെ രഹസ്യത്താവളത്തിൽ മുഹമ്മദ് അലിയെ എത്തിക്കുകയായിരുന്നു. അക്രമിസംഘം മദ്യലഹരിയിൽ മയങ്ങുന്നതിനിടെ രക്ഷപ്പെട്ട മുഹമ്മദ് അലിയെ പിന്നീട് നാട്ടുകാർ കണ്ടെത്തി പൊലീസിന് കൈമാറുകയായിരുന്നു.

ശരീരം മുഴുവൻ പരുക്കേറ്റ മുഹമ്മദ് അലി ദിവസങ്ങളോളം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുഹമ്മദ് അലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസ് ജനുവരി ഒമ്പതിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസിലാണ് അന്വേഷണം ആരംഭിച്ചത്. ഷൊർണൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളിലൊരാളെ ആദ്യം പിടികൂടി. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് മുഹമ്മദ് അലിയെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയത് പിതാവിന്റെ സഹോദരപുത്രൻ മലപ്പുറം പൂങ്ങോട് പീടിയേക്കൽ സിയാസ് (54) ആണെന്ന് പൊലീസ് കണ്ടെത്തി. നാല് ക്വട്ടേഷൻ സംഘങ്ങളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്നും പൊലീസ് കണ്ടെത്തി.

വിദേശത്തേക്ക് കടന്ന സിയാസ് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് നാട്ടിലെത്തിയപ്പോൾ പാലക്കാട് ജില്ല പൊലീസ് മേധാവി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മലപ്പുറം എടവണ്ണയിൽനിന്ന് പിടികൂടിയിരുന്നു. കേസിൽ സിയാസിന്റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. ഒരു കാലത്ത് മുഹമ്മദ് അലിയുടെ വിശ്വസ്തനും ബിസിനസ് നടത്തിപ്പുകാരനുമായിരുന്ന സിയാസിനെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതിന്റെ വൈരാഗ്യമാണു തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

സിയാസിന്റെ നിർദേശപ്രകാരം കാസർകോട് സ്വദേശി റഫീഖാണ് ഖത്തറിൽനിന്ന് ക്വട്ടേഷൻ സംഘങ്ങൾക്ക് നിർദേശം നൽകിയതെന്നും തെളിഞ്ഞിരുന്നു. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടികളിലാണ് പൊലീസ്. കേസിൽ മുഖ്യസൂത്രധാരനായ മലപ്പുറം പൂങ്ങോട് സ്വദേശി നിസാം ഉൾപ്പെടെ ഇരുപതോളം പേരെയാണ് പൊലീസ് ഇതുവരെ പിടികൂടിയത്. കുറ്റകൃത്യം ഏകോപിപ്പിച്ച മലപ്പുറം എടവണ്ണ കൊളപ്പാടൻ വീട്ടിൽ മുഹമ്മദ് നിസാം (35), പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച കോഴിക്കോട് കൊടുവള്ളി അകായിൽ വീട്ടിൽ അബ്ദുൽ മനാഫ് (46) എന്നിവരെ മേയിൽ പാലക്കാട് ഒറ്റപ്പാലത്ത് വെച്ച് പൊലീസ് പിടികൂടി.

Tags:    
News Summary - Firecrackers thrown at police: Police officers injured, four members of gang arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.